പരീക്ഷയില്‍ തോല്‍വി: തെലങ്കാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍കൂടി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: തെലങ്കാനയില്‍ 10ാം ക്ലാസ് പരീക്ഷയിലുണ്ടായ തോല്‍വിയില്‍ മനംനൊന്ത് ഇന്നലെ രണ്ട് വിദ്യാര്‍ഥികള്‍ കൂടി ആത്മഹത്യ ചെയ്തു. ഇക്കഴിഞ്ഞ 18ന് പരീക്ഷ ഫലം പുറത്തു വിട്ടതിനു പിന്നാലെ ഇതുവരെ 21 വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തതെന്ന് പൊലിസ് അറിയിച്ചു.
ഇന്നലെ വാറങ്കലില്‍ ഒരു ആണ്‍കുട്ടി ട്രെയിനിന് മുന്പില് ചാടി ആത്മഹത്യ ചെയ്തപ്പോള്‍ മെഹബൂബ് നഗറില്‍ ഒരു വിദ്യാര്‍ഥിനി സ്വയം തീകൊളുത്തി മരിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
പരീക്ഷക്കുശേഷം കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ഥികളുടെ എണ്ണം കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഇത്രയും വര്‍ധിച്ചത് ഇപ്പോഴാണെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.
2018ല്‍ ആറ് വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തിരുന്നത്. 2015-16 വര്‍ഷത്തില്‍ ഇത്തരത്തിലുള്ള ഒരു സംഭവവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
അതേസമയം, പരീക്ഷയെ സംബന്ധിച്ച് വ്യാപക പരാതികളാണ് ഉയരുന്നത്. പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഉണ്ടായിരിക്കുന്ന വ്യാപകമായ ക്രമക്കേടാണ് വിദ്യാര്‍ഥികളുടെ കൂട്ടത്തോല്‍വിക്ക് ഇടയാക്കിയിട്ടുള്ളത്. 9.74 ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന പരീക്ഷ എഴുതിയിരുന്നത്. ഇവരില്‍ 3.28 ലക്ഷം പേര് തോല്‍ക്കുകയും ചെയ്തു.
അതിനിടയില്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തോല്‍വിയും മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 21 വിദ്യാര്‍ഥികള്‍ മരിക്കാനിടയാവുകയും ചെയ്ത സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു നിയോഗിച്ചു. അന്വേഷണവും പ്രശ്നത്തിന്റെ പരിഹാരമാര്‍ഗവും അടക്കമുള്ള റിപ്പോര്‍ട്ട് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി ബി. ജനാര്‍ദ്ദന്‍ റെഡ്ഡിക്ക് കൈമാറാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
പരീക്ഷാ ഫലത്തില്‍ ചില തകരാറുകളുണ്ടായതായി കമ്മിറ്റി നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഒ.എം.ആര് ഷീറ്റില്‍ കറുപ്പിച്ച ഭാഗങ്ങള്‍ കംപ്യൂട്ടറുകളില്‍ അസ്വീകാര്യമായതായി കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."