'നാഷണല്‍ അഡ്രസ്സി'ല്‍ തെറ്റായ മേല്‍വിലാസം നല്‍കിയാല്‍ ശിക്ഷ
ജിദ്ദ: സഊദിയിലെ താമസകേന്ദ്രങ്ങളുടെ വിലാസം തെറ്റായി നല്‍കിയാല്‍ ശിക്ഷ. ദേശിയ മേല്‍വിലാസ പദ്ധതിയായ 'നാഷണല്‍ അഡ്രസ്സി'ല്‍ സ്വദേശികളും വിദേശികളും താമസകേന്ദ്രം നിര്‍ബന്ധമായി രേഖപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി പോസ്റ്റല്‍ ഡിപ്പാര്‍ട്ടമെന്റ് നടപ്പിലാക്കിയ പദ്ധതിയില്‍ ഇതുവരെ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 90 ലക്ഷം കവിഞ്ഞു.
രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യമേഖലാ ജീവനക്കാരും സൗദി പോസ്റ്റ് നടപ്പിലാക്കുന്ന നാഷണല്‍ അഡ്രസ്സ് പദ്ധതിയില്‍ ഓണ്‍ലൈന്‍ ആയി വിലാസം രജിസ്റ്റര്‍ ചെയ്യണമെന്ന് ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ ഉള്‍പ്പെടെ വിവിധ മന്ത്രാലയങ്ങള്‍ നിഷ്‌ക്കര്‍ഷിച്ചിരുന്നു. ഇതിനു പുറമെ ബാങ്ക് അക്കൗണ്ടുകള്‍ നാഷണല്‍ അഡ്രസ്സുമായി ലിങ്ക് ചെയ്യണമെന്ന് രാജ്യത്തെ മുഴുവന്‍ ബാങ്കുകള്‍ക്കും കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയും നിര്‍ദ്ദേശം നല്‍കിയിരുന്നു. സൗദി പോസ്റ്റിന്റെ നാഷണല്‍ അഡ്രസ്സ് വെബ്‌സൈറ്റിലാണ് വിലാസം രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമുള്ളത്. വ്യക്തികള്‍ക്ക് പുറമെ സ്ഥാപനങ്ങള്‍ക്കും ഇതില്‍ രജിസ്റ്റര്‍ ചെയ്യാം. വിദേശികള്‍ ഇഖാമ നമ്പര്‍ നല്‍കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
എന്നാല്‍ നാഷണല്‍ അഡ്രസ്സുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്നു സഊദി പോസ്റ്റല്‍ ആക്റ്റിംഗ് പ്രസിഡന്റ് മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. അതേസമയം നാഷണല്‍ അഡ്രസ്സില്‍ വ്യക്തിഗത മേല്‍വിലാസം നല്‍കിയില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കില്ലെന്ന് ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പുതിയ അക്കൗണ്ട് തുറക്കാന്‍ നാഷണല്‍ അഡ്രസ്സ് നിര്‍ബന്ധമാണ്. വാഹനഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി എടുക്കാനും അടുത്തിടെ നാഷണല്‍ അഡ്രസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."