പ്രളയബാധിത പ്രദേശങ്ങളില്‍ ജില്ലയോട് അവഗണന; മുസ്‌ലിം ലീഗ് പ്രതിഷേധം അറിയിച്ചു
മലപ്പുറം: പ്രളയബാധിത പ്രദേശങ്ങളുടെ പട്ടിക തയാറാക്കിയപ്പോള്‍ ജില്ലയോട് കാണിച്ച വിവേചനത്തില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ ജില്ലാ കലക്ടറെ നേരില്‍കണ്ട് പ്രതിഷേധമറിയിച്ചു. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നേരിട്ട് കലക്ടറെ കാണാന്‍ അദ്ദേഹത്തിന്റെ ചേംബറിലെത്തി.
പി. ഉബൈദുല്ല എം.എല്‍.എ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി എന്നിവരും തങ്ങളോടൊപ്പമുണ്ടായിരുന്നു. സര്‍ക്കാര്‍ പഞ്ചായത്ത് വകുപ്പിന്റെ സൈറ്റിലാണ് പ്രളയബാധിത പഞ്ചായത്തുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ജില്ലയിലെ അഞ്ചു പഞ്ചായത്തുകള്‍ മാത്രമാണ് പ്രളയബാധിത പഞ്ചായത്തുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. യഥാര്‍ഥത്തില്‍ ജില്ലയിലെ 94 പഞ്ചായത്തുകളും 12 നഗരസഭകളും ഉള്ളതില്‍ 90 ശതമാനം പ്രദേശങ്ങളും വെള്ളപ്പൊക്ക കെടുതിയുടെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നവരാണ്.
ഈ പ്രശ്‌നത്തില്‍ അടിയന്തരമായി ആവശ്യമായ പുനഃപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് ഫാക്‌സ് വഴി സാദിഖലി ശിഹാബ് തങ്ങള്‍ നിവേദനം അയച്ചു. പ്രശ്‌നത്തില്‍ ഇടപെടണമെന്നും ജില്ലയില്‍ പ്രളയ ബാധയുണ്ടായ മുഴുവന്‍ യഥാര്‍ഥ പ്രദേശങ്ങളും ദുരിതാശ്വാസത്തിനായുള്ള പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും സര്‍ക്കാരിലേക്ക് എത്രയും പെട്ടെന്ന് ഈ റിപ്പോര്‍ട്ട് തിരുത്തി അയക്കണമെന്നും മുസ്‌ലിം ലീഗ് നേതാക്കള്‍ ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടു.
ഇത്തരമൊരു റിപ്പോര്‍ട്ട് വന്നതിനെക്കുറിച്ച് തനിക്ക് യാതൊരു വിവരമില്ലെന്നും ഇങ്ങനെ ഒരു റിപ്പോര്‍ട്ട് ആരാണ് നല്‍കിയത് എന്നതിനെ സംബന്ധിച്ച് അന്വേഷിക്കാമെന്നും ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടറോട് ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തിരുവനന്തപുരത്തെ ലാന്‍ഡ് റവന്യൂ കമ്മിഷനര്‍ക്ക് യഥാര്‍ഥ പ്രളയബാധിത പ്രദേശങ്ങളുടെ പട്ടിക അയക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."