ദുരിതബാധിതര്‍ക്കുള്ള സാധനങ്ങള്‍ അടിച്ചുമാറ്റി; ദേവസ്വം മാനേജര്‍ പിടിയില്‍
അമ്പലപ്പുഴ: പ്രളയദുരിതബാധിതര്‍ക്കുള്ള ഭക്ഷ്യ സാധനങ്ങള്‍ മോഷ്ടിച്ച ബി.ജെ.പി പ്രവര്‍ത്തകനും ദേവസ്വം മാനേജരുമായ കോമന കൃഷ്ണകൃപയില്‍ രാജീവ് പൈ (65) യെ അമ്പലപ്പുഴ പൊലിസ് അറസ്റ്റ് ചെയ്തു.
പുറക്കാട് പഞ്ചായത്തിലെ വിവിധ ക്യാംപുകളിലേക്ക് വിതരണം ചെയ്യുന്നതിന് കലക്ടറേറ്റില്‍ നിന്നെത്തിയ അഞ്ച് ചാക്ക് അരി, ഒരു ചാക്ക് ചെറുപയര്‍, ഒരു ചാക്ക് ഉഴുന്ന്, ഒരു ചാക്ക് പാല്‍പ്പൊടി എന്നിവയും സ്റ്റേഷനറി സാധനങ്ങളുമാണ് കഴിഞ്ഞ ദിവസം ഇയാള്‍ അടിച്ചുമാറ്റിയത്. പുറക്കാട്ടെ ശ്രീ വേണുഗോപാല ദേവസ്വം മാനേജര്‍ കൂടിയായ രാജീവ് ദേവസ്വത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിലെ മുറികള്‍ ക്യാംപിലേക്കുള്ള സാധനങ്ങള്‍ സൂക്ഷിക്കാനായി വിട്ടുനല്‍കിയിരുന്നു. ഇവിടെനിന്ന് ക്ഷേത്രത്തില്‍ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ സമീപത്തെ ബന്ധുവിന്റെ വീട്ടിലേക്കു സാധനങ്ങള്‍ മാറ്റുകയായിരുന്നു.
സംശയം തോന്നിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വിവരം സി.പി.എം പുറക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ അറിയിക്കുകയും തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ ദേവസ്വത്തിന്റെ സാധനങ്ങളാണന്നു പറയുകയുമായിരുന്നു. ഇതിനിടെ കൂടുതല്‍ പാര്‍ട്ടി പ്രവര്‍ത്തകരും പൊലിസുമെത്തിയതോടെ പുറക്കാട് വില്ലേജിലെ ജീവനക്കാരന്റെ അറിവോടെയാണ് സാധനങ്ങള്‍ മോഷ്ടിച്ചതെന്ന് ഇയാള്‍ സമ്മതിച്ചു. വില്ലേജിലെ ഫീല്‍ഡ് അസിസ്റ്റന്റും തകഴി സ്വദേശിയുമായ സന്തോഷ് ഒളിവിലാണ്. രാജീവ് പൈയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."