ഇരയല്ല, അവള്‍ പോരാളിയാണ്
നിവേല ഗ്രാമത്തിലെ ഉപ്പിട്ട് മൂടിയ കുഴിമാടങ്ങളിലൊന്ന് തുറക്കുമ്പോള്‍ അതില്‍ ബില്‍ഖീസ് യഅ്ഖൂബ് റസൂലിന്റെ മൂന്നുവയസ്സുകാരി മകള്‍ സ്വാലിഹയുമുണ്ടായിരുന്നു. ഹിന്ദുത്വ അക്രമികള്‍ ബില്‍ഖീസിന്റെ മടിയില്‍ നിന്ന് വലിച്ചെടുത്തതായിരുന്നു അവളെ. അവരിലൊരാള്‍ അവളെ മുകളിലേക്ക് എടുത്തെറിഞ്ഞു. താഴെവീണ സ്വാലിഹ തലതകര്‍ന്ന് മരിക്കുന്നത് പിടയാന്‍ പോലുമാകാതെ കണ്ടു നില്‍ക്കുകയായിരുന്നു ബില്‍ഖീസപ്പോള്‍. അവരിലൊരാള്‍ അവളുടെ കഴുത്തില്‍ ചവിട്ടിപ്പിടിച്ചിരുന്നു. രണ്ടുപേര്‍ അവളുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയായിരുന്നു. ബില്‍ഖീസിനെയും കൂട്ടത്തിലെ സ്ത്രീകളെയുമെല്ലാം അവര്‍ ബലാത്സംഗം ചെയ്തു. മറ്റുള്ളവരെ കൊന്നു. അതില്‍ രണ്ടുദിവസം മുമ്പ് കുഞ്ഞിന് ജന്‍മം നല്‍കിയ അവളുടെ അര്‍ധസഹോദരിയുമുണ്ടായിരുന്നു. രണ്ടുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും അവര്‍ വെറുതെ വിട്ടില്ല. ദിവസങ്ങള്‍ക്ക് ശേഷം പൊലിസ് സ്‌റ്റേഷനില്‍ പരാതിയുമായി ചെന്ന ബില്‍ഖീസ് പറയുന്നതെല്ലാം പൊലിസുകാര്‍ കേട്ടു. എന്നാല്‍ അയാള്‍ ഒന്നും എഴുതിയില്ല. എല്ലാം കള്ളമാണെന്ന് അവര്‍ പറഞ്ഞു. ഒരു കടലാസില്‍ ബില്‍ഖീസിന്റെ വിരലടയാളം മാത്രം വാങ്ങി. 2003 മാര്‍ച്ച് അഞ്ചിന് കേസ് കളളമാണെന്ന് പറഞ്ഞ് പൊലിസ് തള്ളിക്കളഞ്ഞു. 2004 ഫെബ്രുവരിയില്‍ സി.ബി.ഐ ഈ കുഴിമാടങ്ങള്‍ കണ്ടെത്തുന്നത് വരെ ബില്‍ഖീസ് പറയുന്നതെല്ലാം കള്ളമാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു ഗുജറാത്ത് പൊലിസ്. ബില്‍ഖീസിന്റെ കുടുംബത്തിലെ കൊല്ലപ്പെട്ട 14 പേരും അതിലുണ്ടായിരുന്നു. വേഗത്തില്‍ ദ്രവിക്കാന്‍ ഉപ്പിട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. ഉപ്പും പുഴവെള്ളത്തിന്റെ നനവും കാരണം രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷവും മൃതദേഹത്തിന്റെ പലഭാഗങ്ങളും ദ്രവിക്കാതെ അവശേഷിച്ചു. ദാഹോദിലെ ഈ കുഴിമാടങ്ങളില്‍ നിന്നാണ് ബില്‍ക്കീസിന്റെ അതിജീവനപോരാട്ടം ആരംഭിക്കുന്നത്.
