ജി.ഡി.പി കൂപ്പുകുത്തി, 1996 ന് ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത വന്‍ തകര്‍ച്ച
ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്നു വ്യക്തമാക്കി മൊത്തം ആഭന്ത്യര ഉല്‍പാദനത്തില്‍ വന്‍ ഇടിവ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദമായ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 23.9 ശതമാനമാണ് ഇടിഞ്ഞത്.
1996ല്‍ പാദവാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തുടങ്ങിയതിനു ശേഷം രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തിലുണ്ടാകുന്ന വന്‍ ഇടിവാണിത്.
കൊവിഡ് വ്യാപനം കാരണമാണ് ഈ പ്രതിസന്ധിയും ഇടിവുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നതെങ്കിലും, കൊവിഡ് വ്യാപനത്തിനു മുന്‍പുതന്നെ ജി.ഡി.പി വലിയ തകര്‍ച്ച നേരിട്ടിരുന്നുവെന്ന കണക്കുകള്‍ നേരത്തേതന്നെ പുറത്തുവന്നിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും സാമ്പത്തിക രംഗത്തെ വീണ്ടെടുപ്പിനു സഹായകമാകുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കിലാണ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലെ വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സ്ഥിതി രണ്ടാം പാദത്തിലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ, സാമ്പത്തിക രംഗത്തും ബാങ്കിങ് രംഗത്തും വലിയ പ്രതിസന്ധിയുണ്ടെന്ന റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കു മുന്‍പ് പുറത്തുവന്നിരുന്നു. ജി.എസ്.ടി വരുമാനത്തിലെ പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കവേ അതു ദൈവത്തിന്റെ കളിയാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞതും വിവാദമായിരുന്നു.
അതേസമയം, ജി.ഡി.പി ഇടിവില്‍ സര്‍ക്കാരിനെതിരേ രാഹുല്‍ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. നോട്ടുനിരോധനം മുതല്‍ ഇന്ത്യയുടെ സാമ്പത്തിക മേഖലയുടെ തകര്‍ച്ച തുടങ്ങിയെന്നും മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ ഗൗനിച്ചില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സര്‍ക്കാര്‍ നയങ്ങള്‍ കാരണമുണ്ടായ പ്രതിസന്ധികള്‍ക്കു ദൈവത്തെ കുറ്റപ്പെടുത്തരുതെന്നായിരുന്നു മുന്‍ ധനമന്ത്രികൂടിയായ പി. ചിദംബരത്തിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."