ശീതയുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ സൈനികാഭ്യാസവുമായി റഷ്യ
മോസ്‌കോ: ശീതയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക പരിശീലന പരിപാടിയുമായി റഷ്യ. മൂന്നു ലക്ഷം സൈനികര്‍ പങ്കെടുക്കുന്ന ഭീമന്‍ സൈനികാഭ്യാസം അടുത്ത മാസം നടക്കും. രാജ്യത്തിന്റെ സൈനികതന്ത്രങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പരിപാടിയില്‍ ചൈനയും മംഗോളിയയും പങ്കെടുക്കുന്നുണ്ട്.
റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗു ആണ് ഇക്കാര്യം പുറത്തുവിട്ടത്. മധ്യ, കിഴക്കന്‍ റഷ്യയില്‍ വച്ചാണു സൈനികാഭ്യാസം നടക്കുന്നത്. 'വോസ്‌തോക്-2018' എന്നാണു സൈനികാഭ്യാസത്തിനു പേരു നല്‍കിയിരിക്കുന്നത്. സോവിയറ്റ് യൂനിയന്‍ നിര്‍മിച്ച യുദ്ധവിമാനത്തിന്റെ പേരാണ് വോസ്‌തോക്. 1981ല്‍ നാറ്റോക്കെതിരായ സോവിയറ്റ് സൈനികതന്ത്രങ്ങളോട് ഉപമിച്ചാണു മന്ത്രി പുതിയ പരിപാടിയെ പരിചയപ്പെടുത്തിയത്. സെപ്റ്റംബര്‍ 11 മുതല്‍ 15 വരെയാണു സൈനികാഭ്യാസം. 36,000 സൈനിക ടാങ്കുകള്‍, ആയിരത്തിലേറെ യുദ്ധവിമാനങ്ങള്‍ എന്നിവയും അഭ്യാസത്തില്‍ പങ്കെടുക്കും.
സൈനികാഭ്യാസത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് സ്ഥിരീകരിച്ചു. റഷ്യക്കെതിരേ രാജ്യാന്തരതലത്തില്‍ നിലനില്‍ക്കുന്ന ആക്രമണോത്സുകവും സൗഹൃദപരമല്ലാത്തതുമായ സാഹചര്യത്തില്‍ കൂടിയാണു സൈനികാഭ്യാസം സംഘടിപ്പിക്കുന്നതെന്ന് പെസ്‌കോവ് വ്യക്തമാക്കി. അഭ്യാസത്തില്‍ ചൈനീസ് സൈന്യം പങ്കെടുക്കുന്നത് ഇരുരാജ്യങ്ങളും തമ്മില്‍ നല്ല സഹകരണത്തിലാണെന്നാണു തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യയും അമേരിക്കയടക്കമുള്ള നാറ്റോ കക്ഷികളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പുതിയ സാഹചര്യവും ശീതയുദ്ധകാലത്തെ അനുസ്മരിപ്പിക്കുന്നതാണ്. ഇതിനിടയിലാണു പുതിയ സൈനികാഭ്യാസമെന്നതും ശ്രദ്ധേയമാണ്. 2014ല്‍ ഉക്രൈനില്‍നിന്ന് ക്രീമിയയെ റഷ്യ പിടിച്ചെടുത്തതും കിഴക്കന്‍ ഉക്രൈനിലെ റഷ്യന്‍ അനുകൂല വിമതരെ പിന്താങ്ങുന്നതുമടക്കമുള്ള നടപടികളോട് കിഴക്കന്‍ യൂറോപ്പില്‍ സൈന്യത്തെ വിന്യസിച്ചാണ് നാറ്റോ പ്രതികരിച്ചത്. എന്നാല്‍, നാറ്റോയുടെ സൈനിക വിന്യാസം നീതീകരിക്കാനാകാത്തയും പ്രകോപനപരവുമാണെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."