പലായനം
2002 ഫെബ്രുവരി 28ന് ഗോധ്ര തീവണ്ടി ദുരന്തം നടക്കുമ്പോള്‍ ഇവിടെ നിന്ന് ഏറെ അകലെയല്ലാതെ റാന്ദിക്പൂരിലെ തന്റെ മാതാപിതാക്കളെ കാണാന്‍ വന്നതായിരുന്നു ബില്‍ഖീസ് ഭാനു. പത്തൊന്‍പതുകാരിയായ അവള്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. പിറ്റേന്ന് കാലത്ത് അവളുടെ അമ്മായി കുട്ടികളുമായി വീട്ടില്‍ ഓടിക്കയറിവന്നു. അവര്‍ നമ്മുടെ വീടുകള്‍ ആക്രമിക്കാന്‍ തുടങ്ങിയെന്ന് അമ്മായി പറഞ്ഞു. വേഗം ഇവിടെ നിന്ന് പോകണം. ഒന്നുമെടുക്കാന്‍ സമയമുണ്ടായിരുന്നില്ല. കാലില്‍ ചെരിപ്പിടാന്‍ പോലും സമയം കിട്ടിയില്ലെന്ന് ബില്‍ഖീസ് ഓര്‍ക്കുന്നു. കോളനിയിലെ അന്‍പതിലധികം വരുന്ന മുസ്‌ലിം കുടുംബങ്ങള്‍ അപ്പോഴേയ്ക്കും പലായനം ചെയ്തു കഴിഞ്ഞിരുന്നു. കുടുംബത്തിലെ 17 പേര്‍ക്കൊപ്പം ഒരു ട്രക്കില്‍ കയറി. രണ്ടു പുരുഷന്‍മാരും ബില്‍ഖീസിന്റെ മാതാവും അതിലുണ്ട്. ഗര്‍ഭിണിയായ അര്‍ധസഹോദരി, രണ്ടു ദിവസം മുമ്പ് കുഞ്ഞിന് ജന്‍മം നല്‍കിയ അര്‍ധസഹോദരി തുടങ്ങിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഗ്രാമ കൗണ്‍സില്‍ തലവന്റെ വീട്ടിലേക്കാണ് ഞങ്ങള്‍ പോയത്. അയാളൊരു ഹിന്ദുവായിരുന്നു. എന്നാല്‍ അയാള്‍ അഭയം നല്‍കിയില്ല. മുസ്‌ലിംകള്‍ക്ക് അഭയം നല്‍കിയാന്‍ കൊന്നുകളയുമെന്ന് ഹിന്ദുത്വ അക്രമികള്‍ ഭീഷണിപ്പെടുത്തിരുന്നു. അടുത്ത രണ്ടുദിവസങ്ങള്‍ അഭയം തേടി ഞങ്ങള്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്തു. നടന്നായിരുന്നു യാത്ര. നന്‍മയുള്ള ചില ഹിന്ദുവീടുകള്‍ അഭയം നല്‍കി. എന്നാല്‍ കൂടുതല്‍ ദിവസം അവിടെ തങ്ങുന്നത് സുരക്ഷിതമായിരുന്നില്ല.
