ഇനി നമുക്ക് ഭക്ഷണം കഴിക്കാം
ഭക്ഷണം നമ്മുടെ ജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമാണല്ലോ ?.ഏതു ജീവിത സാഹചര്യത്തിലും നമ്മുടെ സാമ്പത്തികവും, ശാരീരിക പരിമിതികളും അനുസരിച്ചുള്ള ഒരു ഭക്ഷണ രീതി നാം അവലംഭിക്കാറുണ്ട്.
നമ്മുടെ വീടകത്തു നിന്നു തുടങ്ങി ലോകത്തിലെ പല ചുറ്റുപാടുകളിൽ നിന്നായി, നടന്നു ചായ വിൽക്കുന്നവർ, സൈക്കിളിൽ ചായയും പലഹാരവും വിൽക്കുന്നവർ, ഒരാൾ മാത്രം വിഭവങ്ങളുമായി നടത്തുന്ന ചായക്കടകൾ, പ്രാതലും ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും നല്കുന്ന ഇടത്തരം, ശരാശരി, പുർണ്ണ സജ്ജമായ റസ്റ്റോറന്റുകള്‍, സ്റ്റാർ ഹോട്ടലുകൾ, ബാറുകൾ എന്നീ ഭക്ഷണശാലകളിൽ നിന്നായി നാം പലപ്പോഴായി ഭക്ഷണം കഴിക്കാറുണ്ട് .
ഭക്ഷണം പാകം ചെയ്യുന്നവർ മുതൽ വിളമ്പി തരുന്നവർ വരെയും, ഹോട്ടൽ കച്ചവടം നടത്തുന്നവരിൽ ഭൂരിഭാഗവം ഊട്ടുന്നതിലുള്ള സംതൃപ്തി ആഗ്രഹിക്കുന്നവരാണ് .അപൂർവ്വം ചിലരെങ്കിലും അതിന്റെ ധാർമ്മികതയ്ക്ക് വില കൊടുക്കാത്തവരായും ഉണ്ട്.
നല്ല വൃത്തിയുള്ള അടുക്കളയിൽ നിന്നും വൃത്തിയോടെ പാകം ചെയ്ത് ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണം വൃത്തിയോടും വെടിപ്പോടെയുള്ള സ്ഥലത്തിരുന്നു കഴിക്കുവാൻ സാധിക്കണം.
ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പച്ചക്കറി , മത്സ്യം, മാംസം, മസാല പൊടികൾ , മൈദ, ഗോതമ്പ് പൊടികൾ , ചായപ്പൊടി , കാപ്പി പൊടി , പഞ്ചസാര തുടങ്ങി എല്ലാത്തിന്റെയും ഗുണ മേന്മയുടെയും ,അളവിന്റെയും അതു സൂക്ഷിക്കേണ്ടതിന്റെയും ,വിളമ്പേണ്ടുന്ന സമയത്തെ കുറിച്ചും ,മാത്രമായി വിശദമായി മറ്റൊരിക്കൽ വിശകലനം ചെയ്യേണ്ടതുണ്ട് .
ഇവിടെ വൃത്തിയുടെ കാര്യമാണ് പ്രതിപാദിക്കുന്നത്.വിഭവങ്ങൾ പാകം ചെയ്യുന്നതിലും വിളമ്പുന്നതിലും വൃത്തിയുടെ കാര്യത്തിൽ നാം എത്രമാത്രം സൂക്ഷ്മത പുലർത്തുന്നു എന്നത് ഗൗരവത്തോടെ വിലയിരുത്തേണ്ടതുണ്ട്.
