ശശിപ്പാറയിലെ വാച്ച് ടവര്‍; ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് താമസമൊരുക്കിയത് വിവാദത്തില്‍
ശ്രീകണ്ഠപുരം: വിനോദ സഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലി ശശിപ്പാറയിലെ വാച്ച് ടവര്‍ സ്വകാര്യ വ്യക്തികള്‍ കൈയേറി തൊഴിലാളികള്‍ക്ക് താമസമൊരുക്കിയത് വിവാദത്തില്‍. സ്വകാര്യ വ്യക്തികളുടെ കീഴില്‍ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് താമസമൊരുക്കാന്‍ വാച്ച് ടവര്‍ ഉപയോഗിക്കുന്നതായാണ് പരാതി. വാച്ച് ടവറിന്റെ എല്ലാ ഭാഗവും മറച്ചുകെട്ടിയാണ് ഇതരസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിട്ടുള്ളത്.
അതേസമയം നിരവധി പേര്‍ ആശ്രയിക്കുന്ന ഇവിടുത്തെ നീരുറവകളും മറ്റും മലിനമാക്കുന്നതും പതിവായിട്ടുണ്ട്. വാച്ച് ടവര്‍ കൈയേറ്റത്തിനെതിരെ നാട്ടുകാര്‍ രംഗത്തു വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരിസ്ഥിതി ദുര്‍ബല പ്രദേശമായിട്ടും വിനോദ സഞ്ചാര കേന്ദ്രത്തിന്റെ മറവില്‍ കാഞ്ഞിരക്കൊല്ലിയില്‍ കൈയേറ്റവും അനധികൃത നിര്‍മാണവും നടക്കുമ്പോഴും അധികൃതര്‍ മൗനം പാലിക്കുകയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞദിവസം വാച്ച് ടവറിലെ താമസക്കാര്‍ക്കായി വൈദ്യുതി മോഷ്ടിച്ച് ഉപയോഗിക്കുന്നത് അധികൃതര്‍ പിടികൂടി പിഴ ചുമത്തിയിരുന്നു. വനം വകുപ്പും ടൂറിസം വകുപ്പും പഞ്ചായത്തുമാണ് നടപടി സ്വീകരിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."