നീതിയുടെ ഒരു തരി വെട്ടം
നീതി നിഷേധങ്ങളുടെ ഇരുണ്ടയാമങ്ങളിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന വര്‍ത്തമാന ഇന്ത്യയില്‍ അലഹബാദ് ഹൈക്കോടതിയില്‍നിന്ന് നീതിയുടെ ഒരു തരി വെട്ടം ഉണ്ടായി എന്നത് പ്രതീക്ഷാനിര്‍ഭരമാണ്. നീതിയുടെ എല്ലാ വിളക്കുകളും അണഞ്ഞിട്ടില്ലെന്ന പ്രത്യാശയാണിതുവഴി മതേതര, ജനാധിപത്യ ഇന്ത്യക്ക് നല്‍കുന്നത്. മതസ്പര്‍ദ്ധ ഉണ്ടാക്കുകയും രാജ്യദ്രോഹത്തിന് പ്രേരണ നല്‍കുകയും ചെയ്തുവെന്നാരോപിച്ചു ദേശസുരക്ഷാ നിയമപ്രകാരം ആദിത്യനാഥ് സര്‍ക്കാര്‍ ജയിലിലടച്ച ഡോ. കഫീല്‍ ഖാനെ എത്രയും പെട്ടെന്ന് നിരുപാധികം വിട്ടയക്കാന്‍ അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടതാണ് രാജ്യത്തെ നീതിയുടെ മുഴുവന്‍ വിളക്കുകളും അണഞ്ഞിട്ടില്ലെന്ന പ്രതീക്ഷ നല്‍കിയത്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ ഇക്കഴിഞ്ഞ ഡിസംബര്‍ 12ന് അലിഗഢ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് ഡോ. കഫീല്‍ ഖാന്‍ ചെയ്ത പ്രസംഗം മതസ്പര്‍ദ്ധയുണ്ടാക്കുന്നതും ദേശദ്രോഹപരമാണെന്നുമുള്ള കുറ്റം ചാര്‍ത്തിക്കൊണ്ടായിരുന്നു യു.പി പൊലിസ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഡോ. കഫീല്‍ ഖാനെ കസ്റ്റഡിയില്‍ പാര്‍പ്പിക്കാന്‍ തുടങ്ങിയത്. ഡോ. കഫീല്‍ ഖാന് ജാമ്യം അനുവദിച്ചും അദ്ദേഹത്തിനെതിരേയുള്ള കേസ് റദ്ദാക്കിയും ചീഫ് ജ്‌സ്റ്റിസ് ഗോവിന്ദ് മാത്തൂരും ജസ്റ്റിസ് സൗമിത്രദയാലും ഉള്‍പ്പെട്ട ബെഞ്ച് വിധിന്യായത്തില്‍ പറഞ്ഞത്, ഡോ. കഫീല്‍ ഖാന്‍ മതസപര്‍ദ്ധയുണ്ടാക്കും വിധം പ്രസംഗിച്ചതായോ, ദേശദ്രോഹപരമായ ആഹ്വാനം നടത്തിയതായോ തങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ലെന്നായിരുന്നു. മറിച്ച് രാജ്യത്തിന്റെ ഐക്യത്തിനും നന്മക്കും വേണ്ടി പ്രവര്‍ത്തിക്കാനുള്ള ആഹ്വാനമായിരുന്നു പ്രസംഗത്തിലുണ്ടായിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
2017ല്‍ യു.പി മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലെ ബാബാ രാഘവദാസ് മെഡിക്കല്‍ കോളജില്‍ 63 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞു മരിച്ചത് വന്‍ വാര്‍ത്താപ്രാധാന്യം നേടിയ വിഷയമായിരുന്നു. ഓക്‌സിജന്‍ വിതരണം ചെയ്യുന്ന ഏജന്‍സി ആശുപത്രി കുടിശ്ശിക വരുത്തിയതിനാല്‍ ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കുന്നത് നിര്‍ത്തിയിരുന്നു. ഓക്‌സിജന്‍ തീരാറായെന്ന് പലതവണ അധികൃതരെ അറിയിച്ചിരുന്നതാണെങ്കിലും ആരോഗ്യ വകുപ്പില്‍നിന്ന് നടപടികളൊന്നും ഉണ്ടായിരുന്നില്ല. ശ്വാസത്തിനുവേണ്ടി പിടയുന്ന കുരുന്നുകളെ മരണത്തില്‍നിന്ന് രക്ഷിക്കാന്‍ ശിശുരോഗ ചികിത്സാ വിദഗ്ധനായ ഡോ. കഫീല്‍ ഖാന്‍ സ്വന്തം പോക്കറ്റില്‍നിന്നു പണമെടുത്ത് ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിക്കുകയായിരുന്നു. ഇതും വാര്‍ത്താപ്രാധാന്യം നേടി. ഡോ. കഫീല്‍ ഖാന് മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നിന്നു മാത്രമല്ല യു.പിയില്‍ നിന്നൊട്ടാകെ അഭിനന്ദന പ്രവാഹമുണ്ടായത് മുഖ്യമന്ത്രി ആദിത്യനാഥിനെ അരിശം കൊള്ളിക്കുന്നതായിരുന്നു. മാത്രമല്ല, ഓക്‌സിജന്‍ തീരുമെന്ന കാര്യം താന്‍ ദിവസങ്ങള്‍ക്ക് മുന്‍പെ അധികൃതരെ അറിയിച്ചതാണെന്നും നടപടിയൊന്നും ഉണ്ടാകാതെ വന്നതിനാലാണ് കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരണമടയാന്‍ കാരണമായതെന്നും ഡോ. കഫീല്‍ ഖാന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ തുറന്ന് പറയുകയും ചെയ്തതോടെയാണ് അദ്ദേഹം, ആദിത്യനാഥിന്റെ നോട്ടപ്പുള്ളിയായി മാറിയത്.
