കറുത്തവര്‍ഗക്കാരനെ വെടിവച്ചതിനെ ന്യായീകരിച്ച് ട്രംപ്
വാഷിങ്ടണ്‍: യു.എസില്‍ കറുത്തവര്‍ഗക്കാരനെ വെള്ളക്കാരനായ പൊലിസ് ഓഫിസര്‍ വെടിവച്ച കെനോഷയില്‍ സന്ദര്‍ശനം നടത്തി പ്രസിഡന്റ് ട്രംപ്. എന്നാല്‍ വംശീയ ആക്രമണത്തെ അപലപിക്കാന്‍ തയാറാകാതിരുന്ന അദ്ദേഹം പൊലിസിനെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. പ്രക്ഷോഭകരെ വിമര്‍ശിച്ച ട്രംപ് പ്രതിഷേധം അടിച്ചമര്‍ത്താന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മേയര്‍മാര്‍ ഭരിക്കുന്ന നഗരങ്ങളിലേക്ക് കൂടുതല്‍ ഫെഡറല്‍ ഉദ്യോഗസ്ഥരെ അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അതേസമയം ഓഗസ്റ്റ് 23ന് വെള്ളക്കാരനായ പൊലിസ് ഓഫിസര്‍ ഏഴുതവണ പിന്നില്‍ നിന്നു നിറയൊഴിച്ച് ഗുരുതരാവസ്ഥയിലായ ജേക്കബ് ബ്ലാക്കിനെ സന്ദര്‍ശിക്കാന്‍ ട്രംപ് തയാറായില്ല. നേരത്തെ കെനോഷയില്‍ ബ്ലാക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധക്കാരും ട്രംപിന്റെ അനുയായികളും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ ട്രംപ് അനുകൂലിയായ 17കാരന്‍ രണ്ടുപേരെ വെടിവച്ചു കൊല്ലുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത് ന്യായീകരിക്കുകയാണ് ട്രംപ് ചെയ്തത്. അതേസമയം പോര്‍ട്ട്‌ലാന്റില്‍ ട്രംപ് അനുകൂലി വെടിയേറ്റു മരിച്ച സംഭവത്തില്‍ അവര്‍ ഒരു മനുഷ്യനെ തെരുവില്‍ കൊലപ്പെടുത്തി എന്നായിരുന്നു പ്രതികരണം.
ലോസ് ആഞ്ചല്‍സില്‍ പ്രതിഷേധം ശക്തമായി
ലോസ് ആഞ്ചല്‍സ്: ചൊവ്വാഴ്ച കറുത്തവര്‍ഗക്കാരനായ യുവാവിനെ വെള്ളക്കാരനായ പൊലിസ് ഓഫിസര്‍ വെടിവച്ചു കൊന്നതിനെ തുടര്‍ന്ന് ലോസ് ആഞ്ചല്‍സില്‍ പ്രതിഷേധം ശക്തമായി. 29കാരനായ ദിജന്‍ കിസ്സിയാണ് കൊല്ലപ്പെട്ടത്.
നഗരത്തിലെ തെരഞ്ഞെടുക്കപ്പെട്ട പൊലിസ് സേനയായ ഷെരിഫിലെ ഡെപ്യൂട്ടിയാണ് ഗതാഗതനിയമം ലംഘിച്ചെന്നാരോപിച്ച് യുവാവിനെ തടഞ്ഞുനിര്‍ത്തിയത്. തുടര്‍ന്ന് യുവാവ് പൊലിസുകാരനെ ഇടിച്ചെന്ന പേരിലാണ് വെടിവച്ചു കൊന്നത്. മിനിയാപോളിസില്‍ മേയില്‍ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലിസ് വെടിവച്ചു കൊന്നശേഷം രണ്ടാമത്തെ കൊലപാതകമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."