എം.എല്‍.എ പങ്കെടുത്ത പഞ്ചായത്ത് കമ്മറ്റിയില്‍ നിന്നും സി.പി.എം. വിട്ടുനിന്നത് രാഷ്ട്രീയ പാപ്പരത്തം
ചെറുതോണി: പ്രകൃതിക്ഷോഭവും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത പഞ്ചായത്ത് കമ്മറ്റിയില്‍ എം.എല്‍.എ. റോഷി അഗസ്റ്റിന്‍ പങ്കെടുത്തു എന്നതിന്റെ പേരില്‍ കമ്മറ്റി ബഹിഷ്‌കരിച്ച സി.പി.എം മെമ്പര്‍മാരുടെ നിലപാട് അപഹാസ്യവും രാഷ്ട്രീയപാപ്പരത്തവുമാണെന്ന് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആരോപിച്ചു.
ഓഗസ്റ്റ് 30 ന് പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് വിളിച്ചുകൂട്ടുന്ന പ്രത്യേക നിയമസഭയ്ക്ക് മുമ്പായി ജനപ്രതിനിധികളുമായി സംസാരിച്ച് അടിയന്തിര പ്രാധാന്യമുള്ള കാര്യങ്ങള്‍ മനസ്സിലാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുവാന്‍ നിയമസഭാംഗം എന്ന നിലയിലാണ് എം.എല്‍.എ പങ്കെടുത്തത്.
റോഷി അഗസ്റ്റിന്‍ എന്ന നിയമസഭാംഗം യു.ഡി.എഫ് പ്രതിനിധിയായി വിജയിച്ചു എന്നതാണ് സി.പി.എം കണ്ട കുറവ് എങ്കില്‍ മന്ത്രി എം.എം. മണിയും, എം.പിയും പങ്കെടുക്കുന്ന മീറ്റിംഗുകള്‍ യുഡി.എഫ് ജനപ്രതിനിധികള്‍ ബഹിഷ്‌കരിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം എന്താണെന്ന് സി.പി.എം ആലോചിക്കുന്നത് നല്ലതാണ്. ഇത്രയും വലിയ ദുരന്തം ഉണ്ടായ സമയത്ത് രാഷ്ട്രീയത്തിനപ്പുറം ഒറ്റ മനസ്സോടെ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാന്‍ സാധിച്ചത്.
ഡാം തുറന്ന് വിട്ടതുമായി ബന്ധപ്പെട്ടും പ്രകൃതിക്ഷോഭമുണ്ടായ സമയത്തും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥ ഉണ്ടായപ്പോഴും അതിനെതിരെ പ്രതികരിച്ച് നില്‍ക്കാതെ കുറവുകള്‍ പരിഹരിക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് നടത്തിയത്. എം.എല്‍.എ യെയും യുഡി.എഫ് ജനപ്രതിനിധികളെയും ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള സി.പി.എം. ശ്രമം ജനം പുച്ഛത്തോടെ തള്ളുമെന്നും യു.ഡി.എഫ് ആരോപിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, വൈസ് പ്രസിഡന്റ് ഷിജോ തടത്തില്‍, റോയി ജോസഫ്, റിന്‍സി സിബി, ആലിസ് ജോസ്, മെമ്പര്‍മാരായ ടോമി കൊച്ചുകുടി, ബാബു ജോര്‍ജ്, കെ.എം. ജലാലുദ്ദീന്‍, സെലിന്‍ വി.എം., റീത്ത സൈമണ്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."