കനലെരിഞ്ഞ നേരം
മാര്‍ച്ച് മൂന്നിന് പുലര്‍ച്ചെ അവര്‍ അടുത്ത ഗ്രാമത്തിലേക്ക് നീങ്ങി. വഴി സുരക്ഷിതമാണെന്നാണ് കരുതിയത്. എന്നാല്‍ രണ്ടു ജീപ്പുകളിലായി എത്തിയ സംഘം അവരെ വളഞ്ഞു. ബില്‍ഖീസിന്റെ ഗ്രാമത്തിലുള്ളവര്‍ തന്നെയായിരുന്നു അവര്‍. അവര്‍ പിന്തുടര്‍ന്നു വന്നതായിരുന്നു. അവരില്‍ 12 പേരെ ബില്‍ഖീസിന് നേരിട്ടറിയാം. കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നു. അവരെന്നെ പിടികൂടുമ്പോള്‍ എന്റെ മടിയില്‍ ഞാന്‍ ചേര്‍ത്തു പിടിച്ചിരിക്കുകയായിരുന്നു സ്വാലിഹയെ. കൂട്ടത്തിലെ പുരുഷന്‍മാരെ അവര്‍ വേഗത്തില്‍ കൊന്നു. ഒന്നും ചെയ്യരുതെന്ന് ഞാനവരോട് കരഞ്ഞുപറഞ്ഞു. സ്വാലിഹയെ എന്നില്‍ നിന്നവര്‍ പറിച്ചെടുത്തു. അവളെ മുകളിലേക്ക് എറിയുന്നതും താഴെ വീണ് തലതകര്‍ന്ന് മരിക്കുന്നതും, കുടുംബത്തിലെ ഓരോരുത്തരെയായി ബലാത്സംഗം ചെയ്തു കൊല്ലുന്നതും എനിക്ക് കാണാമായിരുന്നു. ബലാത്സംഗത്തിനിടെ ബോധരഹിതയായ ബില്‍ഖീസിന്റെ തലയ്ക്ക് അവര്‍ കല്ലും വടിയുംകൊണ്ടടിച്ചു. മരിച്ചെന്ന് കരുതി കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. ബോധം വരുമ്പോള്‍ കുറ്റിക്കാട്ടില്‍ നഗ്‌നയായി കിടക്കുകയായിരുന്നു അവള്‍. ചോര പുരണ്ട നീളന്‍ ഷിമ്മീസ് അടുത്തുണ്ടായിരുന്നു. അവര്‍ വീണ്ടും വരുമെന്ന പേടിയിലായിരുന്നു. അതുംധരിച്ച് അടുത്തുള്ള കുന്നിനു മുകളിലേക്ക് വലിഞ്ഞു കയറി ഒരു ഗുഹയില്‍ അഭയം തേടി.
കനലൊടുക്കിയവര്‍
തൊട്ടടുത്ത ദിവസം ദാഹിച്ചു വലഞ്ഞ തനിക്ക് പുറത്തുവരികയല്ലാതെ വഴിയില്ലായിരുന്നുവെന്ന് ബില്‍ഖീസ് പറയുന്നു. അടുത്തുള്ള ആദിവാസി ഗ്രാമത്തിലേക്ക് ഒരുവിധം ഇഴഞ്ഞെത്തി. അവളെ കണ്ട ഗ്രാമീണര്‍ ആദ്യം വടിയുമായി പാഞ്ഞെത്തി. എന്നാല്‍ അടുത്തു കണ്ടപ്പോള്‍ അവള്‍ക്ക് വസ്ത്രവും വെളളവും അഭയവും നല്‍കി. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു പൊലിസ് ജീപ്പ് അതുവഴി വരുന്നതുകണ്ട അവള്‍ അതില്‍ക്കയറി ലിംഖേദ പൊലിസ് സ്റ്റേഷനിലെത്തി. പൊലിസ് സ്‌റ്റേഷനില്‍ അവള്‍ സംഭവിച്ചതെല്ലാം പറഞ്ഞു. പൊലിസുകാരന്‍ എല്ലാം രേഖപ്പെടുത്തുന്നുണ്ടെന്നായിരുന്നു കരുതിയത്. എന്നാല്‍ അവരൊന്നും എഴുതുന്നുണ്ടായിരുന്നില്ല. മൊഴി വായിച്ചു തരാന്‍ പറഞ്ഞെങ്കിലും പൊലിസുകാര്‍ വായിച്ചു തന്നില്ല. തുടര്‍ന്ന് മൊഴിയില്‍ വിരലടയാളം പതിപ്പിക്കാന്‍ പറഞ്ഞു. എന്നാല്‍ അതില്‍ അവരൊന്നും എഴുതിയിരുന്നില്ല. തന്നെ ബലാത്സംഗം ചെയ്തവരുടെയും കുഞ്ഞിനെയും കുടുംബത്തെയും കൊന്നവരുടെയുമെല്ലാം പേരുകള്‍ ഞാന്‍ പറഞ്ഞിരുന്നു. അവര്‍ ഒരു പേരു പോലും രേഖപ്പെടുത്തിയില്ല. പിറ്റേ ദിവസം പൊലിസ് അവളെ ഗോധ്രയിലെ അഭയാര്‍ഥി ക്യാംപിലെത്തിച്ചു. 