ഡി.എം.കെ അധ്യക്ഷനായി എം.കെ സ്റ്റാലിനെ തിരഞ്ഞെടുത്തു
ചെന്നൈ: തമിഴക രാഷ്ട്രീയത്തിലെ പ്രബല ശക്തികളിലൊന്നായ ഡി.എം.കെയുടെ അമരത്തേക്ക് ഇനി എം.കെ സ്റ്റാലിന്. എം. കരുണാനിധിയുടെ നിര്യാണത്തോടെ സ്റ്റാലിന് അധ്യക്ഷപ്പദവിയിലെത്തുമെന്ന് ഉറപ്പായിരുന്നെങ്കിലും ഇന്നലെ ചേര്‍ന്ന പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗമാണ് അദ്ദേഹത്തെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്.
കഴിഞ്ഞ 49 വര്‍ഷമായി കരുണാനിധി അധ്യക്ഷപ്പദവിയിലിരുന്ന പാര്‍ട്ടിയെ ഇനി നയിക്കുക സ്റ്റാലിനാണെന്ന് ഡി.എം.കെ വക്താവ് അറിയിച്ചു. പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണം സ്റ്റാലിന്റെ കൈകളിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അധ്യക്ഷ സ്ഥാനത്തേക്ക് സ്റ്റാലിന് ഒഴികെ മറ്റാരും പത്രിക നല്‍കിയിരുന്നില്ല. സ്റ്റാലിന് കൈകാര്യം ചെയ്തിരുന്ന ട്രഷറര്‍ സ്ഥാനത്ത് മുതിര്‍ന്ന നേതാവും പാര്‍ട്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ദുരൈ മുരുകനെ നിയമിച്ചു.
ഇന്നലെ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ 4,000 അംഗങ്ങള്‍ പങ്കെടുത്തു. കരുണാനിധിക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്ന നല്‍കണമെന്ന് ഡി.എം.കെ ആവശ്യപ്പെട്ടു. ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
കരുണാനിധിയുടെ മരണ വാര്‍ത്തയറിഞ്ഞ് 248 പാര്‍ട്ടി പ്രവര്‍ത്തകര്‍ മരിച്ചതായും നേതൃത്വം അറിയിച്ചു. ഇവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നല്കാന് തീരുമാനിച്ചതായും പാര്‍ട്ടി നേതൃത്വം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."