പയ്യാമ്പലത്തും ചക്കരക്കല്ലിലും സദാചാര ആക്രമണം: വീട്ടമ്മയെ ഫോണില്‍ വിളിച്ചതിന് തട്ടിക്കൊണ്ടുപോയി യുവാവിനെ ക്രൂരമായി മര്‍ദിച്ചു
കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലത്തും ചക്കരക്കല്ലിലും സദാചാര ഗുണ്ടാ ആക്രമണം. പയ്യാമ്പലം ബീച്ചില്‍ യുവതിക്ക് നേരെയാണ് യുവാക്കളുടെ സദാചാര ആക്രമണം ഉണ്ടായതെങ്കില്‍ ചക്കരക്കല്ലില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മുറിയിലിട്ട് പൂട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി.
യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളുമാണ് ആക്രമണത്തിന് പിന്നിലെന്നാരോപിച്ച് ഇരിവേരി സ്വദേശി സാജിദ് ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി.
പയ്യാമ്പലത്തെ സംഭവത്തില്‍ രണ്ട് പേര്‍ പോലിസ് പിടിയിലായി. ബീച്ചില്‍ വെച്ച് എന്തിനാണ് ഇവിടെയിരിക്കുന്നതെന്ന് ചോദിച്ചാണ് സംഘം പെണ്‍കുട്ടിയെ ആക്രമിച്ചതെത്രെ. ഇവരുടെ മോശം പ്രതികരണത്തെ ചോദ്യം ചെയ്ത യുവതിയെ യുവാക്കള്‍ ഇടിയ്ക്കുകയും കടല്‍ഭിത്തിയില്‍ നിന്ന് നിലത്ത് തള്ളി താഴെയിടുകയുമായിരുന്നു. ആക്രമണത്തില്‍ ഇടത് കൈ ഒടിഞ്ഞ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
ചക്കരക്കല്ലില്‍ യുവതിയുടെ മൊബൈലിലേക്ക് വിളിച്ചതിന്റെ പേരിലാണ് ഇവരുടെ ഭര്‍ത്താവും ഒരുപറ്റം ആളുകളും ചേര്‍ന്ന് യുവാവിനെ കാറില്‍കയറ്റി തട്ടിക്കൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്.
മര്‍ദിക്കുന്ന വീഡിയോ ചിത്രം പകര്‍ത്തി ഇയാളുടെ ഭാര്യക്ക് അയച്ചു കൊടുക്കുകയും പഞ്ചസാര ലായനി കലക്കി കുടിപ്പിച്ചതായും പരാതിയുണ്ട്. സംഭവത്തെക്കുറിച്ച് പരാതി നല്‍കിയിട്ടും പൊലിസ് നടപടി എടുത്തില്ലെന്നും യുവാവ് പറയുന്നു.
ഇന്നലെ വൈകീട്ട് അഞ്ചരയ്ക്കാണ് പയ്യാമ്പലത്തെ സംഭവമുണ്ടായത്. പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ്, ചിറക്കല്‍ സ്വദേശി നവാസ് എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരായ അക്രമം ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."