പലപ്പോഴും നാം കാണാറുള്ളത് കുടിച്ച ഗ്ലാസ്സ് നല്ല വണ്ണം കഴുകാതെ തരിക ,ഒരു ചെറിയ പാത്രത്തിൽ നിറച്ചവെള്ളത്തിൽ തന്നെ വീണ്ടും വീണ്ടും കഴുകുക. അല്ലെങ്കിൽ ചായ ഒഴിച്ച ഗ്ലാസ്സിൽ കൈവിരലുകൾ ഇറക്കി വെച്ചു തരിക, ഉപയോഗിച്ച സ്പൂൺ നല്ല രീതിയിൽ കഴുകാതെ തരിക,കഴുകിയ പ്ലേറ്റുകൾ മുഷിഞ്ഞ തുണി കൊണ്ടു തുടക്കുക, എണ്ണക്കടികൾ വറുക്കുന്ന എണ്ണയിൽ തന്നെ വീണ്ടും വറുക്കുക. പലഹാരങ്ങൾ കൈ ഉറയൊ കൊടിലോ ഇല്ലാതെ തരിക, പത്രക്കടലാസിൽ പൊതിഞ്ഞു കൊടുക്കുക ,ഈച്ച വന്നിരിക്കുന്ന ഭക്ഷണം പാകം ചെയ്തു വെച്ച തുറന്ന തളിക,പൊറോട്ട പോലെയുള്ള ഇനങ്ങൾ പാകം ചെയ്യാൻ ഒരുക്കി വെച്ചതിനു മുകളിൽ ചിലപ്പോഴെങ്കിലും വൃത്തിയില്ലാത്ത തുണി കൊണ്ടു മൂടുക, അങ്ങിനെ നിരവധി വൃത്തി ഹീനമായ അനുഭവങ്ങൾ .
വൃത്തിയിൽ വെക്കാത്ത തീൻ മേശകൾ, ഈച്ചകൾ നിറഞ്ഞ ഡൈനിങ്ങ് ഹാൾ, വൃത്തിയില്ലാത്ത നിലം, വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങളുടെ അഭാവമാണ് ഇതിനു ഇടവരുത്തുന്നത് .
വ്യക്തമായ ആസൂത്രണം ഇല്ലാത്ത അടുക്കള, പച്ചക്കറികൾ അരിയാനോ, മത്സ്യ , മാംസങ്ങൾ വൃത്തിയിൽ കഴുകാനോ, അവ പാകം ചെയ്യുന്നതിനു വേണ്ടി ഒരുക്കി വെക്കാനോ, അതിന്റെ അവശിഷ്ടങ്ങൾ സമയാസമയത്ത് കളയാനോ, വ്യക്തമായ സൗകര്യങ്ങൾ ഇല്ലാത്ത അവസ്ഥ. ആവശ്യത്തിന് വേണ്ട ശുദ്ധജല ലഭ്യത ഉറപ്പുവരുത്താത്ത അവസ്ഥ,
നിലവിലുള്ള ചില സർക്കാർ മാർഗ്ഗ നിര്‍ദേശങ്ങള്‍
(ഹോട്ടലുകൾ, കാപ്പി ക്കടകൾ, പലഹാരക്കടകൾ, മുതലായവ)
1. ഈ വ്യാപാര സ്ഥാപനങ്ങളിലെ അടുക്കളയിൽ നിന്നുള്ള പുക പോകുന്നതിൽ മതിയായ ഉയരത്തിൽ ചിമ്മിനി ഉണ്ടായിരിക്കേണ്ടതാണ്
2. ഈ സ്ഥലത്തോടനുബന്ധിച്ച തൊഴുത്തോ വളക്കുഴിയോ സ്ഥാപിക്കാൻ പാടില്ല.
3. പകർച്ചവ്യാധി പിടിപെട്ടവരും ഈ സ്ഥലങ്ങളിൽ പെരുമാറാൻ പാടില്ലാത്തതാകുന്നു.
4. ജോലിക്കാർ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, പായ മുതലായവ, പ്രത്യേകം മുറിയിൽ സൂക്ഷിക്കേണ്ടതാണ്.
5. ജോലിക്കാർ വസൂരി, കോളറ, സന്നിപാത ജ്വരം തുടങ്ങിയ പകർച്ചവ്യാധികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ നടത്തിയിരിക്കേണ്ടതാകുന്നു. ജോലിക്കാരുടെ ദേഹവും, വസ്ത്രങ്ങളും എല്ലായ്‌പ്പോഴും ശുചിയായി ഇരിക്കേണ്ടതാകുന്നു. ജോലിക്കാരെ ആദ്യമായി ജോലിക്കു എടുക്കുമ്പോൾ ഒരു മാസത്തിനുള്ളിലും , പിന്നീട് ഓരോ കൊല്ലം കൂടുമ്പോഴും എല്ലാ ഏപ്രിൽ മാസങ്ങളിലും വൈദ്യ പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങിക്കേണ്ടതാണ്.
