സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു; അഞ്ചുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 631 കേസുകള്‍
പത്തനംതിട്ട: സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിച്ച് സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍, ഓണ്‍ലൈന്‍ പെണ്‍വാണിഭം, ഓണ്‍ലൈന്‍ തട്ടിപ്പ്, മയക്കുമരുന്ന് കടത്ത് തുടങ്ങി സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തത് 631 കേസുകള്‍. 487 പ്രതികള്‍ പിടിയിലായപ്പോള്‍ 117 പ്രതികള്‍ ഇന്നും കാണാമറയത്താണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി മികച്ച സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴും കുറ്റകൃത്യങ്ങള്‍ വര്‍ഷംതോറും വര്‍ധിക്കുന്നത് പൊലിസിന് തലവേദന സൃഷ്ടിക്കുകയാണ്.
2011 മെയ് മുതല്‍ 2016 മെയ് വരെയുള്ള കണക്കുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍, മൊബൈല്‍, വാട്‌സ്ആപ്പ് എന്നിവ മുഖേന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള ലൈംഗികാതിക്രമത്തിന്റെ നിരക്കിലും വന്‍ വര്‍ധനവാണ് ഉണ്ടായത്. ഇത്തരത്തില്‍ 371 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 278 പ്രതികളെ പിടികൂടുകയും ഒന്‍പതു പേരെ ശിക്ഷിച്ചിട്ടുമുണ്ട്. 94 പ്രതികളെ ഇനിയും പിടികൂടാനുണ്ട്.
353 പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ ഇത്തരം തട്ടിപ്പിനിരയായപ്പോള്‍ 18 കുട്ടികളും ഓണ്‍ലൈന്‍ ചതിയില്‍പ്പെട്ടുവെന്നാണ് വിവരം. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 25 കേസുകളില്‍ നാലു കുട്ടികളാണ് ഇരയായത്. 85 പേരെ പിടികൂടി. മൂന്നു പേര്‍ക്കു ശിക്ഷ കിട്ടിയപ്പോള്‍ ഇനി ഏഴു പേരെകൂടി പിടികൂടാനുണ്ട്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പും ഇക്കാലത്ത് വ്യാപകമായെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. 37 കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് നടന്നിട്ടുള്ളത്. 182 കേസുകളാണ് വിവിധയിടങ്ങളിലായി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ 46 കേസുകള്‍ തെളിയിച്ചപ്പോള്‍ 136 കേസുകള്‍ തെളിവില്ലാതെയും പ്രതികളെ കിട്ടാതെയും അവശേഷിക്കുന്നു. മയക്കുമരുന്ന് കടത്ത് കേസുകളില്‍ ആകെ 53 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 78 പ്രതികളെ പിടിച്ചു. 12 പേരെ ശിക്ഷിച്ചപ്പോള്‍ 16 പേരെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
ഇത്തരത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിലും പ്രതികളെ പിടികൂടാത്തതിലും പൊലിസില്‍തന്നെ ഭിന്നാഭിപ്രായങ്ങളാണ് ഉയരുന്നത്. ഇത്തരം സംഭവങ്ങള്‍ നിയന്ത്രിക്കുന്നതിന് വന്‍ സജ്ജീകരണങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരുന്നത്. ഏറ്റവും ആധുനിക സാങ്കേതികവിദ്യകള്‍, വിദഗ്ധ പരിശീലനം നേടിയ ഉദ്യോഗസ്ഥര്‍, സൈബര്‍ കുറ്റാന്വേഷണം, സൈബര്‍ സുരക്ഷ എന്നീ കാര്യങ്ങളില്‍ സഹായിക്കുന്ന സൈബര്‍ വിദഗ്ധരുടെയും സാങ്കേതിക വിദഗ്ധരുടെയും എത്തിക്കല്‍ ഹാക്കര്‍മാരുടെയും ഒരു ഓണ്‍ലൈന്‍ ഓഫിസായി പ്രവര്‍ത്തിക്കുന്ന സൈബര്‍ ഡോം തുടങ്ങിയ സൗകര്യങ്ങളും സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇവ കൃത്യമായി ഉപയോഗിക്കുന്നില്ലെന്നും സേനയില്‍തന്നെ ആക്ഷേപമുണ്ട്. ഓണ്‍ലൈന്‍ പെണ്‍വാണിഭം അടക്കമുള്ള കേസുകള്‍ സംബന്ധിച്ച് ഇന്റലിജന്‍സ് വിഭാഗം നല്‍കുന്ന വിവരങ്ങള്‍ മുഖവിലയ്‌ക്കെടുക്കാത്തതും പൊലിസിലുള്ളവര്‍ കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതും സൈബര്‍ കേസുകളുടെ അന്വേഷണത്തെ ബാധിക്കുന്നതായും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."