15 ദിവസത്തിന് ശേഷമാണ് ഭര്‍ത്താവ് യഅ്ഖൂബിന് അവളെ കാണാനെത്താനായത്. അഭയാര്‍ഥി ക്യാംപിലായിരുന്നു പിന്നീട് മാസങ്ങളോളം ബില്‍ഖീസിന്റെയും കുടുംബത്തിന്റെയും ജീവിതം. അതിനിടെ അവള്‍ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. 2003 മാര്‍ച്ച് 25ന് തെളിവില്ലെന്ന കാരണം പറഞ്ഞ് പൊലിസ് ബില്‍ഖീസിന്റെ കേസ് തളളി. തൊട്ടു പിന്നാലെ കീഴ്‌ക്കോടതിയും ഇതേ കാരണം പറഞ്ഞ് കേസ് നിരസിച്ചു. താമസിക്കാന്‍ വീടുണ്ടായിരുന്നില്ല. സ്ഥിരമായ ജോലിയില്ല. ബന്ധുക്കളൊന്നും ബാക്കിയില്ല. കാര്യമായ വിദ്യാഭ്യാസത്തിന്റെ പിന്‍ബലമില്ല. ആരും തളര്‍ന്നു പോകുന്നിടത്ത് നിന്നാണ് ബില്‍ഖീസ് ഭാനുവെന്ന പെണ്‍കുട്ടി നീതിയ്ക്കായുള്ള പോരാട്ടം തുടങ്ങുന്നത്.
ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു
പാനിവേലയിലെ ഉപ്പുമൂടിയ കുഴിമാടങ്ങള്‍ക്കുള്ളില്‍ എല്ലാം എക്കാലവും ഒളിച്ചുവയ്ക്കാനാവുമെന്ന് കരുതിയവര്‍ക്കായിരുന്നു പിഴച്ചത്. 2003 ഡിസംബറില്‍ ബില്‍ഖീസ് ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. പിന്നാലെ കേസുമായി സുപ്രിംകോടതിയിലെത്തി. സുപ്രിംകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു ആദ്യപടി. 2004 ജനുവരി മുതല്‍ ബില്‍ഖീസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പരിശോധന നടത്തി. എയിംസിലെ ഫോറന്‍സിക് വിദഗ്ധര്‍ ഇതിനായെത്തി. പലയിടങ്ങളില്‍ കുഴിച്ചു. പല മൃതദേഹങ്ങളും പരിശോധിച്ചു. സംഭവം നടന്ന അന്ന് തൊട്ടടുത്ത ഗ്രാമത്തില്‍ നിന്ന് ചിലര്‍ 60 കിലോ ഉപ്പുവാങ്ങിയിരുന്നതായി സി.ബി.ഐക്ക് പ്രദേശവാസികളിലൊരാള്‍ മൊഴി നല്‍കി. വൈകാതെ സി.ബി.ഐ പാനിവേല ഗ്രാമത്തിലെ ഉപ്പുമൂടിയ കുഴിമാടങ്ങള്‍ കണ്ടെത്തി. ജസ്വന്ത് നായ്, ഗോവിന്ദ് നായ്, നരേഷ് മോറിയ എന്നീ പ്രതികളെ അറസ്റ്റ് ചെയ്തു. പിന്നാലെ വീണ്ടും അറസ്റ്റുണ്ടായി. 2004 ഓഗസ്റ്റില്‍ കേസ് ഗുജറാത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് സുപ്രിംകോടതി മാറ്റി. 2008 ജനുവരിയില്‍ 13 പേരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. 11 പേര്‍ക്ക് ജീവപര്യന്തം വിധിച്ചു. 2008 ജനുവരിയില്‍ പ്രതികള്‍ അപ്പീല്‍ നല്‍കി. 2011 ജൂലൈയില്‍ പ്രതികളില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. 2017 മെയ് അഞ്ചിന് പ്രതികളുടെ ജീവപര്യന്തം ശരിവച്ച് ഹൈക്കോടതി ഉത്തരവിട്ടു. ഇത് സുപ്രിംകോടതി ശരിവച്ചു.
