തിരക്കിട്ടോടുന്നതിനിടയില്‍ കാണ്‍പൂര്‍ എയര്‍പോര്‍ട്ടില്‍ രാഹുലും പ്രിയങ്കയും കണ്ടുമുട്ടി; പിന്നെ സംഭവിച്ചത്- വീഡിയോ കാണാം
കാണ്‍പൂര്‍: തെരഞ്ഞെടുപ്പ് തിരക്കിനിടയില്‍ സഹോദരങ്ങള്‍ തമ്മില്‍ കണ്ടിട്ട് കുറേ ആയി. അതിനിടയില്‍ അപ്രതീക്ഷിതമായാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും കാണ്‍പൂര്‍ എയര്‍പോര്‍ട്ടില്‍ കണ്ടുമുട്ടിയത്. അതിനുശേഷം നടന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.
കണ്ടയുടന്‍ അനിയത്തി പ്രിയങ്കയെ ചേര്‍ത്തുപിടിച്ച രാഹുല്‍, ഒരുനിമിഷം പരിസരം മറന്ന് അനിയത്തിയെ 'വികൃതി' കാണിക്കാനും മറന്നില്ല. ഇവര്‍ തമ്മിലുള്ള സ്‌നേഹബന്ധത്തെ ആവോളം ആസ്വദിക്കുകയാണ് സോഷ്യല്‍മീഡിയ. രാഷ്ട്രീത്തിലൊന്നും ഇഷ്ടമല്ലെങ്കിലും ഇവരുടെ സ്‌നേഹത്തിനു മുന്നില്‍ കീഴടങ്ങിപ്പോവുകയാണെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്.
വീഡിയോയില്‍ രാഷ്ട്രീയമുണ്ടെങ്കിലും ഇല്ലെങ്കിലും സ്‌നേഹം പകരുന്നതാണെന്ന് മറ്റൊരാ കമന്റ് ചെയ്തിരിക്കുന്നു. പ്രിയങ്ക ഗാന്ധി എന്ന ഫെയ്‌സ്ബുക്കില്‍ ഈ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആയിരങ്ങളാണ് ഇതു ഷെയര്‍ ചെയ്തത്.
പ്രചാരണത്തിന്റെ ഭാഗമായി ഹെലികോപ്ടറില്‍ കയറാനായി കാണ്‍പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയതോടെയാണ് ഗാന്ധികുടുംബത്തിലെ ഇളംതലമുറയിലെ സഹോദരങ്ങള്‍ കണ്ടുമുട്ടിയത്. പ്രിയങ്കയെ കണ്ടതോടെ രാഹുല്‍ അവര്‍ക്കരികിലേക്കെത്തി ചേര്‍ത്തുപിടിച്ചു. ഒരു നല്ല സഹോദരന്‍ എങ്ങനെയാണെന്നു പറയാമെന്ന ആമുഖത്തോടെ ക്യാമറയ്ക്ക് മുന്നിലേക്ക് പ്രിയങ്കയേയും കൊണ്ടുവരികയായിരുന്നു രാഹുല്‍.
എനിക്കു നീണ്ട യാത്രയുണ്ട്. എന്നാലും വളരെ ചെറിയ ഹെലികോപ്ടറിലാണ് ഞാന്‍ പോകുന്നത്. എന്നാല്‍ എന്റെ അനിയത്തിക്ക് വളരെ കുറച്ചു ദൂരത്തെ യാത്രയേ ഉള്ളൂ. എന്നിട്ടും അവര്‍ക്കു വലിയ ഹെലികോപ്ടര്‍ വിട്ടുനല്‍കിയിരിക്കുകയാണ് ഞാന്‍. കണ്ടില്ലേ, എന്തൊരു സ്‌നേഹമാണ് ഇത്. ഞാന്‍ അവരെ അത്രയും ഇഷ്ടപ്പെടുന്നു.'- രാഹുല്‍ പറയുന്നു.
ഇത്രയും ചിരിച്ചുപറയുമ്പോള്‍ കൂടെ ചെറിയ നാണത്തോടെ നില്‍ക്കുന്ന പ്രിയങ്ക, 'കളിയാക്കിയത് മതി' എന്ന വിധത്തില്‍ രാഹുലിന്റെ വായ പൊത്താനും ശ്രമിക്കുന്നുണ്ട്. എന്നാല്‍, ഒരു നിമിഷംകൂടിയെന്നു പറഞ്ഞു രാഹുല്‍ സംസാരം പൂര്‍ത്തിയാക്കുകയായിരുന്നു. അത് ശരിയല്ല, എനിക്ക് ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയുണ്ടെന്ന് ഇതിനു മറുപടിയായി പ്രിയങ്കയും പറഞ്ഞു. ഒടുവില്‍ പിരിയും മുന്നേ അനിയത്തിയുടെ കവിളത്തൊരു മുത്തവും രാഹുല്‍ നല്‍കി.
ശേഷം എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്താണ് ഇരുവരും യാത്ര തിരിക്കുന്നത്. ഫോട്ടോ എടുത്തശേഷവും അനിയത്തിയെ ചേര്‍ത്തുപിടിച്ചാണ് രാഹുല്‍ യാത്ര തിരിച്ചത്. പിന്നീട് ഇരുവരും കോപ്ടറുകളിലേക്കു നടന്നുനീങ്ങി. ഇതിന്റെ കുറച്ചുകൂടി ദൈര്‍ഘ്യമുള്ള വീഡിയോ രാഹുല്‍ ഗാന്ധിയും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."