6. ശുദ്ധജലം ഉപയോഗിച്ചു മാത്രമേ ആഹാരസാധനങ്ങൾ പാകം ചെയ്യാൻ പാടുള്ളൂ.
7. ആഹാരസാധനങ്ങളിൽ ഈച്ച മുതലായ, പ്രാണികൾ കടന്ന് വൃത്തികേടാകാതിരിക്കുന്നതിനു സാധനങ്ങൾ കണ്ണാടി അലമാരയിൽ സൂക്ഷിക്കേണ്ടതാണ്.
8. ഈ സ്ഥലത്തുള്ള എച്ചിൽ ഇലകൾ മുതലായവ യാതൊരു കാരണവശാലും പൊതുവഴിയിൽ ഉപേക്ഷിക്കുവാൻ പാടില്ല. ഇവ അടപ്പുള്ള പെട്ടികളിൽ സൂക്ഷിച്ച് അടുത്തുള്ള കുപ്പതൊട്ടിയിൽ നിക്ഷേപിക്കേണ്ടതാണ്.
9. ആഹാരപദാത്ഥങ്ങൾ ഭക്ഷിക്കുന്നതിൽ ഉപയോഗിക്കുന്ന മേശകളുടെ മുകൾ ഭാഗം മാർബിളോ മറ്റ് ഈർപ്പം പിടിക്കാത്ത ഏതെങ്കിലും സാധനങ്ങൾ കൊണ്ടോ ഉണ്ടാക്കിയിട്ടുള്ളവ ആയിരിക്കണം.
10. ചെമ്പ്, പിച്ചള പാത്രങ്ങൾ ഈയം പൂശി മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ.
11. ഉപയോഗിച്ച പാത്രങ്ങൾ തിളച്ച വെള്ളത്തിൽ സോപ്പ് കൊണ്ട് കഴുകി മാത്രമേ വീണ്ടും ഉപയോഗിക്കുവാൻ പാടുള്ളൂ.
അപ്പം, ബിസ്‌ക്കറ്റ് മുതലായവ ഉണ്ടാക്കുന്ന സ്ഥലം
1. വ്യാപാര സ്ഥലത്തിനും സാധനങ്ങൾ ശേഖരിച്ച് വയ്ക്കുന്നതിനും ഉണ്ടാക്കുന്നതിനു
സ്ഥലം , മാവു കുഴക്കുന്നതിനും പ്രത്യേക മുറികൾ ഉണ്ടായിരിക്കേണ്ടതാണ്.
2. മാവ് കുഴക്കുന്ന മേശയുടെ പലകകളിൽ വിളളലോ, വിടവോ ഇല്ലാത്തതായിരിക്കേണ്ടതും ഏതു സമയത്തും വൃത്തിയായി സൂക്ഷിക്കേണ്ടതുമാണ്.
3. മാവ് കുഴയ്ക്കുന്ന ആൾ വൃത്തിയുള്ള എപ്രോൺ, തലപ്പാവ് എന്നിവ ധരിച്ചിരിക്കണം.
4. ഈ സ്ഥലങ്ങളിൽ പൊടി വീഴാതെ തടയുന്നതിനു സീലിംഗ് ഉണ്ടായിരിക്കേണ്ടതും , ആയത് വൃത്തിയായി സൂക്ഷിക്കേണ്ടതും ആണ്. ഈ നിർദ്ദേശങ്ങളൊക്കെ നിലവിൽ ഉണ്ടെങ്കിലും അധിക പേരും ഇതു നടപ്പിലാക്കി കാണുന്നില്ല .