നീതി തേടിയുള്ള 17 വര്‍ഷം
ഇതിനിടയിലും ബില്‍ഖീസ് വെറുതെയിരുന്നില്ല. തന്റെ കേസ് തേച്ചുമായ്ച്ചു കളയാന്‍ ശ്രമിച്ച പൊലിസുകാര്‍ക്കെതിരേയും കേസുമായെത്തി. കേസില്‍ കൃത്രിമം കാട്ടിയതിന് പൊലിസുകാര്‍ അറസ്റ്റിലായി. പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അത് നടപ്പാകാതെ വന്നപ്പോള്‍ സുപ്രിംകോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചു. കൃത്രിമങ്ങളുടെ പരമ്പരയായിരുന്നു പൊലിസിന്റെ ഭാഗത്ത് നിന്ന് കേസിലുണ്ടായത്. ബില്‍ഖീസ് ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചിട്ടും ബലാത്സംഗത്തിന് കേസെടുത്തില്ല. കൊല്ലപ്പെട്ടവരില്‍ പലരെയും കാണാതായി എന്ന് പൊലിസ് റിപ്പോര്‍ട്ടെഴുതി വച്ചു. പാനിവേലയിലെ കുഴിമാടത്തില്‍ കണ്ടെടുത്ത അസ്ഥികൂടങ്ങള്‍ക്ക് പലതിനും തലയുണ്ടായിരുന്നില്ല. എങ്കിലും സി.ബി.ഐ ഫോറന്‍സിക് പരിശോധനയിലൂടെയും ഡി.എന്‍.എ പരിശോധനയിലൂടെയും കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞു. ബന്ധുക്കളായ ഏഴുവയസ്സുകാരന്‍ സദ്ദാമും അഞ്ചുവയസ്സുകാരന്‍ ഹുസൈനുമായിരുന്നു അന്ന് അക്രമികളില്‍ നിന്ന് ബില്‍ഖീസിനൊപ്പം രക്ഷപ്പെട്ട രണ്ടുപേര്‍. നിര്‍ണായകമായ മൊഴികള്‍ നല്‍കിയും കേസില്‍ സഹായിച്ചും സദ്ദാം ബില്‍ഖീസിനൊപ്പമുണ്ടായിരുന്നു. 17 വര്‍ഷം നീതിയും ജീവിതവും തേടി അലയുകയായിരുന്നു ബില്‍ഖീസ്. പ്രതികളുടെ ഭീഷണികള്‍ക്കു മധ്യേ, പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ റാന്ദിക്പൂരിലെ വീട്ടില്‍ നിന്ന് മറ്റൊരിടത്തേക്ക്, അവിടെ നിന്ന് അഹമ്മദാബാദിലെ വാടക വീട്ടിലേക്ക്, ബന്ധുവീടുകളിലേക്ക് അങ്ങനെ അലഞ്ഞുകൊണ്ടുള്ള ജീവിതമായിരുന്നു അവരുടേത്. പല ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞ് തളര്‍ന്നെങ്കിലും പിന്നോട്ടടിക്കാതെ ബില്‍ഖീസ് ജീവിച്ചു. കഥകള്‍ ആവര്‍ത്തിച്ചു പറഞ്ഞു മതിയായി. പ്രതികാരമല്ല, നീതിയാണ് താന്‍ തേടിയത്. പലപ്പോഴും ചോദ്യങ്ങളുമായി നേരിട്ട മാധ്യമപ്രവര്‍ത്തകരോട് ബില്‍ഖീസ് പറഞ്ഞു. ഒടുവില്‍ ദുരിതകാലം പിന്നിട്ടുവെന്നതിന്റെ വിളിയുമായാണ് സുപ്രിംകോടതി വിധിയുണ്ടാകുന്നത്.
