പ്രളയാനന്തര പുനര്‍നിര്‍മാണം: ഭൂമി കണ്ടെത്തല്‍ മെയില്‍ പൂര്‍ത്തിയാക്കും
തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു.
പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം, അറ്റകുറ്റപ്പണി എന്നിവ സംബന്ധിച്ച് ലഭിച്ച അപ്പീലുകള്‍ മെയ് മാസം തന്നെ തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഭൂമി നഷ്ടപ്പെട്ടവര്‍ക്കും പുറമ്പോക്കില്‍ ഭൂമിയുണ്ടായിരുന്നവര്‍ക്കും പകരം ഭൂമി കണ്ടെത്താനുള്ള നടപടികളും മെയില്‍ പൂര്‍ത്തിയാക്കും. സമയബന്ധിതമായി ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് ജില്ലാതലത്തില്‍ മന്ത്രിമാര്‍ മേല്‍നോട്ടം വഹിക്കും. റോഡ് പുനര്‍നിര്‍മാണവും അറ്റകുറ്റപ്പണിയും മഴയ്ക്ക് മുന്‍പ് പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ലോകബാങ്കില്‍ നിന്ന് 3,596 കോടി രൂപയാണ് വായ്പയെടുക്കുന്നത്. ഇതുസംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിവരികയാണ്. ജൂണ്‍ അവസാനം ചേരുന്ന ലോകബാങ്ക് ബോര്‍ഡ് യോഗത്തില്‍ വായ്പ അനുവദിച്ചുകൊണ്ടുള്ള തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1,541 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമുണ്ടാകും. മൊത്തം 5,137 കോടി രൂപ പുനര്‍നിര്‍മാണത്തിന് ലഭ്യമാകും. 2019- 20 സാമ്പത്തിക വര്‍ഷം ഇതില്‍ 1,541 കോടി രൂപയാണ് ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, അഡിഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. വിശ്വാസ് മേത്ത, ഡോ. ആശാ തോമസ്, ഡോ.വി. വേണു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."