കാലവര്‍ഷം കലിതുള്ളിയപ്പോള്‍ വെള്ളത്തിലായത് തോമസിന്റെ ജീവിത സമ്പാദ്യം
മൂവാറ്റുപുഴ: കാലവര്‍ഷം കലിതുള്ളിയപ്പോള്‍ വെള്ളത്തിലായത് തോമസിന്റെ ജീവിത സമ്പാദ്യം. മൂവാറ്റുപുഴ നഗരസഭയിലെ 24ാം വാര്‍ഡിലെ ആനിക്കാകുടി കോളനിയില്‍ താമസിക്കുന്ന ഇരുകാലുകളുമില്ലാത്ത വെങ്ങാലില്‍ പി.പി.തോമസിന് ഒരുവ്യാഴവട്ടകാലം സമ്പാധിച്ചതെല്ലാം വെള്ളപ്പൊക്കത്തില്‍ നഷ്ടമായി.
ആനിക്കാക്കുടി കോളനിയിലെ വീട്ടില്‍ തോമസും ഭാര്യ മറിയാമ്മയും തനിച്ചാണ് താമസിക്കുന്നത്. ഏകമകളെ നേരത്തെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. കാലവര്‍ഷം കനത്തതോടെ മൂവാറ്റുപുഴയാറ് കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയതോടെ ആനിക്കാകുടി കോളനിയിലെ തോമസിന്റെ വീട്ടിലേയ്ക്കും വെള്ളം ഇരച്ച് കയറുകയായിരുന്നു. ഇരുകാലുകളുമില്ലാത്ത തോമസിനെ മറിയാമ്മ മകളുടെ വീട്ടിലേയ്ക്ക് മാറ്റുകയായിരുന്നു. മറിയാമ്മ തിരിച്ചെത്തിയപ്പോഴേയ്ക്കും തങ്ങളുടെ വീടും പരിസരവും വെള്ളത്തില്‍ മുങ്ങിയിരുന്നു. വെള്ളം ഇറങ്ങി കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയ മറിയാമ്മയ്ക്ക് രണ്ട് കട്ടിലൊഴിച്ച് വേറെയൊന്നും ലഭിച്ചില്ല.
വെള്ളം കയറി ചെളി നിറഞ്ഞ വീട് സന്നദ്ധ സംഘടനകള്‍ കഴുകി വൃത്തിയാക്കി നല്‍കിയെങ്കിലും നിത്യവൃത്തിയ്ക്കുള്ള സാധനങ്ങള്‍ എങ്ങനെ കണ്ടെത്തുമെന്നറിയാതെ കുഴങ്ങുകയാണ് ഈ നിര്‍ദ്ധന കുടുംബം.
വര്‍ഷങ്ങല്‍ക്ക് മുമ്പ് കാല് വേദനയെ തുടര്‍ന്ന് ആരംഭിച്ച രോഗം ഒടുവില്‍ ഇരുകാലുകളും മുറിച്ച് മാറ്റിയതോടെയാണ് അവസാനിച്ചതെന്ന് തോമസ് പറഞ്ഞു. ഹാര്‍ട്ടിന് സുഖമില്ലാത്ത തോമസിന് വയോമിത്രം ക്ലിനിക്കില്‍ നിന്നും ലഭിക്കുന്ന മരുന്നുകളാണ് ഏക ആശ്രയം.
കാലവര്‍ഷം കലിതുള്ളിയപ്പോള്‍ നഷ്ടമായ ഗ്രഹോപകരണങ്ങളും വസ്ത്രങ്ങളും ലഭിക്കുന്നതിന് ഉദാരമതികളുട കാരുണ്യം തേടുകയാണ് ഈ നിര്‍ദ്ധന കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."