വളരെ പ്രാഥമികവും പ്രാധാന്യവൂമുള്ള കാര്യങ്ങളിൽ കണ്ണുകൾ മണ്ണിൽ പൂഴ്ത്തി ഒരു ഒട്ടക പക്ഷി നിലപാടെടുക്കുന്നു .ആരോഗ്യ കരമായ ഒരു മാറ്റത്തിന് ഇപ്പോൾ തന്നെ നമുക്ക് ശ്രമിക്കാം .സംസ്ഥാനത്തെ മുഴുവൻ ഹോട്ടലുകളും അതിന്റെ വലിപ്പവും ഗ്രേഡുമനുസരിച്ചു ആനുപാതികമായി ചില നിബന്ധനകൾ പാലിക്കേണ്ടതായിട്ടുണ്ട്
ചില നിർദ്ദേശങ്ങൾ
അടുക്കള
പാകം ചെയ്യുന്ന സ്ഥലം വ്യക്തമായ രൂപ രേഖയോടു കൂടി സജ്ജമാക്കണം . കഴിവതും അന്തർ ദേശീയ തലത്തിൽ അംഗീരിക്കപ്പെട്ട സ്റ്റൈൻലെസ്സ് സ്റ്റീൽ അടുക്കള ആയിരിക്കണം . നിലത്തു നിന്നു 15 സെന്റി മീറ്റർ എങ്കിലും ഉയരത്തിലായിരിക്കണം .ഭിത്തി യിൽ ഉദ്ദേശം ഏഴര അടി വരെ എങ്കിലും ലൈറ്റ് കളറിലുള്ള ടൈൽസ് പതിക്കണം. നിലവൂം കഴിവതും വെള്ള നിറത്തി ലുള്ളതോ ,അല്ലെങ്കിൽ ഇളം നിരത്തിലുള്ളതോ ആയ ടൈൽസ് പതിക്കണം .കഴുകി വൃത്തിയായി സൂക്ഷിക്കാൻ ഏറ്റവും നല്ലത് അതാണെന്നാണ് വിദഗ്ദ്ധർ പറയുന്നത് . നിലം കഴുകിയാൽ വെള്ളം ഒഴുക്കോടെ പോകുവാൻ പാകത്തിലുള്ള ഡ്രൈനേജ് ട്രാപ്പ് ഉണ്ടാകണം , ഫ്ലെക്സിബിൾ ഹോസ് പൈപ്പ് വെച്ച ഒരു വാട്ടർ ടാപ്പ് ഉണ്ടായിരിക്കണം .
അടുക്കളയിൽ എക്സോസ്റ് ,ഹുഡ് , പുകക്കുഴൽ എന്നിവ അനുയോജ്യമായതു ഉണ്ടായിരിക്കണം
ജോലിയിൽ ഏർപ്പെട്ടവർക്കു കൈ കഴുകാൻ മാത്രമായി ഒരു ഹാൻഡ് വാഷ് ബെയ്സിൻ വേണം, വീണ്ടും പൈപ്പ് സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കണം .കാൽ മുട്ട് കൊണ്ടോ, കാൽ പാദം കൊണ്ടോ, ബാറ്ററി കൊണ്ടോ പ്രവർത്തിപ്പിക്കുന്നത് ആകുന്നതാണ് ഏറ്റവും ഉചിതം.
ഓരോന്നിനും വ്യത്യസ്ത മേശകൾ ഒരുക്കണം ,പച്ചക്കറിക്ക് പച്ച നിറത്തിലുള്ളതും ,മത്സ്യ ത്തിനു നീല നിറത്തിലുള്ളതും മാംസത്തിന് ചുവപ്പ് നിറത്തിലുള്ളതും ആകാവുന്നതാണ് .ഇതാണ് അന്തർ ദേശീയ തലത്തിൽ പൊതുവെ അംഗീകരിക്കപ്പെട്ടത്.നല്ല വായു സഞ്ചാരവും വെളിച്ചവും ഒരുക്കണം . എക്സോസ്റ് ഫാനുകൾ ഉണ്ടായിരിക്കണം .
ഉണ്ടാക്കിയ വിഭവങ്ങൾ വെക്കാൻ താപനില നിലനിർത്തുന്ന പാത്രങ്ങൾ (insulated food container) /ബൈൻ മേരി യൂണിറ്റ് (Bain Marie unit) സജ്ജമാക്കണം . റെഫ്രിജറേറ്റർ ഉണ്ടായിക്കണം .
അടുക്കളയ്ക്ക് മാത്രമായി ഇനം തിരിച്ചുള്ള അടപ്പുള്ള വേസ്റ് ബാസ്കറ്റ് വേണം .ഇവ ഒരൊ മണിക്കൂറിലെങ്കിലും നീക്കം ചെയ്യണം
ഓരോ പ്രധാന പാചകത്തിന് ശേഷവും , നിലവും മറ്റു ഇടങ്ങളും വെള്ളം അടിച്ചു കഴുകണം .
