എക്‌സിക്യൂട്ടീവ് - മിനിസ്റ്റീരിയല്‍ തര്‍ക്കം; മോട്ടോര്‍ വാഹന വകുപ്പില്‍ മെല്ലെപ്പോക്ക്
തൊടുപുഴ: മോട്ടോര്‍ വാഹന വകുപ്പിലെ ടെക്‌നിക്കല്‍ എക്‌സിക്യൂട്ടീവ് - മിനിസ്റ്റീരിയല്‍ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷം. വകുപ്പിന് പുത്തനുണര്‍വുണ്ടാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴാണ് ഉദ്യോഗസ്ഥരുടെ പോര് ആര്‍.ടി.ഓഫിസുകളുടെ പ്രവര്‍ത്തനത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലേക്ക് നീങ്ങുന്നത്.
എന്‍ഫോഴ്‌സ്‌മെന്റ് ചുമതല എക്‌സിക്യൂട്ടീവ് വിഭാഗത്തിനും ഭരണപരമായ എസ്്റ്റാബ്ലിഷ്‌മെന്റ് ചുമതല മിനിസ്റ്റീരിയല്‍ വിഭാഗത്തിനുമാണ്. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ മോട്ടോര്‍ വാഹന വകുപ്പില്‍ ഇപ്പോള്‍ മെല്ലെപ്പോക്കാണ്.
പ്രധാന ഫയലുകള്‍ അടക്കം കെട്ടിക്കിടക്കുകയാണ്. സെപ്റ്റംബര്‍ 9 ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കാനും 16 ന് സൂചനാ പണിമുടക്ക് നടത്താനും മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷനും കേരള എ.എം.വി.ഐ അസോസിയേഷനും തീരുമാനിച്ചിട്ടുണ്ട്.
പ്രമോഷന്‍ അനുപാതത്തിലെ നീതിയില്ലായ്മയാണ് പ്രധാനമായും ടെക്‌നിക്കല്‍ എക്‌സിക്യൂട്ടീവ് വിഭാഗം ചോദ്യം ചെയ്യുന്നത്. എക്‌സിക്യൂട്ടീവ് പോസ്റ്റിലേക്ക് നിലവിലുള്ള പ്രമോഷന്‍ അനുപാതവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കുകയാണ്.
2:1 ആണ് നിലവിലെ പ്രമോഷന്‍ അനുപാതം. അതായത് 2 എക്‌സിക്യൂട്ടീവ് ജീവനക്കാര്‍ക്ക് പ്രമോഷന്‍ ലഭിക്കുമ്പോള്‍ ഒരു മിനിസ്റ്റീരിയല്‍ സ്റ്റാഫിന് എക്‌സിക്യൂട്ടീവ് പോസ്റ്റിലേക്ക് പ്രമോഷന്‍ ലഭിക്കും.
അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി സര്‍വിസില്‍ കയറുന്ന ഉദ്യോഗസ്ഥന്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒറ്റ പ്രമോഷന്‍ മാത്രം ലഭിച്ച് വിരമിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് എക്‌സിക്യൂട്ടീവ് വിഭാഗം ചൂണ്ടിക്കാട്ടുന്നു.
നിലവിലുള്ള ട്രാന്‍സ്‌പോര്‍ട്ട് സര്‍വിസ് സ്‌പെഷ്യല്‍ റൂള്‍സ് മിനിസ്റ്റീരിയല്‍ വിഭാഗത്തിന് പ്രമോഷന്‍ നല്‍കാന്‍ വേണ്ടി മാത്രം സൃഷ്ടിച്ചതാണെന്നാണ് ആരോപണം. ജൂനിയര്‍ ക്ലര്‍ക്ക് ആയി സര്‍വിസില്‍ പ്രവേശിക്കുന്ന ഒരു ഉദ്യോഗസ്ഥന് സീനിയര്‍ ക്ലര്‍ക്ക്, ഹെഡ് ക്ലര്‍ക്ക്, ജൂനിയര്‍ സൂപ്രണ്ട്, സീനിയര്‍ സൂപ്രണ്ട്, ജോയിന്റ് ആര്‍.ടി.ഒ എന്നിങ്ങനെയാണ് പ്രമോഷന്‍ ലഭിക്കുന്നത്.
ഡിവൈ.എസ്.പിക്ക് തുല്യമായ യൂനിഫോം ധരിച്ച് നിരവധി വര്‍ഷം തന്റെ മേലുദ്യോഗസ്ഥനായിരുന്ന എം.വി.ഐയുടെ സല്യൂട്ട് വാങ്ങുന്ന സ്ഥിതിയാണ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് ജോ. ആര്‍.ടി.ഒ ആകുന്നതോടെ സംജാതമാകുന്നത്.
ബസ് - ട്രക്ക് ബോഡി കോഡ്, സ്പീഡ് ഗവര്‍ണര്‍ തുടങ്ങിയ സാങ്കേതിക കാര്യങ്ങളില്‍ പരിജ്ഞാനമില്ലാതെ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കുന്നു. ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ ക്ഷമതയില്ലാത്ത ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അത് സസ്‌പെന്‍ഡ് ചെയ്യാന്‍ അനുവാദം നല്‍കിയിരിക്കുന്നത് വിചിത്രമാണ്.
ആര്‍.ടി.ഒ, ജോ. ആര്‍.ടി.ഒ തസ്തികകളില്‍ സാങ്കേതിക യോഗ്യതയുള്ളവരെ നിയമിക്കണമെന്ന് ഓണ്‍ റോഡ് സേഫ്റ്റി സുപ്രിം കോടതി കമ്മറ്റി 2019 ജൂലൈ 2 ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പത്താം ശമ്പള കമ്മിഷനിലെ ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രമോഷന്‍ കമ്മറ്റിയും സമാന ശുപാര്‍ശകള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.
മിനിസ്റ്റീരിയല്‍ വിഭാഗത്തിന്റെ ജോലി സമയം 10 - 5 മണിവരെയാണെങ്കില്‍ ടെക്‌നിക്കല്‍ വിഭാഗത്തിന്റെ ജോലി സമയം ക്ലിപ്തപ്പെടുത്തിയിട്ടില്ല. അവശ്യഘട്ടങ്ങളില്‍ പാതിരാത്രിയിലും ജോലിക്ക് തയാറാകണം. മിനിസ്റ്റീരിയല്‍ വിഭാഗത്തിന്റെ ജോലി ടെക്‌നിക്കല്‍ വിഭാഗത്തിന് ചെയ്യാന്‍ കഴിയും. എന്നാല്‍ മറിച്ച് സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
ചെക്ക് പോസ്റ്റിലെ നിയമനത്തില്‍ തങ്ങളെക്കൂടി പരിഗണിക്കണമെന്നാണ് മിനിസ്റ്റീരിയല്‍ വിഭാഗത്തിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."