കൊല്ലിക്കര താഴം വയലില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു
ബാലുശ്ശേരി: കോഴിക്കോട്- ബാലുശ്ശേരി റോഡില്‍ കൊല്ലിക്കര താഴം വയലില്‍ തുടര്‍ച്ചയായി കക്കൂസ് മാലിന്യം തള്ളുന്നതിനാല്‍ പരിസരവാസികള്‍ ദുരിതത്തില്‍. നന്മണ്ട പന്ത്രണ്ടാം മൈല്‍ വളവിലെ ജലസ്രോതസായ കൊല്ലിക്കര താഴം വയലിലാണ് ആറ് മാസത്തിനകം നാലാം തവണയും മാലിന്യം തള്ളിയത്.
പ്രദേശത്താകെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ നടത്തിയ തെരച്ചിലിലാണ് സ്ഥിരമായി മാലിന്യം ഒഴുക്കിവിടുന്ന കൊല്ലിക്കര താഴം വയലിലെ മാലിന്യം ശ്രദ്ധയില്‍പ്പെട്ടത്. ദുര്‍ഗന്ധം അസഹ്യമായതോടെ പരിസരവാസികളില്‍ വീടുവിട്ട് ബന്ധു വീടുകളിലേക്ക് മാറിതമാസിക്കുന്ന അവസ്ഥയാണ് പ്രദേശത്തുള്ളത്. കൃഷിയിറക്കുന്ന വയലില്‍ കക്കൂസ് - ഹോട്ടല്‍ മാലിന്യം തള്ളുന്നത് പതിവായതോടെ കര്‍ഷകര്‍ കൃഷിയിറക്കാന്‍ വിസമ്മതിക്കുകയാണ്. മാലിന്യം തള്ളുന്നതിനാല്‍ കൃഷിപ്പണിക്കും ആളെ കിട്ടാതായതായി ഉടമകള്‍ പറയുന്നു. വാഴ, നെല്ല്, വിഷുവിന്റെ പച്ചക്കറി ഉള്‍പ്പെടെയുള്ള വിളകള്‍ കൃഷി ചെയ്യുന്ന വയലിലാണ് വ്യാപകമായി മാലിന്യം തള്ളുന്നത്.
ഇതിനെതിരേ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നുവെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല. പ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ ഭീഷണിയും തുടരുന്നുണ്ട്. തൊട്ടടുത്ത പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സി.സി ടിവി കാമറകള്‍ പരിശോധിച്ചാല്‍ പ്രതികളെ പിടികൂടാന്‍ കഴിയുമെന്നും ഇതിന് പൊലിസ് തയാറാവണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."