എക്സോസ്റ് ,ഹുഡ് എന്നിവ മാസത്തിൽ ഒരിക്കലെങ്കിലും കഴുകി വൃത്തിയാക്കണം .പുക കുഴൽ വൃത്തിയാക്കണം .
ഈ ഇടങ്ങളിൽ പൊതുവെ കണ്ടു വരുന്ന ചില അപകട കാരികളായ അണുക്കൾ (ജേംസ്) ബാക്ടീരിയകളും ആണ്. ഇ കോലി (E. coli),സാൽമെനെല്ല( salmenella). ഇതിൽ നിന്നും ഒരു പരിധി വരെ രക്ഷ കിട്ടുവാൻ കൈകൾ ചൂടുള്ള സോപ്പ് വെള്ളത്തിൽ 20 സെക്കന്റ് നേരമെങ്കിലുമുള്ള കൈ കഴുകലാണ്. ആന്റി ബാക്റ്റീരിയ ഹാൻഡ് വാഷും ഉപയോഗിക്കാവുന്നതാണ് .
അടുക്കളയിൽ കഴുകാൻ ഉപയോഗിക്കുന്ന നനഞ്ഞ സ്പോന്ജ് ,ബ്രഷുകൾ എന്നിവ ബാക്ടീരിയ വളരെ തങ്ങി നിൽക്കുന്ന ഇടങ്ങളാണ് .ഇവയും ചൂടുള്ള സോപ്പ് വെള്ളത്തിൽ കഴുകി ഉണക്കേണ്ടതാണ് .നല്ല വൃത്തിയുള്ള സാധനങ്ങൾ കൊണ്ടു മാത്രമേ കഴുകാനും തുടക്കാനും പാടുള്ളു .ഇതു പരസ്പര മലിനീകരനതിനൂ (cross contamination) ഉള്ള സാധ്യത ഗണ്യമായി കുറയ്ക്കും .
സാധ്യമാവുമെങ്കിൽ ഇടയ്ക്കെങ്കിലും സ്റ്റീം ഉപയോഗിച്ചു കഴുകാൻ ശ്രമിക്കണം .സിങ്ക് ദിവസവും കഴുകുന്നതു കൂടാതെ ആഴ്ചയിൽ ഒരിക്കൽ നല്ല ചൂടുവെള്ളത്തിൽ ബ്ലീച്ചിങ് പൌഡർ ചേർത്തു സിങ്കിന്റെ എല്ലാ ഭാഗവും നന്നായി വൃത്തിയാക്കണം .
കരിപിടിച്ച അടുപ്പുകൾ സോഡിയം ബൈ കർബൊനേറ്റ് ലായിനി രാത്രിയിൽ തേച്ചു പിടിപ്പിച്ചു പിറ്റേന്നു കാലത്തു ചൂടു വെള്ളത്തിൽ കഴുകുകയാണെങ്കിൽ നല്ലതാണു .
ജോലിയിൽ ഏർപ്പെട്ടവർക്കു കൈ കഴുകാൻ മാത്രമായി ഒരു ഹാൻഡ് വാഷ് ബെയ്സിൻ വേണം, വീണ്ടും പൈപ്പ് സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കണം .കാൽ മുട്ട് കൊണ്ടോ, കാൽ പാദം കൊണ്ടോ, ബാറ്ററി കൊണ്ടോ പ്രവർത്തിപ്പിക്കുന്നത് ആകുന്നതാണ് ഏറ്റവും ഉചിതം .
ആഴ്ചയിൽ ഒരിക്കൽ റെഫ്രിജറേറ്ററും ഫ്രീസറും വൃത്തിയാക്കണം .തട്ടുകൾ പുറത്തെടുത്ത് ചൂടുള്ള സോപ്പ് വെള്ളത്തിൽ കഴുകി നല്ലവണ്ണം തുടച്ചു ഉണക്കി മാത്രമേ തിരികെ വെക്കാൻ പാടുള്ളു .
കൂടാതെ നാം സ്പർശിക്കാൻ സാധ്യതയുള്ള വാതിൽ പിടികൾ പോലെയുള്ള എല്ലാ വസ്തുക്കളും ചൂടുള്ള സോപ്പ് വെള്ളം ഉപയോഗിച്ച് ഇടയ്ക്കിടെ വൃത്തിയാക്കണം .
