ഐ.എച്ച്.ആര്.ഡി കോളജ് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി, പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍
തൊടുപുഴ: ഐഎച്ച്ആര്‍ഡി കോളജ് മുട്ടത്തെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി. കോളജ് മാറ്റത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. 2000 മുതല്‍ വാടക കെട്ടിടത്തിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത്.
മൂന്ന് ഡിഗ്രി കോഴ്സുകളും രണ്ട് പിജി കോഴ്സുകളിലുമായി 360 വിദ്യാര്‍ഥികള്‍ ഇവിടുണ്ട്. എഴുപതിനായിരം രൂപയാണ് മാസ വാടക. നടപ്പ് അധ്യയന വര്‍ഷം തന്നെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയില്ലെങ്കില്‍ അഫിലിയേഷന് റദ്ദാക്കുമെന്ന് ഉന്നത അധികാരികള്‍ കോളജ് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതേ തുടര്‍ന്നാണ് കോളജ് മാറ്റാന്‍ തീരുമാനിച്ചത്. ഡിഗ്രി ക്ലാസുകളും ലൈബ്രറിയും ലാബും പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. പി.ജി. കോഴ്സുകളിലെ 48 വിദ്യാര്‍ഥികള്‍ക്കായി മുട്ടത്ത് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടം വാടകക്കെടുത്തിട്ടുണ്ട്. ലൈബ്രറിയും ലാബുമടക്കം ആകെ 15 മുറികളാണ് വേണ്ടത്. നിലവില്‍ ഏഴെണ്ണം മാത്രമാണുള്ളത്. എട്ട് മുറികള്‍ ഉള്‍പ്പെടുത്തിയുള്ള മുകള്‍ നിലയുടെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികളായതുമാണ് . ആറ് മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി ഇപ്പോള്‍ വാടകക്കെട്ടിടത്തില്‍ പഠിക്കുന്നവരെ കൂടി ഇവിടേക്ക് മാറ്റാനാണ് കോളേജ് അധികൃതരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."