പാര്‍ട്ടിയില്‍ അപ്രമാദിത്വം ഉറപ്പിച്ച മുന്നേറ്റം; കുഞ്ഞാലിക്കുട്ടിയുടെ രണ്ടാം വരവിനു രാഷ്ട്രീയ മാനങ്ങളേറെ
കോഴിക്കോട്: വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ നീക്കത്തിന് ലീഗ് പച്ചക്കൊടി കാട്ടിയതിനു പിന്നില്‍ രാഷ്ട്രീയ മാനങ്ങളേറെ. തെരഞ്ഞെടുപ്പുകളില്‍ ലീഗിനെ ആരു നയിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരം മാത്രമായി ഈ രണ്ടാം വരവിനെ കാണാനാകില്ല. കേരള രാഷ്ട്രീയത്തില്‍ തന്റേയും പാര്‍ട്ടിയുടേയും സ്വാധീനം കൃത്യമായി ഉറപ്പിക്കുക എന്നതാണ് ഇതിലൂടെ കുഞ്ഞാലിക്കുട്ടി ലക്ഷ്യമിടുന്നത്.
ഇന്നലെ ചേര്‍ന്ന ഉന്നതാധികാര യോഗത്തില്‍ വച്ചാണ് കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിന് ഔദ്യോഗികമായി പാര്‍ട്ടി അംഗീകാരം നല്‍കിയത്. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ തന്നെ ഇതു വ്യക്തമാക്കുകയും ചെയ്തതോടെ എതിര്‍ ശബ്ദത്തിനുള്ള വാതില്‍ അടയുകയും ചെയ്തു.
ത്രാണിയും കഴിവുമുള്ള കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പിനു ചുക്കാന്‍ പിടിക്കുമെന്ന തങ്ങളുടെ പ്രഖ്യാപനം പാര്‍ട്ടിയുടെ പൂര്‍ണപിന്തുണ ഉണ്ടെന്ന് കൂടി അറിയിക്കുന്നതായിരുന്നു. ഇത്രത്തോളം സീനിയോറിറ്റിയും ജനകീയതുമുള്ള മറ്റു നേതാക്കള്‍ വെല്ലുവിളിയായി പാര്‍ട്ടിയിലില്ലാത്തതുമാണ് കുഞ്ഞാലിക്കുട്ടിയുടെ രണ്ടാം വരവിന് കളമൊരുക്കിയത്.
യു.ഡി.എഫിലെ മുതിര്‍ന്ന നേതാവായിരുന്ന കെ.എം മാണിയുടെ മരണവും കേരളാ കോണ്‍ഗ്രസിന്റെ പിളര്‍പ്പും വലിയ മാറ്റമാണ് കേരള രാഷട്രീയത്തിലുണ്ടാക്കിയിരിക്കുന്നത്. യു.ഡി.എഫിലെ രണ്ടാം പാര്‍ട്ടിയെന്ന പദവി ലീഗ് ഇതിനകം ഉറപ്പിച്ചു കഴിഞ്ഞതാണ്. ആഭ്യന്തരവകുപ്പ് പോലും ചോദിക്കാനുള്ള രാഷട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളത്. യു.ഡി.എഫിലെ എറ്റവും കെട്ടുറപ്പുള്ള പാര്‍ട്ടി എന്ന രീതിയില്‍ ഈ വരവ് ലീഗിനും കരുത്തേകും.
രണ്ടാം വരവോടെ യു.ഡി.എഫിലെ സീനിയര്‍ നേതാവായി കുഞ്ഞാലിക്കുട്ടിക്ക് കളത്തിലിറങ്ങാനാവും. കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷട്രീയം കൊണ്ട് കലുഷിതമാവുമ്പോള്‍ ലീഗിലെ കരുത്തുറ്റ നേതാവ് എന്ന രീതിയില്‍ യു.ഡി.എഫില്‍ ശക്തമായി പിടിമുറുക്കാനും കുഞ്ഞാലിക്കുട്ടിക്ക് കഴിയും.
യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി പദവി ലീഗിനു ലഭിക്കണമെങ്കിലും മുന്നണിയിലെ മുതിര്‍ന്ന നേതാവ് എന്ന രീതിയില്‍ കുഞ്ഞാലിക്കുട്ടി മന്ത്രി സഭയില്‍ വേണ്ടിവരുമെന്ന കണക്കൂകൂട്ടലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഈ രണ്ടാം വരവ്.
ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണിപ്പോള്‍ യു.ഡി.എഫ്. സ്വര്‍ണക്കടത്ത് കേസ് എല്‍.ഡി.എഫിന്റെയും പിണറായിയുടേയും ജനപ്രീതി തകര്‍ത്തിട്ടുണ്ടെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടല്‍.
കേരള കോണ്‍ഗ്രസ് പിളര്‍ന്നതുള്‍പ്പെടെയുള്ള സാഹചര്യത്തില്‍ തിരിച്ചുവരികയാണെങ്കില്‍ തന്നെ ചെറിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്താനാണ് സാധ്യത. അതിനാല്‍ മുതിര്‍ന്ന യു.ഡി.എഫ് നേതാക്കള്‍ തന്നെ ഗോദയിലിറങ്ങേണ്ടിവരും. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമുള്‍പ്പെടെയുള്ള എല്ലാ നേതാക്കളും കളത്തിലിറങ്ങേണ്ടിവരുമെന്നു തന്നെയാണ് കോണ്‍ഗ്രസിന്റെയും കണക്കൂകൂട്ടല്‍.
കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കര്‍ണ്ണാടകയിലടക്കം ശിഥിലമായ സാഹചര്യത്തില്‍ കേരളത്തില്‍ കൂടി യു.ഡി.എഫിന് അധികാരം നഷ്ടപ്പെട്ടാല്‍ ദേശീയ തലത്തില്‍ തന്നെ അത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാവും.
ഏതെങ്കിലും ഘട്ടത്തില്‍ ജോസ് കെ. മാണിയുമായി ചര്‍ച്ചകള്‍ നടത്തേണ്ടി വന്നാല്‍ അതിനും കോണ്‍ഗ്രസ് നേതൃത്വത്തിനു കുഞ്ഞാലിക്കുട്ടിയെ തന്നെ സമീപിക്കേണ്ടിവരും. ജോസുമായി ഇപ്പോഴും ആശയ വിനിമയം നടക്കുന്നുണ്ടെന്ന് കുഞ്ഞാലിക്കുട്ടി ഇന്നലെ വ്യക്തമാക്കിയത് അവര്‍ തമ്മില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ബന്ധത്തിലേക്കുള്ള സൂചനയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ സഹായിച്ചാലും നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ചിലപ്പോള്‍ ജോസ് പക്ഷം പിന്തുണക്കാന്‍ സാധ്യതയുള്ളതായാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇതിലും കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലുകള്‍ വളരെ നിര്‍ണായകമാവും.
പൗരത്വ വിഷയത്തിലും മറ്റും ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാന്‍ എല്‍.ഡി.എഫിനു കഴിഞ്ഞിട്ടുണ്ടെന്ന വസ്തുത തള്ളിക്കളയാനാകില്ല.
ഈ മുന്നേറ്റം മറികടക്കാന്‍ കുഞ്ഞാലിക്കുട്ടിയെ മത്സര രംഗത്തേക്ക് കൊണ്ടുവരണമെന്നാണ് ലീഗ് ആഗ്രഹിക്കുന്നത്. എം.എല്‍.എ സ്ഥാനം രാജിവച്ചു എം.പിയായ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തില്‍ തന്നെ നില്‍ക്കട്ടെ എന്ന അഭിപ്രായവും ലീഗില്‍ ചുരുക്കം ചിലര്‍ക്കുണ്ട്.
മോദി അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കാനായാണ് എം.എല്‍.എമാരെ അടക്കം കോണ്‍ഗ്രസ് 2019ല്‍ ലോക്‌സഭയിലേക്ക് മത്സരിപ്പിച്ചത്. ഇതേ സാഹചര്യത്തിലാണ് ലീഗ് കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിച്ചതും.
എന്നാല്‍ കോണ്‍ഗ്രസ് പോലും ദുര്‍ബലമായ സ്ഥിതിയില്‍ കുഞ്ഞാലിക്കുട്ടി തിരിച്ചുവരണമെന്നാണ് അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."