പുറത്തു നിന്നു കൊണ്ടുവരുന്ന പച്ചക്കറി ,മത്സ്യം , മാംസം എന്നിവ അടുക്കളയുടെ പുറത്തു നിന്നു കഴുകി വൃത്തിയാക്കി മാത്രമേ അടുക്കളയിലേക്ക് കൊണ്ട് വരാൻ പാടുള്ളൂ .
ഡൈനിങ്ങ് ഹാളിൽ നിന്നുള്ള അവശിഷ്ടങ്ങൾ അടുക്കള വഴി പുറത്തേക്കു കൊണ്ടു പോകാതെ സൂക്ഷിക്കണം . പ്രത്യേക വഴി ഒരുക്കണം .
കഴുകുന്ന സ്ഥലം :-പ്രത്യേക മുറി സജ്ജമാക്കുന്നത് നല്ലതാണു .
സംഭരണ മുറി ( store room):- ഓരോ ഇനവും കാണാവുന്ന രീതിയിൽ എഴുതി തരം തിരിച്ചു അടച്ചുറപ്പുള്ള പാത്രത്തിൽ ആണ് സംഭരിച്ചു വെക്കേണ്ടത് . എലി, പാറ്റ , കൂറ ,പല്ലി ,പൂച്ച എന്നിവയൊന്നും വരാതെ നോക്കണം . മാസത്തിലൊരിക്കലെങ്കിലും ഇവയെ അകറ്റുന്നതിനുള്ള അനുവദനീയ മായ മരുന്ന് തളിക്കണം .നിലം വൃത്തി ആക്കുന്നതിന്റെ അവശ്യത്തിനായി നിലത്തിൽ നിന്ന് 15 സെന്റി മീറ്റർ ഉയരത്തിലായിക്കുന്നതാണ് നല്ലത് .
ഡ്രൈനേജ് :- മലിന ജലം ഒഴുക്കോടെ പോകുന്ന രീതിയിലുള്ളതായിരിക്കണം . ഇടയ്‌ക്കിടെ അവ പരിശോധിച്ചു വൃത്തി ഉറപ്പു വരുത്തണം .സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചു നിർദിഷ്ട അകലത്തിൽ ശാസ്ത്രീയമായ സംഭരണികൾ ഒരുക്കണം
മാലിന്യ കൊട്ട (waist-basket) :- മൂടിയോട് കൂടിയ പച്ച കൊട്ട :ബാക്കി വരുന്ന ഭക്ഷണം പൊലെയുള്ള ജൈവ മാലിന്യം നിക്ഷേപിക്കാനും മൂടിയോട് കൂടിയ ചുവപ്പു കൊട്ട :പ്‌ളാസ്റ്റിക് മാലിന്യം നിക്ഷേപിക്കാനും സജ്ജമാക്കനം
ഭോജന ശാല ( Dining Hall):- നല്ല വൃത്തിയുള്ള ,നല്ല വായു സഞ്ചാര മുള്ളതോ ,എയർ കണ്ടിഷണനോട് കൂടിയതോ ആയ സ്ഥലമായിരിക്കണം .
ശൗചാലയം (റെസ്‌റ് റൂം):- വളരെ നല്ല രീതിയിൽ സൂക്ഷിക്കേണ്ടുന്ന ഒരു സ്ഥലമാണ് ഇത്. നല്ല സൗകര്യത്തോടു കൂടി ,വളരെ വൃത്തിയിൽ , വ്യക്തമായ ഇടവേളകളിൽ ശരിയായ മാർഗ്ഗ നിർദേശങ്ങൾ പാലിച്ചു വൃത്തിയാക്കി സൂക്ഷിക്കേണ്ടതുണ്ട് .
തൊഴിലാളികൾ :-ജീവനക്കാർ മുടി ഷോർട് ആക്കി വെട്ടുക . ഭക്ഷണ പദാർത്ഥത്തിലേക്കു മുടി വീഴാതിരിക്കാൻ തൊപ്പി ധരിക്കുക , നഖം വെട്ടിയിരിക്കുക , കഴിവതും ശരീരം മറച്ചുള്ള വസ്ത്രം ധരിക്കുക.ഭക്ഷണം കൈകൊണ്ട് സ്പർശിക്കുന്നത് ഒഴിവാക്കാൻ കൈ ഉറ ധരിക്കുക.
