ബാറുകള്‍ തുറക്കുന്ന ലാഘവത്തില്‍ ഡാമുകള്‍ തുറക്കരുത്: എം.കെ മുനീര്‍
തിരുവനന്തപുരം: ബാറുകള്‍ തുറക്കുന്ന ലാഘവത്തില്‍ ഡാമുകള്‍ തുറന്നതാണ് പ്രളയത്തിന് കാരണമായതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. കേരളം ജാഗ്രത പുലര്‍ത്തണമെന്ന് പ്രമുഖ ഭൗമശാസ്ത്രജ്ഞ്രര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മേഖലയില്‍ രാജ്യത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അന്വേഷണമാണ് വേണ്ടത്. കുറ്റക്കാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രളയക്കെടുതി ചര്‍ച്ചചെയ്യാന്‍ ഇന്നലെ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുനീര്‍ ആവശ്യപ്പെട്ടു.
ദുരന്തത്തിന്റെ കാരണം 25 ശതമാനം പേമാരിയാണെങ്കില്‍ 75 ശതമാനം ഡാമുകള്‍ തുറന്നതിനാലാണ്. പ്രളയത്തിനിടയാക്കിയ ജലവിഭവ വകുപ്പിന്റെയും കെ.എസ്.ഇ.ബിയുടെയും വീഴ്ച സംബന്ധിച്ച് വിദഗ്ദ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണം. ജനങ്ങളുടെ ജീവന് ഇരുവകുപ്പുകളും വില കല്‍പ്പിച്ചില്ല. 40 കോടി ലാഭിക്കാനായി സംസ്ഥാനത്തിന് 50,000 കോടി നഷ്ടമുണ്ടാക്കിയ വകുപ്പുകളെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയണം. ദേശീയതലത്തില്‍ അറിയപ്പെടുന്ന പരിസ്ഥിതി, കാലാവസ്ഥ, ഡാം വിദഗ്ധര്‍ എന്നിവരെ വച്ച്, എന്താണ് സംഭവിച്ചതെന്നതിനെകുറിച്ചുള്ള റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം തയാറാക്കി കുറ്റക്കാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം.
ഡാം തുറക്കുന്നതു സംബന്ധിച്ച് ഒരു തരത്തിലുള്ള മുന്നറിയിപ്പും ആര്‍ക്കും ലഭിച്ചിട്ടില്ല. എമര്‍ജന്‍സി ആക്്ഷന്‍ പ്ലാന്‍ (ഇ.എ.പി) അനുസരിച്ച് മാത്രമേ വെള്ളം തുറന്നുവിടാന്‍ പാടുള്ളൂവെന്നാണ് വ്യവസ്ഥ. ഇതാണ് കാറ്റില്‍ പറത്തിയത്. കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള പ്രക്രിയയില്‍ രാഷ്ട്രീയം നോക്കാതെ ഒന്നിച്ചുനില്‍ക്കാന്‍ തയാറാണ്. പ്രളയത്തിനിടയ്ക്ക് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കരുതെന്നും മുനീര്‍ ആവശ്യപ്പെട്ടു. പ്രളയത്തിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട വകുപ്പുകള്‍ ഏറ്റെടുക്കണമെന്ന് വി.കെ ഇബ്രാംഹിംകുഞ്ഞ് ആവശ്യപ്പെട്ടു. ഡാമുകള്‍ യഥാസമയം തുറക്കാത്തതാണ് ദുരന്തത്തിന് കാരണമെന്നതില്‍ സംശയമില്ല. പണത്തിന്റെ ആര്‍ത്തിയാണ് നൂറുകണക്കിന് പേരുടെ ജീവനപഹരിച്ച,
കോടികളുടെ നഷ്ടത്തിന് വഴിവച്ച ദുരന്തത്തിനിടയാക്കിയത്. ഒരേസമയം ഒന്നിച്ച് സംസ്ഥാനത്തെ 33 ഡാമുകള്‍ തുറന്നു. അങ്ങനെ പ്രളയം വരുത്തിവച്ചതിന്റെ ക്രഡിറ്റ് സര്‍ക്കാരിന് മാത്രമാണ്. ഡാമുകള്‍ നിറഞ്ഞപ്പോള്‍ തുറക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ മന്ത്രിമാര്‍ തമ്മിലുണ്ടായ തര്‍ക്കം ഇതിനുദാഹരണമാണ്. മഹാപ്രളയത്തിന് ഇടയാക്കിയ കാര്യങ്ങള്‍ സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്നും ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടു.
ആദിവാസി മേഖലയില്‍ ദുരന്തത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്ക് അവരുടെ വാസത്തിനു അനുയോജ്യമായ മേഖലയില്‍ തന്നെ വീട് നിര്‍മിച്ചു നല്‍കണമെന്ന് പി.കെ ബഷീര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."