ചാലിയാറില്‍ മണല്‍വാരലിന് അനുമതി നല്‍കണമെന്ന് പഞ്ചായത്തുകള്‍; ചാലിയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് പുഴയില്‍ രൂപപ്പെട്ട മണല്‍കൂനകള്‍ ഭീഷണിയാകുമെന്ന് ആശങ്ക
കൊണ്ടോട്ടി: ചാലിയാര്‍ പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് പുഴയില്‍ രൂപപ്പെട്ട മണല്‍കൂനകള്‍ വാഴയൂര്‍, വാഴക്കാട്, ചീക്കോട് പഞ്ചായത്തുകള്‍ക്ക് ഭീഷണിയാകുമെന്ന് ആശങ്ക. പുഴയില്‍ പലഭാഗങ്ങളിലായി അടിഞ്ഞുകൂടിയ മണല്‍ക്കൂന നീക്കിയില്ലെങ്കില്‍ ചെറിയ മഴക്ക് പോലും ചാലിയാര്‍ കരവിയുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. വാഴയൂര്‍, വാഴക്കാട്, ചീക്കോട് പഞ്ചായത്തുകളിലെ തദ്ദേശ സ്ഥാപനങ്ങളും അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
ചാലിയാറില്‍ പലഭാഗങ്ങളിലും മണല്‍തിട്ട രൂപപ്പെട്ടിരിക്കുകയാണ്. മണലടിഞ്ഞ് ചാലിയാറില്‍ പല ഭാഗങ്ങളും ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ മണല്‍വാരലിന് അനുമതി നല്‍കണമെന്ന് ചീക്കോട് പഞ്ചായത്ത് ഭരണസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിറകെയാണ് വാഴക്കാട്, വാഴയൂര്‍ പഞ്ചായത്തുകളും പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. പ്രളയക്കെടുതി മൂലം ചാലിയാര്‍ പരിസര വാസികള്‍ പ്രയാസത്തിലാണ്. മണല്‍ മേഖലയില്‍ തൊഴില്‍ തേടിയവര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ട് വര്‍ഷങ്ങളായി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സഈദ് പറഞ്ഞു.
വാഴയൂര്‍ ചുങ്കപ്പള്ളി, തിരുത്തിയാട് മേഖലയിലാണ് മണല്‍തിട്ട രൂപപ്പെട്ടിരിക്കുന്നത്. മേഖലയില്‍ കരയിടിച്ചിലും വ്യാപകമാണ്. കടവിലും എടക്കണ്ടത്തില്‍ താഴംഭാഗത്തുമാണ് കരയിടിച്ചില്‍ കൂടുതലുള്ളത്. കടവില്‍ കരയിടിഞ്ഞുണ്ടായ കുഴിയുടെ വിസ്തൃതിയും കൂടിയിട്ടുണ്ട്. ചുങ്കപ്പള്ളി മേഖലയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പറമ്പുകളില്‍ വ്യാപകമായി മണല്‍ അടിഞ്ഞുകൂടിയിരിക്കുകയാണ്. ഭീഷണിയുള്ള ഭാഗത്തെ മണല്‍തിട്ടകള്‍ നീക്കാന്‍ നടപടിവേണമെന്ന് വാഴയൂര്‍ പഞ്ചയാത്ത് അധികൃതര്‍ പറഞ്ഞു. വാഴയൂരിലെ ചുങ്കപ്പള്ളി ഭാഗത്ത് പറമ്പില്‍ ചിലയിടങ്ങളില്‍ പത്തടിയിലേറെ ഉയരത്തില്‍ മണല്‍തിട്ട ഉയര്‍ന്നിട്ടുണ്ട്. ചാലിയാര്‍ കരകവിഞ്ഞ് ദിവസങ്ങളോളം മൂന്ന് പഞ്ചായത്തുകളിലും ജനങ്ങള്‍ പ്രയാസത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."