തുമ്മുമ്പോഴോ ചുമക്കുമ്പോഴോ തുള്ളികൾ (ഡ്രോപ്പ് ലെറ്റ് ) തെറിക്കുന്നത് ഒഴിവാക്കാൻ പരമാവധി സമയം മാസ്ക് ഉപയോഗിക്കുക.
വിളമ്പുന്നവർ നല്ല വൃത്തിയിൽ വസ്ത്രം ധരിച്ചവരായിരിക്കണം . നഖം വെട്ടുകയും . മുറി ചെറുതാക്കി വെക്കുകയും ചെയ്യണം
ഇപ്പോൾ വളരെ പ്രചാരത്തിലുള്ള,ഭക്ഷണത്തിന്റെ ഔട്ട് സൗർസീങ്( പുറത്തു നിന്നു കണ്ടെത്തുന്ന ) രീതി വളരെ ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ് . ഇന്ന് മിക്കവാറും ബേക്കറികളിൽ സ്നാക്കുകൾ ഇതുപോലെ കണ്ടുത്തുന്നതാണ് . വീടുകളിൽ വെച്ചോ , ചെറിയ കുടിൽ വ്യവസായമെന്നരീതിയിൽ ഉണ്ടാക്കി വിതരണം ചെയ്തു വരുന്നതാണ് കണ്ടു വരുന്നത് . എതു രീതിയിലുള്ള പാചക സ്ഥലത്തു നിന്നാണ് ഉണ്ടാക്കുന്നതെന്ന് പലപ്പോഴും അന്വേഷിക്കാറില്ല.ഈ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവർ സമൂഹത്തോടുള്ള ബാധ്യത ഓർത്തു വ്യക്തമായ ശുചിത്വം പാലിക്കണം. സർക്കാർ ഇതിനു വ്യക്തമായ മാർഗ്ഗരേഖ കൊണ്ട് വരികയും ,അതു കണിശമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയും ചെയ്യണം
വൃത്തിയുടെ കാര്യത്തിൽ ഏറ്റവും ചെറിയ സംഗതികളിൽ പാലിക്കേണ്ടുന്ന, ഏറ്റവും നല്ല രീതിയെക്കുറിച്ചുള്ള വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും അതിന്റെ പ്രാധാന്യം ബോധവൽക്കരിക്കുകയും ചെയ്യണം .കണിശമായ പരിശോധന നിരന്തരം നടത്തുന്നതിൽ ജാഗ്രത കാണിക്കേണ്ടുമുണ്ട്.
ഇത് കേവലം ഒരു വ്യാപാരമല്ല, മനുഷ്യന്റെ ആരോഗ്യവുമായി, ബന്ധപ്പെട്ട വിഷയമാണെന്ന രീതിയിൽ കാണാൻ നമുക്ക് സാധിക്കണം.
കേരളത്തിൽ ആകെ ഇത് പോലെയുള്ള ഒരു അവബോധം സമയ ബന്ധിതമായി നടത്തിയാൽ ഒരു പുതിയ , ശാസ്ത്രീയമായ രീതിയിലുള്ള ശുചിത്ത സംസ്കാരം ഉണ്ടാകാനും ,അതു വഴി പൊതു ഇടങ്ങളിൽ നിന്നും ഉത്തമ വിശ്വാസത്തോടെ വൃത്തിയുള്ള ഭക്ഷണം കഴിക്കാനുള്ള അവസ്ഥ ഉണ്ടാകും .
ചെറുതും വലുതുമായ ഭക്ഷണം കഴിക്കുന്ന ഇടങ്ങളിൽ ഒരു മനോഭാവ മാറ്റത്തിലൂടെ, ചെറിയ പുനർ ക്രമീകരണങ്ങളിലൂടെ ലോകോത്തര നിലവാരമുള്ള ഒരു പുതിയ വൃത്തിയുള്ള ഭക്ഷണ സംസ്കാരം ഇപ്പോൾ തന്നെ നേടിയെടുക്കാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."