പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് ഹാക്ക് ചെയ്തത്. നരേന്ദ്രമോദിയുടെ വെബ്‌സൈറ്റിന്റെ ഭാഗമായ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്.
അധികം താമസിയാതെ തന്നെ അക്കൗണ്ടിന്റെ നിയന്ത്രണം ട്വിറ്റര്‍ പുനഃസ്ഥാപിക്കുകയും വ്യാജ ട്വീറ്റുകള്‍ ഒഴിവാക്കുകയും ചെയ്തു.
'അതെ ഈ അക്കൗണ്ട് ജോണ്‍ വിക്ക് ഹാക്ക് ചെയ്തിരിക്കുകയാണ്. ഞങ്ങള്‍ പേടിഎം ഹാക്ക് ചെയ്തിട്ടില്ല.' ഇതായിരുന്നു ഹാക്കര്‍മാരുടേതായി പ്രത്യക്ഷപ്പെട്ട അവസാന ട്വീറ്റ്. അതിന് മുന്‍പേ ഓരോ മിനിറ്റിലും ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ട നിരവധി ട്വീറ്റുകളായിരുന്നു മോദിയുടെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്.
കൊവിഡ്19നുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും ഉദാരമായി സംഭാവന ചെയ്യൂ. ഇന്ത്യ ക്രിപ്‌റ്റോ കറന്‍സി ആരംഭിക്കുകയാണ്. ദയവായി എല്ലാവരും ബിറ്റ്‌കോയിന്‍ സംഭാവന ചെയ്യൂ' ക്രിപ്‌റ്റോ കോഡുകളടങ്ങിയ വ്യാജ ട്വീറ്റില്‍ പറയുന്നു.
അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ട്വിറ്റര്‍ ഇന്ത്യയും സ്ഥിരീകരിച്ചിട്ടുണ്ട്. 'ഞങ്ങള്‍ സംഭവത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതല്ലാതെ മറ്റു അക്കൗണ്ടുകളൊന്നും ഹാക്ക് ചെയ്യപ്പെട്ടില്ലെന്നാണ് ഇതുവരെയുള്ള നിഗമനം.' ട്വിറ്റര്‍ വക്താവ് അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
ജൂലൈയില്‍ ബരാക് ഒബാമ, വാരന്‍ ബഫറ്റ്, ജെഫ് ബെസോസ്, ജോ ബൈഡന്‍, ബില്‍ ഗേറ്റ്‌സ്, എലോണ്‍ മസ്‌ക് തുടങ്ങി നിരവധി പേരുടെ അക്കൗണ്ടുകള്‍ സമാനമായ രീതിയില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഊബറിന്റെയും ആപ്പിളിന്റെയും അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."