HOME
DETAILS

മഹാമാരിക്കിടയിലെ ക്രൂരത

  
backup
September 07 2020 | 21:09 PM

editorial-09-08-2020111-about-ambulace-rape

കൊവിഡ് ബാധിതയെ ആശുപത്രിയിലേക്കുള്ള വഴിയില്‍ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച വാര്‍ത്ത നടുക്കത്തോടെയായിരിക്കും മനഃസാക്ഷി മരവിച്ചിട്ടില്ലാത്തവര്‍ ശ്രവിച്ചിട്ടുണ്ടാവുക. പ്രളയങ്ങളിലും മഹാമാരിയിലും എല്ലാ അധമ വികാരങ്ങളും വിദ്വേഷങ്ങളും മാറ്റിവച്ച് സന്മനോഭാവത്തോടെ പ്രവര്‍ത്തിക്കുകയായിരുന്നു നാം ഇതുവരെ. മനുഷ്യന്‍ എന്ന പദത്തിന്റെ യഥാര്‍ഥ സത്ത പുറംലോകത്തിന് അങ്ങനെ നാം കാണിച്ചു കൊടുത്തുകൊണ്ടിരുന്നു. എന്നാല്‍, പ്രളയങ്ങളിലും മഹാമാരിയിലും മനുഷ്യ മുഖംമൂടിയണിഞ്ഞ പിശാചുക്കളും യഥാര്‍ഥ മനുഷ്യ സ്‌നേഹികള്‍ക്കൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ആരോഗ്യരംഗത്തും പ്രവര്‍ത്തിക്കുന്നുവെന്ന അറിവ് ഞെട്ടിപ്പിക്കുന്നതാണ്.

പ്രളയങ്ങളില്‍ ദുരിതം പേറുന്നവര്‍ക്കായി ആശ്വാസ കേന്ദ്രങ്ങളിലേക്കുള്ള അവശ്യസാധനങ്ങള്‍ കട്ടുകടത്തുന്ന രാഷ്ട്രീയ നേതാക്കളെ അമ്പരപ്പോടെ കണ്ട കേരളം, ഇപ്പോഴിതാ കൊവിഡ് ചികിത്സയ്ക്കായി ആശുപത്രിയിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടി വഴിമധ്യേ ആംബുലന്‍സ് ഡ്രൈവറാല്‍ ക്രൂരമായ പീഡനത്തിനിരയായ വാര്‍ത്തയും കേള്‍ക്കേണ്ടി വന്നിരിക്കുന്നു. കൊവിഡ് മഹാമാരി കേരളത്തെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്ന അവസരത്തില്‍, മരണഭയമില്ലാതെ, വീട്ടുകാരില്‍ നിന്നു വേര്‍പെട്ട് സേവന നിരതരായ ആരോഗ്യ പ്രവര്‍ത്തകരെയും ആംബുലന്‍സ് ഡ്രൈവര്‍മാരെയും സംഘടനകളും മാധ്യമങ്ങളും പ്രശംസാ വചനങ്ങള്‍ കൊണ്ട് മൂടുമ്പോഴാണ് ഇരു വിഭാഗങ്ങളിലും കഴുകന്‍ കണ്ണുകളോടെ ഇരകളെ തേടുന്ന മനുഷ്യ പിശാചുക്കളും ഉണ്ടെന്നറിയുന്നത്.

ആരോഗ്യ വകുപ്പിന്റെ കനിവ് പദ്ധതിയുടെ ഭാഗമായ 108 ആംബുലന്‍സില്‍ ആറന്മുളയില്‍നിന്നു വളരെ അടുത്തുള്ള പന്തളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിയിരുന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ ഡ്രൈവര്‍ വഴിയില്‍ വച്ച് പീഡിപ്പിച്ചെങ്കില്‍, കൊവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വീട്ടില്‍ ചെന്ന യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെങ്കില്‍ രോഗാവസ്ഥയില്‍ പോലും നിസഹായരായ മനുഷ്യര്‍ എന്തുമാത്രം അരക്ഷിതരാണ്.

റോഡ് അപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാനുള്ള ആരോഗ്യ വകുപ്പിന്റെ സൗജന്യ ആംബുലന്‍സ് ശൃംഖലയാണ് കനിവ് പദ്ധതി. 14 ജില്ലകളിലായി ഇത്തരം 316 ആംബുലന്‍സുകള്‍ പ്രവര്‍ത്തന സജ്ജമാണ്. എന്നാല്‍, ഇത്തരം ആംബുലന്‍സുകളില്‍ ഡ്രൈവര്‍മാരെ നിയമിക്കുമ്പോള്‍ പാലിക്കേണ്ട സൂക്ഷ്മത ആറന്മുളയില്‍ പാലിച്ചില്ല എന്നല്ലേ മനസിലാക്കേണ്ടത്. കൊവിഡ് പോസിറ്റീവാകുന്ന സ്ത്രീകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ അവരെ തനിയെ വിടുന്നത് എന്തടിസ്ഥാനത്തിലാണ്. രോഗികളാകുന്ന സ്ത്രീകളെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ അവര്‍ക്കുള്ള സംരക്ഷണം സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നുണ്ട്. ഇവിടെ അത് പാലിച്ചില്ല.

