വണ്ണപ്പുറം മേഖലയില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം
വണ്ണപ്പുറം: പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അനധികൃത മദ്യ വില്പനയും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും വര്‍ധിക്കുന്നതായി പരാതി.
ഈസ്റ്റര്‍, വിഷു വേളകളില്‍ വണ്ണപ്പുറം ടൗണിലും മറ്റും മദ്യവില്‍പ്പന തകൃതിയായി നടന്നിരുന്നു. വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 10 വരെയാണ് മദ്യ വില്‍പ്പന നടക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വണ്ണപ്പുറം പഞ്ചായത്തിലെ മുണ്ടന്‍മുടി ഭാഗത്ത് ഇരുചക്രവാഹനത്തില്‍ മദ്യവില്‍പ്പന നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഒരാളെ പിടികൂടിയിരുന്നു.
എന്നാല്‍ ചില രാഷ്ട്രീയക്കാര്‍ ഇടപ്പെട്ട് ഇയാളെ ജാമ്യത്തില്‍ ഇറക്കി. ചീങ്കല്‍ സിറ്റി, മുട്ടുകണ്ടം , ചേലച്ചുവട് , മുള്ളരിങ്ങാട്, അന്പലപ്പടി ബസ് സ്റ്റാന്‍ഡ്, പട്ടയക്കുടി എന്നിവിടങ്ങളിലാണ് അനധികൃത മദ്യവില്പനയും സാമൂഹിക വിരുദ്ധശല്യവും രൂക്ഷമായിരിക്കുന്നത്. തൊടുപുഴ , കരിമണ്ണൂര്‍ , പോത്താനിക്കാട് എന്നിവിടങ്ങളിലെ ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ നിന്നും മദ്യം വാങ്ങി കൂടിയ വിലയ്ക്ക് വില്പന നടത്തുകയാണ് പതിവ്.വണ്ണപ്പുറം പഞ്ചായത്തിലെ പലയിടത്തും വഴിവിളക്കുകള്‍ തെളിയാത്തതും മദ്യപര്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കും സഹായകരമാകുന്നു.
സന്ധ്യ കഴിഞ്ഞാല്‍ വഴിയാത്രക്കാര്‍ക്ക് പോലും തടസമുണ്ടാകുന്ന രീതിയിലാണ് മദ്യപരുടെ അഴിഞ്ഞാട്ടവും അസഭ്യവര്‍ഷങ്ങളും. കഴിഞ്ഞ ദിവസം മുണ്ടന്‍മുടി പുരയിടം സിറ്റിയില്‍ മദ്യപരും വില്‍പനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തു. ഇവിടങ്ങളില്‍ യുവാക്കളുടെ ഇടയില്‍ കഞ്ചാവിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും വില്‍പനയും ഉപയോഗവും വര്‍ധിച്ചിട്ടും എക്‌സൈസ് ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുകയാണ്. കുട്ടികളെ കേന്ദ്രീകരിച്ചും കഞ്ചാവ് വില്‍പ്പന തകൃതിയായി നടക്കുന്നതായും ആക്ഷേപമുണ്ട്. അധികൃതര്‍ കര്‍ശന പരിശോധന നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."