സഊദിയില്‍ ആദ്യ കാല ഇസ്‌ലാമിക യുഗത്തിലെ പുരാവസ്തുക്കള്‍ കണ്ടെത്തി
റിയാദ്: സഊദിയില്‍ ആദ്യ കാല ഇസ്‌ലാമിക യുഗത്തിലെ പുരാവസ്തുക്കള്‍ കണ്ടെത്തി. പുരാവസ്തു ഗവേഷകര്‍ നടത്തിയ ഗവേഷണത്തിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആദ്യ കാല വസ്തുക്കള്‍ മണ്ണിനടിയില്‍ നിന്നും കണ്ടെത്തിയത്. സഊദിയുടെ വടക്കന്‍ പടിഞ്ഞാറന്‍ നഗര പ്രദേശമായ ഹായിലിലെ ചരിത്ര നഗരിയായ ഫായിദ് നഗരത്തിലാണ് ഗവേഷണ സംഘം ഇത് കണ്ടെത്തിയത്. പാചക പുരകള്‍, വാഷ് ബേസിനുകള്‍ തുടങ്ങിവയാണ് ഇവിടെ കണ്ടെത്തിയത്. സഊദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് (എസ് സി ടി എച്)ന്റെ കീഴിലാണ് ഗവേഷണ സംഘം.
ഇവിടെ നിരവധി നീര്‍ച്ചാലുകളും കണ്ടെത്തിയതായി സഊദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് വക്താവ് മാജിദ് അല്‍ശദീദ് പറഞ്ഞു. ഹായിലിനു സമീപം നേരത്തെ കണ്ടെത്തിയ പുരാവസ്തു ഗവേഷണ പ്രദേശങ്ങളോട് ചേര്‍ന്ന സ്ഥലത്താണ് പുതിയ ഗവേഷണം പുരോഗമിക്കുന്നത്. നേരത്തെ രണ്ടു പുരാതന കേന്ദ്രങ്ങള്‍ ഇവിടെ കണ്ടെത്തിയിരുന്നു. ആദ്യകാല ഇസ്‌ലാമിക യുഗത്തിലെ പള്ളി, വാസ്തു വിദ്യാ ചാരുതിയിലുള്ള നിരവധി റൂമുകള്‍, കോട്ടക്ക് ഇരു വശത്തുമുള്ള രണ്ടു വലിയ ചുവരുകള്‍ക്കിടയിലെ നിരവധി വാസ്തു വിദ്യാ നിര്‍മ്മാണങ്ങള്‍ എന്നിവയും ഇവിടുണ്ട്.
ഹായിലില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയുന്ന ഫായിദ് പ്രദേശം പഴയ കാല ഇറാഖിലെ കൂഫക്കും ബസ്വറക്കും അപ്പുറത്തുള്ള ദര്‍ബ് സുബൈദ എന്നിവിടങ്ങളില്‍ നിന്നു വരെയുള്ള പ്രദേശങ്ങളിലെ ആദ്യ കാല ഹാജിമാരുടെയും പുണ്യ സ്ഥലങ്ങള്‍ ലക്ഷ്യമാക്കിയുള്ള തീര്‍ത്ഥാടകരുടെയും സഞ്ചാര പാതയായിരുന്നു. സഞ്ചാരികളുടെ ഏറ്റവും വലിയ വിശ്രമ കേന്ദ്രവുമായിരുന്നു ഇവിടെയെന്നാണ് അനുമാനം. സമീപത്ത് ചില അഗ്‌നി പര്‍വ്വതങ്ങള്‍ ഉണ്ടായിരുന്നതാണ് ഈ പ്രദേശം ഇത്തരത്തില്‍ മണ്ണിനടിയിലാകാന്‍ കാരണമെന്നാണ് കരുതുന്നത്. അക്കാലത്ത് തന്നെ ഗ്ലാസ്, ഇരുമ്പ് തുടങ്ങിയ വസ്തുക്കള്‍ വ്യാപകമായി ഉണ്ടാക്കാന്‍ തുടങ്ങിയതായി ഇവിടെ കണ്ടെത്തിയ ചില അവശിഷ്ടങ്ങള്‍ വ്യക്തമാക്കുന്നതായി ഗവേഷക സംഘം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."