കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളികള്‍ പിടിയില്‍
കൊണ്ടോട്ടി: കരിപ്പൂരില്‍ ഡി.ആര്.ഐ ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സ്വര്‍ണക്കടത്ത് കേസില്‍ വിമാനത്താവളത്തിലെ നാല് ശുചീകരണ തൊഴിലാളികള്‍ പിടിയില്‍.
സ്വര്‍ണം വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് എത്തിച്ചുനല്‍കിയത് ഇവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ചോദ്യംചെയ്ത് വരികയാണ്. ഇവര്‍ക്ക് വിമാനത്താവളത്തിലെ മറ്റു ഉദ്യോഗസ്ഥര്‍ സഹായം നല്‍കിയോയെന്ന് അന്വേഷിക്കുന്നുണ്ട്. ഈ കേസില്‍ ഞായറാഴ്ച ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് ദോഹയില്‍ നിന്നെത്തിയ യാത്രക്കാരനാണ് സ്വര്‍ണം കൊണ്ടുവന്നത്. നാലു കിലോയോളമുള്ള സ്വര്‍ണമിശ്രിതം വിമാനമിറങ്ങി കാത്തിരിപ്പുമുറിയിലെ വേസ്റ്റ്ബോക്സില്‍ ഒളിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നാണ് കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് വിമാനത്താവള ശുചീകരണ സൂപ്രവൈസര്‍മാര്‍ സ്വര്‍ണം പുറത്തെത്തിച്ച് കള്ളക്കടത്ത് സംഘത്തിന് കൈമാറിയത്. കരിപ്പൂര്‍ വിമാനത്താവള ശുചീകരണ തൊളിലാളികളെ ഇടനിലക്കാരാക്കി സ്വര്‍ണം കടത്തുന്നത് സംബന്ധിച്ച് നേരത്തെതന്നെ ഡി.ആര്.ഐക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു.
ഡി.ആര്.ഐ ഇന്‍സ്പെക്ടര്‍ ആല്‍ബര്‍ട്ട് ജോര്‍ജ്, ഡ്രൈവര്‍ നജീബ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മുക്കം പഴനിങ്ങല്‍ വീട്ടില്‍ നിസാര്‍ ആണ് പിടിയിലായത്. നിസാറിന്റെ കൂടെയുണ്ടായിരുന്ന അരീക്കോട് പത്തനാപുരം സ്വദേശി ഫസലുറഹ്മാനെ പിടികൂടാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."