സുശാന്ത് സിംഗിന്റെ ആത്മഹത്യ: റിയ ചക്രബര്‍ത്തിക്ക് കുരുക്ക് മുറുകുന്നു: അറസ്റ്റ് ഇന്നുണ്ടായേക്കും
മുംബൈ: നടന്‍ സുശാന്ത് സിംഗിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിക്കുള്ള കുരുക്ക് മുറുകുന്നു. ഇവരെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം. റിയ ചക്രബര്‍ത്തിയോട് പൊലീസ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ റിയയുടെ സഹോദരന്‍ അറസ്റ്റിലായിരുന്നു. സൗവിക് ചക്രബര്‍ത്തിയെയാണ് നീണ്ട പത്തു മണിക്കൂര്‍ ചോദ്യം ചെയ്യലിനുശേഷം നാര്‍കോട്ടിക് കംട്രാള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്തത്. സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാണ്ടയും അറസ്റ്റിലായിട്ടുണ്ട്.
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ഇതുവരെ ഏഴു പേര്‍ അറസ്റ്റിലായെന്ന് അന്വേഷണ തലവന്‍ കെ പി മല്‍ഹോത്ര മാധ്യമങ്ങളോട് പറഞ്ഞു.
അറസ്റ്റിലായ റിയയുടെ സഹോദരന്‍ ഷൗവിക്കിനെയും സുശാന്തിന്റെ ഹൗസ് മാനേജര്‍ സാമുവല്‍ മിറാന്‍ഡയെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ലഹരി വിരുദ്ധ നിയമപ്രകാരമുള്ള മൂന്ന് വകുപ്പുകള്‍ ചുമത്തിയെന്നും മല്‍ഹോത്ര പറഞ്ഞു. റിയയുടെ ക്രെഡിറ്റ് കാര്‍ഡിലൂടെ ലഹരി കടത്തുകാര്‍ക്ക് പണം കൈമാറിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു.
സൗവികിന്റെ നിര്‍ദേശ പ്രകാരമാണ് മയക്കുമരുന്ന് സംഘടിപ്പിച്ചതെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ മയക്കുമരുന്ന് റാക്കറ്റിലെ കണ്ണി ബസിത് പരിഹാര്‍ വെളിപ്പെടുത്തിയിരുന്നു. ബസിത് പരിഹാര്‍, അറസ്റ്റിലായ മറ്റൊരു പ്രതി സായിദ് വിലത്ര എന്നിവരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയതായി സാമുവലും സമ്മതിച്ചു. ചോദ്യം ചെയ്യലിനിടെ സുശാന്തിനു മയക്കുമരുന്ന് നല്‍കിയതായി സൗവികും സമ്മതിച്ചതായി എന്‍.സി.ബി വൃത്തങ്ങള്‍ പറഞ്ഞു. (എന്‍.സി.ബി) നേരത്തെ ഇവരുടെ വീടുകള്‍ റെയ്ഡ് ചെയ്തിരുന്നു.
രാവിലെ ആറിന് തുടങ്ങിയ റെയിഡ് ഉച്ചയോടെയാണ് അവസാനിച്ചത്. തുടര്‍ന്ന് സൗവികിനെയും സാമുവലിനെയും എന്‍.സി.ബി കാര്യാലയത്തിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്. റിയയുടെ വാട്സ് ആപ്പ് ചാറ്റില്‍ നിന്നാണ് മയക്കുമരുന്ന് കേസിന്റെ പിറവിയുണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."