ഇനിയെനിക്ക് ജീവിക്കണം
'നീതികിട്ടി.. ഇനിയെനിക്കും കുടുംബത്തിനും ജീവിക്കണം..'- ബില്‍ഖീസ് ബാനു പറയുന്നു. തനിക്ക് ലഭിച്ച 50 ലക്ഷം രൂപയില്‍ നിന്ന് ഒരു വിഹിതം കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിനും അവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുമായി നല്‍കും. ഗുജറാത്ത് സര്‍ക്കാറിന്റെ ശത്രുതാ മനോഭാവമാണ് കേസ് നീളാന്‍ കാരണം. തനിക്ക് സുരക്ഷയോ സഹായമോ നല്‍കാതെ ശത്രുതയോടെയാണ് ഗുജറാത്ത് സര്‍ക്കാര്‍ പെരുമാറിയത്.
'എന്റെ ആദ്യ കുഞ്ഞിന് സ്വാലിഹ എന്ന് പേരിടുകയെന്നത് സ്വപ്നമായിരുന്നു. അവര്‍ എന്റെ സ്വാലിഹയെ കൊന്നു. കുഞ്ഞിന് മാന്യമായി അന്ത്യകര്‍മങ്ങള്‍ ചെയ്യുകയെന്ന അവളുടെ പിതാവിന്റെ അവകാശവും ഹനിക്കപ്പെട്ടു. ഞങ്ങള്‍ക്കൊന്നുപോയി പൊട്ടിക്കരയാന്‍ അവളുടെതായി ഒരു ഖബറിടം പോലും ബാക്കിയില്ല. അവളുടെ ആത്മാവ് എനിക്കൊപ്പമുണ്ട്. മറ്റുള്ളവരെ സഹായിക്കുമ്പോള്‍ അവരുടെ കുഞ്ഞുങ്ങളിലൂടെ അവള്‍ ജീവിക്കുന്നതായി എനിക്ക് കാണാനാവും. അവള്‍ക്കും അവളെപ്പോലെ അന്ന് മരിച്ചവര്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്'- സംസാരിക്കുന്നതിനിടെ വിതുമ്പിയ ബില്‍ഖീസ് അന്ന് അക്രമികള്‍ കണ്‍മുന്നില്‍ തലതകര്‍ത്തുകൊന്ന മൂന്നുവയസുകാരി മകള്‍ സ്വാലിഹയെക്കുറിച്ചു പറയുമ്പോള്‍ വിങ്ങിക്കരഞ്ഞു. 'അവള്‍ക്കൊപ്പം എനിക്ക് ജീവിക്കാന്‍ കഴിഞ്ഞില്ല. നാളെ സ്വര്‍ഗത്തില്‍ എനിക്കവളോടൊപ്പം ജീവിക്കാന്‍ കഴിയട്ടെ. അവരെന്നെ ബലാത്സംഗം ചെയ്യുമ്പോള്‍ അഞ്ചുമാസം ഗര്‍ഭത്തിലുണ്ടായിരുന്ന മകള്‍ക്ക് ഇന്ന് 17 വയസുണ്ട്. അവളെ ഞാന്‍ അഭിഭാഷകയാക്കും. അവള്‍ ഇരകള്‍ക്കുവേണ്ടി പോരാടും'- ബില്‍ഖീസിന്റെ ശബ്ദത്തിനിപ്പോള്‍ കനം കൂടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."