യു.പിയെ താന്‍ വികസനത്തിന്റെ പാതയിലൂടെ മുന്നോട്ട് നയിക്കുകയാണെന്ന് യോഗി ആദിത്യനാഥ് നിരന്തരം പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ കൂട്ടമരണങ്ങള്‍ക്കിരയായ വാര്‍ത്ത പുറത്തുവന്നത്. മരണങ്ങള്‍ക്ക് ഉത്തരവാദി ആരോഗ്യ വകുപ്പാണെന്ന് ഡോ. കഫീല്‍ ഖാന്‍ പുറത്ത് പറഞ്ഞതും സര്‍ക്കാരിന് വലിയ ആഘാതമായി. യു.പി സര്‍ക്കാര്‍ അന്ന് മുതല്‍ അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു. യു.പിയുടെ വികസനമെന്ന സോപ്പു കുമിളയാണ് ബി.ആര്‍.ഡി മെഡിക്കല്‍ കോളജിലെ ശിശുക്കളുടെ കൂട്ടമരണത്തോടെ പൊട്ടിയത്. അതിലുള്ള പകയാണ് ഓരോ കേസുകളിലൂടെ ഡോ. കഫീല്‍ ഖാന് നേരെ യു.പി സര്‍ക്കാര്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ആദ്യപടിയായി കള്ളക്കേസ് ചുമത്തി. ഡോ. ഖഫീല്‍ ഖാനാണ് കുഞ്ഞുങ്ങളുടെ മരണത്തിനു ഉത്തരവാദിയെന്നും അഴിമതിക്കാരനുമാണെന്നും കുറ്റം ചുമത്തി ജോലിയില്‍നിന്ന് സസ്‌പെന്റു ചെയ്തു. പിന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നീണ്ട ഒന്‍പത് മാസമാണ് ഈ കുറ്റം ചുമത്തി അദ്ദേഹത്തെ ജയിലിലടച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഡോക്ടര്‍മാരടങ്ങിയ അന്വേഷണ കമ്മിഷന്‍ കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെത്തുടര്‍ന്ന് കോടതി അദ്ദേഹത്തെ വിട്ടയക്കാന്‍ ഉത്തരവിടുകയായിരുന്നു.
വിട്ടയക്കപ്പെട്ട ഡോ. കഫീല്‍ ഖാന്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലൂടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിച്ച് പര്യടനം നടത്തി. ഇതിന്റെ ഭാഗമായാണ് 2019 ഡിസംബറില്‍ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ ദേശസ്‌നേഹത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും അദ്ദേഹം പ്രസംഗിച്ചത്. അവസരം മുതലാക്കി ആദിത്യനാഥ് സര്‍ക്കാര്‍ വീണ്ടും അദ്ദേഹത്തെ, ദേശവിരുദ്ധവും മതസ്പര്‍ദ്ധയുണ്ടാക്കുന്നതുമായ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് 2019 ഡിസംബര്‍ 13ന് മുംബൈയില്‍ വച്ച് അറസ്റ്റ് ചെയ്തത്. വിചാരണകൂടാതെ നീണ്ട ഒന്‍പത് മാസമാണ് ഈ കള്ളക്കേസില്‍ ആദിത്യനാഥ് സര്‍ക്കാര്‍ അദ്ദേഹത്തെ തടവറയിലിട്ടത്. നിരവധി തവണ അദ്ദേഹം ജാമ്യാപേക്ഷ നല്‍കിയെങ്കിലും അതെല്ലാം തിരസ്‌ക്കരിക്കപ്പെട്ടു. ഒടുവില്‍ ഡോ. കഫീല്‍ ഖാന്റെ മാതാവ് നുസ്രത്ത് പര്‍വീന്‍ സുപ്രിം കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്.
സുപ്രിം കോടതി നുസ്‌റത്ത് പര്‍വീനിനോട് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ പറയുകയും അലഹബാദ് ഹൈക്കോടതിയിലൂടെ നീതിയുടെ വെളിച്ചം ഡോ. കഫീല്‍ ഖാന് ലഭിക്കുകയും ചെയ്തു. ഇതുപോലെ നിരപരാധികളായ നിസ്വാര്‍ഥ സേവനം ചെയ്യുന്ന സഞ്ജീവ് ഭട്ടിനെപ്പോലുള്ള, അപരാധിയാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത മഅ്ദനിയെപ്പോലുള്ള എത്രയോ മനുഷ്യര്‍ അന്യായമായി തടവറകളില്‍ നരകിച്ചു കഴിയുകയാണ്. ഡോ. കഫീല്‍ ഖാന്റെ മോചനം ഇത്തരം നിരപരാധികള്‍ക്കും ജയില്‍ മോചനം എത്രയും പെട്ടെന്ന് സാധ്യമാക്കുമെന്ന് കരുതാം. നീതിയുടെ മുഴുവന്‍ വിളക്കുകളും അണഞ്ഞിട്ടില്ലെന്ന ആശ്വാസമാണ് ഇത്തരം പ്രതീക്ഷകള്‍ക്ക് കരുത്തു നല്‍കുന്നത്. നീതിയെയും സത്യത്തെയും കുഴിച്ചുമൂടി തങ്ങളുടെ വര്‍ഗീയ അജന്‍ഡ പൗരന്മാര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുന്ന ഭരണകൂടങ്ങള്‍ക്ക് അലഹബാദ് ഹൈക്കോടതി വിധി ഒരു പാഠമായെങ്കില്‍!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."