പെരുമാളിന് പഞ്ചസാരക്കലവുമായി പതിവുതെറ്റിക്കാതെ കേളോത്ത് തറവാട്ടുകാരെത്തി
പയ്യന്നൂര്‍: പയ്യന്നൂര്‍ പെരുമാളുടെ പുത്തരി നിവേദ്യത്തില്‍ ചേര്‍ക്കാനുള്ള പഞ്ചസാരക്കലവുമായി പതിവ് തെറ്റിക്കാതെ മൂസ ഹാജിയും സംഘവും ഇത്തവണയും പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു. 72കാരനായ മൂസ ഹാജിയാണു കേളോത്ത് തറവാട്ടിലെ കാരണവര്‍.
പയ്യന്നൂര്‍ ദേശത്ത് കേളോത്ത് എന്ന സ്ഥലപ്പേര് തന്നെ ഉണ്ടായതു പ്രമുഖമായ ഈ തറവാടിന്റെ പേരിലായിരുന്നു. പുത്തരി ദിവസത്തെ ഉച്ചപൂജയ്ക്കുള്ള വിശേഷ നിവേദ്യമായ ആഗ്രായണവും പാല്‍പ്പായസവും തയാറാക്കുന്നതു കേളോത്ത് തറവാട്ടില്‍ നിന്നു കൊണ്ടുവരുന്ന പഞ്ചസാര ഉപയോഗിച്ചാണ്.
മതമൈത്രിയുടെയും സൗഹാര്‍ദത്തിന്റെയും ചിരകാല സ്മൃതികള്‍ ഉണര്‍ത്തി ഇന്നും മാറ്റംവരുത്താതെ ആചാരം തുടര്‍ന്നുവരുന്നു. കേളോത്ത് മുസ്‌ലിം തറവാട്ടിലെ കാരണവര്‍ക്കാണു പഞ്ചസാരക്കലം കൊണ്ടുപോകാനുള്ള അവകാശം. കൂടെ അനന്തരവന്മാരുമുണ്ടാകും. പഞ്ചസാരക്കലം സമര്‍പ്പിച്ച് മടങ്ങുമ്പോള്‍ തറവാട്ടിലെ പുത്തരിക്കായി ഒരുകുല പഴം, ഒരുകുല കായ, ആറിടങ്ങഴി അരി, ആറു തേങ്ങ എന്നിങ്ങനെയുള്ള സാധനങ്ങള്‍ ക്ഷേത്രത്തില്‍ നിന്നു കേളോത്ത് തറവാട്ടുകാര്‍ക്കു നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."