കേരള കോണ്‍ഗ്രസ് തര്‍ക്കം: കുട്ടനാട്ടില്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കും
ആലപ്പുഴ: കുട്ടനാട് സീറ്റിന് വേണ്ടി കേരള കോണ്‍ഗ്രസ് ജോസഫ്-ജോസ് വിഭാഗങ്ങള്‍ നിലപാട് കടുപ്പിച്ചതോടെ ഇരു വിഭാഗത്തെയും കൂടെ കൂട്ടി യു.ഡി.എഫിന് മുന്നോട്ട് പോകാന്‍ സീറ്റ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുത്തേക്കും.
ഇന്നലെ കുട്ടനാട് സീറ്റില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച് പി.ജെ. ജോസഫ് രംഗത്തു വന്നതോടെ കുട്ടനാട്ടില്‍ രണ്ടില ചിഹ്നത്തില്‍ മല്‍സരിക്കാന്‍ ജോസഫിന് ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ച് ജോസ് പക്ഷം എം.എല്‍.എ ഡോ. എന്‍.ജയരാജ് രംഗത്തെത്തി. ജോസ് വിഭാഗത്തെ അനുനയിപ്പിക്കാനുള്ള നീക്കം യു.ഡി.എഫില്‍ നടക്കുന്ന സാഹചര്യത്തില്‍ കുട്ടനാട് സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് മുന്നില്‍ ഏക പോംവഴി സീറ്റ് ഏറ്റെടുക്കുക എന്നതാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിലയിരുത്തലായതിനാല്‍ ഉപതെരഞ്ഞെടുപ്പ് വിജയം ഇരുമുന്നണികള്‍ക്കും പ്രധാനപ്പെട്ടതാണ്. ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ കുത്തക സീറ്റായി മാറിയ അരൂര്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതിന്റെ ആവേശം നിലനിര്‍ത്തണമെങ്കില്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. പാലയിലെ പോലെ മറ്റൊരു പരീക്ഷണത്തിന് വേദിയാക്കി കുട്ടനാട് മാറ്റരുതെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാന നേതൃത്വത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള കോണ്‍ഗ്രസില്‍ ആര്‍ക്ക് നല്‍കിയാലും അത് കാലുവാരലില്‍ കലാശിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇതിനിടയില്‍ ജോസ് പക്ഷത്തെ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരാനുള്ള നീക്കം ശക്തമായതോടെ കുട്ടനാട് സീറ്റിന്റെ അവകാശികളായ എന്‍.സി.പി സ്ഥാനാര്‍ഥിയുടെ കാര്യത്തിലുള്ള അഭ്യന്തരതര്‍ക്കം മാറ്റിവെച്ച് സിറ്റിങ് എം.എല്‍.എയായ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസിനെ രംഗത്ത് ഇറക്കി. സ്ഥാനാര്‍ഥിയുടെ പേര് അനൗദ്യോഗികമായി എന്‍.സി.പി നേതാക്കള്‍ പ്രഖ്യാപിച്ചു. ഇന്നലെ മന്ത്രി എ.കെ ശശീന്ദ്രനും എം.എല്‍.എ മാണി സി.കാപ്പനും കുട്ടനാട്ടില്‍ തോമസ് കെ.തോമസ് തന്നെ സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപിച്ചത് സി.പി.എം നിലപാട് മാറ്റം മുന്നില്‍കണ്ടു ഒരുമുഴം മുന്‍പെ എറിഞ്ഞതാണ്. തോമസ് കെ.തോമസ് ഇന്നലെ കൊച്ചിയിലെത്തി എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്ററെ സന്ദര്‍ശിച്ചു കൂടിക്കാഴ്ച നടത്തി. തോമസ് കെ. തോമസിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേ എന്‍.സി.പിയില്‍ ഒരു വിഭാഗം നേതാക്കള്‍ ശക്തമായി എതിര്‍ക്കുകയാണ്. പാര്‍ട്ടി നേതാക്കള്‍ക്ക് അവകാശപ്പെട്ട സീറ്റില്‍ തോമസ് ചാണ്ടിയുടെ ബന്ധു മാത്രമായ തോമസിനെ മല്‍സരിപ്പിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. എന്നാല്‍ വ്യവസായിയായ തോമസിന് സി.പി.എമ്മില്‍ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ട്. പിതാംബരന്‍ മാസ്റ്ററുടെ അനുഗ്രഹവും പിന്തുണയും ഉറപ്പിക്കാന്‍ കൊച്ചിയില്‍ പോയതാണെന്നും കുട്ടനാടില്‍ വിജയം ഉറപ്പെന്നും തോമസ് കെ തോമസ് പറഞ്ഞു. വിമത സ്വരങ്ങളുണ്ടാകുന്നത് പാര്‍ട്ടിയില്‍ സാധാരണമാണെന്ന് തോമസ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."