കൈയിലൊതുങ്ങാത്ത ചരിത്രവുമായി നാടിന്റെ ഈ ഡ്രൈവര്‍
ഇരിട്ടി:മമ്മൂട്ടി ഡ്രൈവര്‍ക്ക് എട്ട് വയസുള്ളപ്പോഴാണ് മലയോരത്തേക്കുള്ള ഗതാഗത കവാടമായി ബ്രിട്ടീഷുകാര്‍ ഇരിട്ടി പാലം പണിത് നാടിന് സമര്‍പ്പിച്ചത്.ഇപ്പോള്‍ മമ്മൂട്ടിക്ക് 92 വയസ്. ഇരിട്ടിയിലെ ബ്രിട്ടീഷ് പാലത്തിന് വയസ് 84. പഴകി തുരുമ്പെടുത്ത് അപകടാവസ്ഥയിലായ ബ്രിട്ടീഷ് പാലത്തിന് പകരം കെ.എസ്.ടി.പി നിര്‍മിക്കുന്ന പുതിയ പാലത്തിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. ഉപരിതല വാര്‍പ്പ് അടുത്ത മാസം നടക്കുമെന്നാണ് പ്രതീക്ഷ.ഈ പാലം നാടിന് സമര്‍പ്പിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് തലയില്‍ തൂവെള്ളക്കെട്ടുമായി മലയോരത്തിന്റെ തലയെടുപ്പുള്ള മമ്മൂട്ടി ഡ്രൈവര്‍.പുതിയ പാലം തുറക്കുന്നതിലൂടെ രണ്ടു കാലഘട്ടത്തിന്റെ ഏടുകള്‍ക്ക് സാക്ഷിയാവും ഇരിട്ടി പാലം. സ്വാതന്ത്ര്യത്തിന് മുന്‍പും രാജ്യം സ്വാതന്ത്ര്യം നേടിയതിന് ശേഷവുമുള്ള രണ്ട് പ്രതീകങ്ങള്‍ കൂടിയാവും ഇരിട്ടി പാലത്തിന്റെ ചരിത്രം
ഈ രണ്ട് പാലങ്ങളുടെയും ഉദ്ഘാടനഘട്ടത്തില്‍ ജീവിച്ചുവെന്നത് മാത്രമല്ല, പതിറ്റാണ്ടുകള്‍ നീണ്ട വാഹനമോടിക്കലിന്റെ ചരിത്രപുസ്തകം കൂടിയാണിന്ന് കൂളിച്ചെമ്പ്രയിലെ എന്‍ കെ മമ്മൂട്ടി ഡ്രൈവര്‍. അംബാസഡര്‍ കാര്‍ ഹിന്ദുസ്ഥാന്‍ കമ്പനി ഉത്പ്പാദിപ്പിക്കാനാരംഭിച്ച ഘട്ടത്തില്‍ അമ്പാസഡര്‍ കാര്‍ ടാക്‌സിയായി ഓടിച്ചയാളാണ് ഇദ്ദേഹം. അമ്പാസിഡര്‍ പുതിയ കാര്‍ നിര്‍മിക്കുന്നത് നിര്‍ത്തിയിട്ടു ഇപ്പോള്‍ കാലമേറെയായി. അമ്പാസഡറിന് മുന്‍പെ ഹിന്ദുസ്ഥാന്‍ 48 ഇനം കാറും മമ്മൂട്ടി ടാക്‌സിയായി ഓടിച്ചിട്ടുണ്ട്.
നിലവില്‍ ടാക്‌സിഡ്രൈവര്‍ ജോലിയില്‍ നിന്ന് വിടപറഞ്ഞെങ്കിലും കാറോടിക്കല്‍ ശീലം ഇപ്പോഴുമുപേക്ഷിച്ചിട്ടില്ല. സ്വന്തം മാരുതി കാര്‍ സ്വയം ഡ്രൈവ് ചെയ്യുന്ന ഈ 92കാരന്‍ ഇരിട്ടിയിലെ കൗതുകങ്ങളിലൊന്നാണ്. ഈയിടെ ഇരിട്ടിയില്‍ ജോയന്റ് ആര്‍.ടി.ഒ ഓഫീസ് ഉദ്ഘാടന വേളയില്‍ മോട്ടോര്‍ വാഹനവകുപ്പ് മമ്മൂട്ടിയെന്ന സുരക്ഷിത ഡ്രൈവറെ അനുമോദിക്കുകയുണ്ടായി. കുടിയേറ്റ കാലത്തെ ദുരിത ദുരന്തങ്ങളിലും കോളറയടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ച ഘട്ടങ്ങളിലും മമ്മൂട്ടിഡ്രൈവറുടെ അമ്പാസഡറായിരുന്നു അക്കാലത്ത് ജനങ്ങളുടെ ആംബുലന്‍സ്. ആദ്യകാല പ്രവാസികളുടെ വിമാനത്താവളവഴികളില്‍ നിന്ന് കെട്ടും പെട്ടികളുമായുള്ള വരവുപോക്കിനും മമ്മൂട്ടി ഡ്രൈവര്‍ ധാരാളം പേര്‍ക്ക് സാരഥിയായി. നേതാക്കള്‍, വിഐപികള്‍ എന്നിവര്‍ ഇരിട്ടിയിലെത്തിയാലും ചുരുക്കം ടാക്‌സിഡ്രൈവര്‍മാര്‍ മാത്രമുണ്ടായിരുന്ന അക്കാലത്ത് മമ്മൂട്ടി തന്നെസന്തതസഹചാരിയായി. കീഴൂര്‍ വി.യു.പി സ്‌കൂള്‍ തുടങ്ങിയ കാലത്ത് ആ സ്‌കൂളിലെ വിദ്യാര്‍ഥിയെന്ന നിലക്കും മമ്മൂട്ടി ശ്രദ്ധേയനായി.ഈയിടെ സ്‌കൂള്‍ പൂര്‍വിദ്യാര്‍ത്ഥി സംഗമത്തില്‍ ഏറ്റവും മുതിര്‍ന്ന പൂര്‍വവിദ്യാര്‍ത്ഥിയെന്ന നിലക്കുള്ള അനുമോദനവും മമ്മൂട്ടിയെ തേടിയെത്തി
ഫാത്തിമയാണ് ഭാര്യ. ഏഴ് മക്കളുണ്ട്. ചീറിപ്പാഞ്ഞ് അപകടത്തിന്റെയും കൂട്ടമരണത്തിന്റെയും ചോരപ്പാടുകളിലേക്ക് വാര്‍ന്നുവീഴുന്ന ഇക്കാലത്തെ ഡ്രൈവിങ് രീതികളില്‍ നിന്ന് തികച്ചും സുരക്ഷിതത്വത്തിന്റെ വളയം തിരിച്ച ഏഴരപതിറ്റാണ്ടുകളിലധികം നീണ്ട ടാക്‌സിഡ്രൈവര്‍ ജീവിതത്തിന്റെ പര്യായമാണിന്ന് മമ്മൂട്ടി ഡ്രൈവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."