മുന്‍ സൈനികനെ കൊലപ്പെടുത്തി കുഴിച്ചുമൂടി; മൂന്ന് പ്രതികള്‍ അറസ്റ്റില്‍
ഹരിപ്പാട്: മുന്‍ സൈനികനില്‍ നിന്നും പണം പലിശയ്ക്ക് വാങ്ങിയശേഷം കൊലപ്പെടുത്തി കുഴിച്ചുമൂടി. പള്ളിപ്പാട് താമസിച്ചുവരുന്ന ചിറയിന്‍കീഴ് സ്വദേശി രാജ(75)നെയാണ് മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയശേഷം കുഴിച്ചുമൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളിപ്പാട് തെക്കേക്കര കിഴക്കുംമുറി അമ്പിയില്‍ വീട്ടില്‍ ശ്രീകാന്ത് (26), നീണ്ടൂര്‍ കൊണ്ടൂരേത്ത് രാജേഷ് (36), അയല്‍വാസിയായ കൊണ്ടൂരേത്ത് വിഷ്ണു (23) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. രാജനെ രണ്ടാഴ്ച മുന്‍പ് കാണാതായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് പൊലിസ് കണ്ടെത്തുന്നത്.
പ്രതികള്‍ രാജനില്‍ നിന്നും പണം പലിശയ്ക്ക് വാങ്ങിയിരുന്നു. തിരികെ ചോദിച്ചപ്പോള്‍ തട്ടികൊണ്ടുപോയി കൊന്ന് കുഴിച്ചു മൂടുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. കൊലയ്ക്ക് ശേഷം പള്ളിപ്പാട് കുരീക്കാട് ജങ്ഷന് കിഴക്ക് വശമുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ ആണ് മൃതദേഹം കുഴിച്ചിട്ടത്.
ഏപ്രില്‍ 10 മുതല്‍ രാജനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ ഹരിപ്പാട് പൊലിസില്‍ പരാതി നല്‍കിയിരുന്നു. രാജേഷിനെ കാണാന്‍ പോകുകയാണെന്ന് പറഞ്ഞാണ് രാജന്‍ വീട്ടില്‍ നിന്നും പോയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് പല തവണ രാജേഷിനെ ചോദ്യം ചെയ്‌തെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. രാജേഷുമായി ബന്ധമുള്ള ശ്രീകാന്തിനെയും വിഷ്ണുവിനെയും പലതവണ മാറിമാറി ചോദ്യം ചെയ്തു. മൂവരുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പള്ളിപ്പാട് ഭാഗത്തെ സൂപ്പര്‍മാര്‍ക്കറ്റിന്റെ സി.സി. ടി.വിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളിലൂടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. രാജനെ ഹ്യുണ്ടായി ഇയോണ്‍ കാറില്‍ കയറ്റി കൊണ്ടുപോകുന്നതായി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിരുന്നു.
ഇയോണ്‍ കാറുകളുടെ വിവരങ്ങള്‍ ശേഖരിച്ച പൊലിസിന് പള്ളിപ്പാട് പ്രദേശത്തെ ഉടമയുടെ വിവരം ലഭിച്ചു. ഇത് രാജേഷിന്റെ അമ്മാവന്റെ പേരിലുള്ളതായിരുന്നു. തുടര്‍ന്ന് ഇവിടെ എത്തി അന്വേഷിച്ചപ്പോള്‍ കാര്‍ വാടകക്ക് നല്‍കുന്നതാണെന്നും രാജേഷാണ് ഉപയോഗിക്കുന്നതെന്നും മനസിലായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. രാജന്റെ കൈയില്‍ നിന്നും പണം വാങ്ങിയശേഷം തിരികെ നല്‍കാതിരിക്കാനാണ് കൊല നടത്തിയതെന്നും പൊലിസ് പറഞ്ഞു.
ഇന്നലെ രാവിലെ പ്രതികളിലൊരാളായ ശ്രീകാന്തിനെ സംഭവ സ്ഥലത്തെത്തിച്ച് മൃതദേഹം മറവ് ചെയ്ത സ്ഥലത്തുനിന്നും പുറത്തെടുത്തു. ഒന്നാംപ്രതി ശ്രീകാന്ത് പള്ളിപ്പാട് ജങ്ഷന് സമീപം മൊബൈല്‍ ഷോപ്പ് നടത്തുകയാണ്. രാജേഷ് മൊബൈല്‍ ആക്‌സസറീസ് വിതരണക്കാരനാണ്.
എസ്.പി കെ.എം. ടോമി, ഡിവൈ.എസ്.പി ആര്‍.ബിനു എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. തഹസില്‍ദാര്‍ ടി.ഐ.വിജയസേനന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.കെ. അശോക് കുമാര്‍, വിശ്വനാഥന്‍, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. ഹരിപ്പാട് സി.ഐ ബാബു സെബാസ്റ്റ്യന്‍, എസ്.ഐ സ്റ്റെപ്‌റ്റോ ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."