ഷഹീനെ തട്ടിക്കൊണ്ടു പോകാനും പുഴയിലേക്ക് എറിയാനും കാരണമായത് അഞ്ചുലക്ഷം രൂപ
പെരിന്തല്‍മണ്ണ: മേലാറ്റൂര്‍ എടയാറ്റൂരില്‍ പിതൃസഹോദരന് നാലാംക്ലാസുകാരനെ തട്ടിക്കൊണ്ടു പോകാനും പുഴയിലേക്കെറിയാനും കാരണമായത് അഞ്ചുലക്ഷം രൂപക്ക് വേണ്ടി. പ്രതിയുടെ സഹോദരനും കുട്ടിയുടെ പിതാവുമായ മങ്കരത്തൊടി മുഹമ്മദ് സലീം കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് മാഫിയയുടെ സ്ഥിരം കാരിയറായി പ്രവര്ത്തിക്കാറുള്ളയാളാണ്.
ഇയാള്‍ ഗള്‍ഫില്‍നിന്നും കടത്തിക്കൊണ്ടുവന്ന മൂന്നുകിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചതായി പറഞ്ഞ് മാഫിയയെ ധരിപ്പിച്ചുവെന്നും ഈ സ്വര്‍ണം വിറ്റ പണത്തില്‍നിന്നും അഞ്ചുലക്ഷം രൂപ വിലപേശി വാങ്ങാനാണ് താന്‍ സഹോദരന്റെ മകനെ തട്ടിക്കൊണ്ടുപോയതെന്നും പിടിയിലായ പ്രതി മങ്കരത്തൊടി മുഹമ്മദ്(48) പൊലിസിന് മൊഴി നല്കി. എന്നാല്‍ പിന്നീട് പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് സലീമിന്റെ മകനായ മുഹമ്മദ് ഷഹീനെ പുഴയിലേക്കെറിഞ്ഞതെന്നും മുഹമ്മദ് മൊഴി നല്കി.
പ്രതിയുടെ സഹോദരനായ മുഹമ്മദ് സലീമിനെതിരേ നിലവില്‍ കസ്റ്റംസില്‍ കേസുകളുണ്ട്. നിരവധി തവണ സ്വര്‍ണക്കടത്ത് കാരിയറായി പ്രവര്‍ത്തിച്ചിട്ടുള്ള ഇയാള്‍ ആദ്യമായാണ് ഇത്തരത്തില്‍ മാഫിയയെ കബളിപ്പിച്ച് സ്വര്‍ണം കടത്തിയതെന്നും പൊലിസ് പറഞ്ഞു. 80ലക്ഷംരൂപയോളം വിലവരുന്ന സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തുവെന്നാണ് ഇയാള്‍ മാഫിയകളെ അറിയിച്ചത്. എന്നാല്‍ തട്ടിപ്പ് മനസിലാക്കിയ കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് മാഫിയാ സംഘം ഇദ്ദേഹത്തെ പിടികൂടുകയും തുടര്‍ന്നു തന്റെ കയ്യിലുള്ള കുറച്ചു പണം ഇയാള്‍ മാഫിയക്ക് കൈമാറിയതായും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ലഭിച്ച പണത്തിലെ ചെറിയ തുകമാത്രമാണു സഹോദരന് സ്വര്‍ണക്കടത്ത് മാഫിയക്ക് കൈമാറിയിട്ടുള്ളുവെന്ന് മനസിലാക്കിയ മുഹമ്മദ് അഞ്ചുലക്ഷം രൂപ ആഗ്രഹിച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാനും വിലപേശാനും തീരുമാനിച്ചത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണക്കടത്ത് മാഫിയാ സംഘമാണെന്ന് വരുത്തിത്തീര്‍ക്കുകയും ശേഷം തന്റെ കൈയില്‍ പണം ഏല്പിച്ച് കൈമാറാനും പറയാനാണ് ഉദ്ദേശിച്ചത്. ഇരുവര്‍ക്കും ഇടയിലുള്ള ഇടനിലാക്കാരനാണ് താനെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം. എടയാറ്റൂരില്‍ നിന്ന് ബൈക്കില്‍ കൊണ്ടുവന്ന കുട്ടിയുമായി ഇയാള്‍ സിനിമ കാണുകയും ബിരിയാണിയും ഐസ്ക്രീമും വാങ്ങി നല്‍കുകയും ചെയ്തു. ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.
ഇതോടെയാണ് മുഹമ്മദ് തന്റെ തട്ടിക്കൊണ്ടുപോകല്‍ നാടകം പൊളിയുമെന്ന് ചിന്തിച്ചത്. കുട്ടിയെ തിരിച്ച് വീട്ടിലെത്തിക്കുന്നതും വഴിയില്‍ ഉപേക്ഷിക്കുന്നതും പിടിക്കപ്പെടാന്‍ കാരണമാകുമെന്ന് ഭയന്ന ഇയാള്‍ തെളിവ് നശിപ്പിക്കുന്നതിനാണ് കുട്ടിയെ പുഴയിലെറിഞ്ഞതെന്നും മൊഴിയില്‍ പറയുന്നു. ശേഷം വീട്ടില്‍ മടങ്ങിയെത്തുകയും സാധാരണ പോലെ പെരുമാറുകയും ചെയ്ത മുഹമ്മദ് ആളുകള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ കുട്ടിയെ കണ്ടെത്തുന്നതിനുള്ള സമരപരിപാടികളില്‍ വരെ സജീവമായി പങ്കെടുത്തിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.
പൊലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ മൊഴി വിശ്വാസ്യയോഗ്യമാണെന്ന് അന്വേഷണത്തിന്റെ മേല്‍നോട്ടംവഹിക്കുന്ന പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം.പി മോഹനചന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."