വനം വകുപ്പ് കസ്റ്റഡിയിലെ മരണം: അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു; വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യും
തിരുവനന്തപുരം: പത്തനംതിട്ട ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ ദുരൂഹ സഹചര്യത്തില്‍ മരിച്ച മത്തായിയുടെ കസ്റ്റഡി മരണക്കേസ് സി.ബി.ഐ ഏറ്റെടുത്തു. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഇന്നലെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.
മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താന്‍ സി.ബി.ഐ തീരുമാനിച്ചിട്ടുണ്ട്. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാകും ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തുക. പോസ്റ്റുമോര്‍ട്ടത്തിന് മൂന്ന് ഫൊറന്‍സിക് ഡോക്ടര്‍മാരും ഒപ്പമുണ്ടാകും. രണ്ട് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം കൂടി ആവശ്യപ്പെട്ട് സി.ബി.ഐ ഇന്നലെ സര്‍ക്കാരിന് കത്തു നല്കി.
വനം വകുപ്പ് സ്ഥാപിച്ച സി.സി.ടി.വി കാമറ നശിപ്പിച്ച സംഭവത്തില്‍ ജൂലായ് 28നാണ് മത്തായിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. അന്ന് വൈകിട്ട് ആറുമണിയോടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ജൂലായ് 31ന് പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ സംസ്കരിക്കേണ്ടെന്ന് ബന്ധുക്കള്‍ തീരുമാനിച്ചു. മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തില്ല. ഇതേ തുടര്‍ന്ന് മത്തായിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മത്തായിയുടെ ഭാര്യ നല്കിയ ഹരജിയിലാണ് അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ ഹൈക്കോടതി തീരുമാനിച്ചത്. എത്രയും വേഗം അന്വേഷണം ഏറ്റെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ഡിവിഷന് ബെഞ്ച് സി.ബി.ഐയ്ക്ക് നല്കിയ നിര്‍ദേശം. ഇതേ തുടര്‍ന്നാണ് ഇന്നലെ അന്വേഷണം ഏറ്റെടുത്ത് സി.ബി.ഐ സി.ജെ.എം കോടതിയില്‍ എഫ്.ഐ.ആര് സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."