ബര്‍കിന ഫാസോയില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെ ആക്രമണം
ഓഗാഡോഗു: ആഫ്രിക്കന്‍ രാജ്യമായ ബര്‍കിന ഫാസോയില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെ നടന്ന ആക്രമണത്തില്‍ പാസ്റ്ററും അദ്ദേഹത്തിന്റെ രണ്ടു മക്കളുമടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. ഡിജിബോക്കു സമീപമുള്ള ചെറുപട്ടണമായ സില്‍ഗാഡ്ജിയില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് വെടിവയ്പു നടന്നത്.
മുഖം മറച്ചെത്തിയ സായുധസംഘം സില്‍ഡാഡ്ജിയിലെ പ്രൊട്ടസ്റ്റന്റ് പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവരുടെ നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് എ.എഫ്.പി റിപോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ രണ്ടുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇവിടെ മുന്‍പ് മുസ്‌ലിം മതനേതാക്കള്‍ക്കും പള്ളി ഇമാമുമാര്‍ക്കും നേരെ ആക്രമണം നടന്നിരുന്നു.
ഏഴു മോട്ടോര്‍ ബൈക്കുകളിലെത്തിയ അക്രമികള്‍ ആദ്യം വായുവിലേക്ക് വെടിവച്ചു ഭീതിപരത്തുകയായിരുന്നു. തുടര്‍ന്നാണ് ഞായറാഴ്ച പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ക്കുനേരെ വെടിവച്ചതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. പ്രാര്‍ഥന കഴിഞ്ഞ് ആളുകള്‍ പിരിയാന്‍ നേരമായിരുന്നു ഇത്.
ഐ.എസുമായി ബന്ധമുള്ള ഭീകരസംഘടനയായ അന്‍സാറുല്‍ ഇസ്‌ലാം സംഘം രാജ്യത്ത് പലപ്പോഴായി ആക്രമണങ്ങള്‍ നടത്താറുണ്ട്. സാമുദായിക സംഘര്‍ഷങ്ങളും ഭീകരസംഘങ്ങളുടെ ആക്രമണങ്ങളും ഭയന്ന് ആയിരത്തിലേറെ പേരാണിവിടെ ഏതാനും മാസങ്ങള്‍ക്കിടെ വീടുവിട്ടുപോയത്. രണ്ടുകോടി മാത്രം ജനസംഖ്യയുള്ള ബര്‍കിന ഫാസോ വന്‍ പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഇവിടുത്തെ പത്തുലക്ഷത്തോളം ആളുകള്‍ അടിയന്തരസഹായം അര്‍ഹിക്കുന്നുവെന്നും യു.എന്‍ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഭീകരരുടെ വെടിയേറ്റ് അഞ്ച് അധ്യാപകര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു മാസം മുന്‍പ് അക്രമികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ പുരോഹിതനെ കുറിച്ച് ഇപ്പോഴും ഒരു വിവരവുമില്ല. ഫെബ്രുവരിയില്‍ ഫാ. സീസര്‍ ഫെര്‍ണണ്ടസ് എന്ന സ്പാനിഷ് പുരോഹിതന്‍ ഭീകരരുടെ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. ജനുവരിയില്‍ സായുധസംഘം സ്വര്‍ണഖനിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കനേഡിയന്‍ പൗരനെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."