അരിവാള്‍ രോഗികളുടെ പെന്‍ഷന്‍ സര്‍ക്കാര്‍ ഉത്തരവ് നടപ്പായില്ല
മാനന്തവാടി: അരിവാള്‍ രോഗികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിമാസ പെന്‍ഷന്‍ ജില്ലയിലെ രോഗികള്‍ക്ക് ലഭിച്ചില്ലെന്ന് പരാതി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അരിവാള്‍ രോഗികള്‍ക്ക് പ്രതിമാസ പെന്‍ഷനായി 2000 രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.
എന്നാല്‍ ആനുകൂല്യം ഇതുവരെ ദുരിതമനുഭവിക്കുന്ന രോഗികള്‍ക്ക് ലഭിച്ചിട്ടില്ല. നിലവില്‍ പെന്‍ഷന്‍ ആനുകുല്യത്തിനായി മെഡിക്കല്‍ കോളജില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതും ജില്ലയിലെ രോഗികളെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതാണ്. സിക്കിള്‍സെല്‍ രോഗികള്‍ക്കായി മാനന്തവാടി ജില്ലാ ആശുപത്രിയിലും ബത്തേരി താലുക്ക് ആശുപത്രിയിലും എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പ്രത്യേക വാര്‍ഡ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രോഗികള്‍ക്ക് ഉപകാരപ്പെട്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്.
ജില്ലയില്‍ ഏകദേശം 1000 ത്തോളം അരിവാള്‍ രോഗികള്‍ ഉണ്ടെന്നാണ് കണക്കുകള്‍ വ്യകതമാക്കുന്നത്. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് തിരുനെല്ലി, നൂല്‍പ്പുഴ പഞ്ചായത്തുകളിലാണ്. ആദിവാസി, ചെട്ടി വിഭാഗങ്ങളെയാണ് ഈ രോഗം പ്രധാനമായും ബാധിച്ചിരിക്കുന്നത്. ആദിവാസി വിഭാഗത്തില്‍ 15 ശതമാനവും ചെട്ടിമാരില്‍ 25 ശതമാനവും രോഗബാധിതരോ, വാഹകരോ ആണ്. എന്നാല്‍ മറ്റ് രോഗങ്ങള്‍ ബാധിച്ചവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വിഭാഗത്തിന് പ്രത്യേക ആനുകൂല്യങ്ങളോ, പദ്ധതികളോ ലഭിക്കുന്നില്ല. ജനിതക രോഗമായതിനാല്‍ തന്നെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ഒരു ജനതയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുകയും ചെയ്യുന്നു.
പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ലെങ്കിലും മെച്ചപ്പെട്ട ആരോഗ്യ പരിപാലനവും പ്രാഥമിക ജീവിത സൗകര്യങ്ങളും രോഗികള്‍ക്ക് ലഭ്യമാക്കുന്നതിലൂടെ രോഗത്തെ നിയന്ത്രിക്കാനും ഒരു പരിധി വരെ സാധാരണ ജീവിതം നയിക്കാനും രോഗികള്‍ക്ക് കഴിയും. എന്നാല്‍ തലമുറകളായി രോഗത്തിനടിമപ്പെട്ട സിക്കിള്‍സെല്‍ രോഗികള്‍ മാനസികവും ശാരീരികമായും അവശരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമാണ്. കുടാതെ നിരവധി ഭാരിച്ച ചികിത്സാചെലവ് രോഗികളുള്ള കുടുംബങ്ങളെ കടക്കെണിയിലാക്കുന്നുമുണ്ട്.
അരിവാള്‍ രോഗികള്‍ക്ക് ജാതിമത പരിഗണനകളില്ലാതെ ചികിത്സ ആനുകൂല്യങ്ങള്‍ മുഴുവന്‍ അനുവദിക്കാനും രോഗികളായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന പദ്ധതികള്‍ക്ക് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നിട്ടിറങ്ങി ജില്ലയിലെ അരിവാള്‍ രോഗികളെ സമുഹത്തിന്റെ പൊതുധാരയിലെക്കെത്തിക്കാന്‍ നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യമാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."