മഹാവിപത്തു വരുമ്പോള്‍ നാം എല്ലാം ഒറ്റക്കെട്ടാണെന്നും എല്ലാ പരിഭവങ്ങളും മാറ്റിവച്ച് സഹജീവികളുടെ അതിജീവനത്തിനായി ജീവന്മരണ പോരാട്ടം നടത്തുമെന്നൊക്കെ പറയുന്നത് വെറും പുറംപൂച്ചു മാത്രമാണെന്നും ഈ രണ്ടു സംഭവങ്ങളും തെളിയിച്ചിരിക്കുകയാണ്. ഇത്തരം ക്രിമിനലുകള്‍ ഇതു പോലുള്ള രംഗങ്ങളില്‍ നുഴഞ്ഞു കയറി ആത്മാര്‍ഥമായി രോഗീപരിചരണം നടത്തുന്നവരെക്കൂടി പൊതുസമൂഹത്തിന്റെ മുന്‍പില്‍ അപമാനിതരാക്കുകയാണ്. ക്രിമിനലുകള്‍ക്ക് അതിനുള്ള അവസരം നല്‍കുന്നവരും തെറ്റുകാരാണ്.

പീഡകരായ ആംബുലന്‍സ് ഡ്രൈവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകനും നല്‍കുന്ന കഠിനശിക്ഷ, അത്ര അളവോളമല്ലെങ്കിലും അതിനുള്ള അവസരം നല്‍കിയവര്‍ക്കും നല്‍കേണ്ടതുണ്ട്. ആറന്മുളയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവര്‍ നേരത്തെ തന്നെ കൊലക്കേസ് പ്രതിയും അറിയപ്പെടുന്ന ക്രിമിനലുമാണ്. ഇത്തരമൊരാളെ സര്‍ക്കാര്‍ സംവിധാനമായ 'കനിവ് 108 ആംബുലന്‍സ്' ഡ്രൈവറായി നിയോഗിക്കുമ്പോള്‍ അയാളെ സംബന്ധിച്ച യാതൊരുവിധ അന്വേഷണങ്ങളും നടത്തിയില്ല. കൊവിഡ് ചികിത്സാരംഗത്ത് വളരെ ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന് ഇത്തരമൊരു ചീത്തപ്പേരു വീണതോടെ സര്‍ക്കാറിനെ മൊത്തത്തില്‍തന്നെയല്ലേ അത് ബാധിക്കുന്നത്.

2009ല്‍ കായംകുളത്ത് വധശ്രമക്കേസില്‍പെട്ട ആംബുലന്‍സ് ഡ്രൈവറായ നൗഫല്‍ കഴിഞ്ഞ വര്‍ഷമാണ് 108 ആംബുലന്‍സ് ഡ്രൈവറായി നിയമിതനായത്. പ്രതിക്ക് 108 ആംബുലന്‍സില്‍ ഡ്രൈവറാകാന്‍ സമര്‍പ്പിക്കേണ്ട പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് എങ്ങിനെയാണ്? അത്തരമൊരു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെങ്കില്‍ 108 ആംബുലന്‍സിന്റെ നടത്തിപ്പു ചുമതലയുള്ള കമ്പനി എന്തടിസ്ഥാനത്തിലാണ് ഇയാളെ ഇത്രയും ഗൗരവപ്പെട്ട ഒരു ജോലിയില്‍ നിയമിച്ചത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കാത്തവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് ഫെബ്രുവരി 25ന് കമ്പനി സര്‍ക്കുലര്‍ ഇറക്കിയിരുന്നുവെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. സാമൂഹ്യ വിരുദ്ധരായ ക്രിമിനലുകള്‍ സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നുഴഞ്ഞുകയറി അക്രമം കാണിച്ചതിനുശേഷം അവരെ പിരിച്ചുവിടുകയും നടപടിയെടുക്കുകയും ചെയ്തിട്ടെന്തു ഫലം. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് വേണ്ടത്.

കനിവ് 108ന്റെ നടത്തിപ്പു ചുമതലയുള്ള, ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജി.വി.കെ.ഇ.എം.ആര്‍.ഐയുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനമാണ് ഇത്തരമൊരു വീഴ്ചയ്ക്ക് ആധാരമായത്. അവര്‍ ഒരു ക്രിമിനലിനെ വേണ്ടത്ര പരിശോധന നടത്താതെ ഡ്രൈവറായി നിയമച്ചതിന് ഉത്തരം പറഞ്ഞേ മതിയാകൂ. ഇത്തരമൊരു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ആംബുലന്‍സ് ഡ്രൈവര്‍മാരെക്കുറിച്ചും സര്‍ക്കാര്‍ പൊലിസ് തലത്തിലുള്ള അന്വേഷണം നടത്തണം. കൊവിഡ് പ്രതിരോധ ചികിത്സാ രംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആരോഗ്യ വകുപ്പിനു മേല്‍ കളങ്കം ചാര്‍ത്തിയ ആറന്മുളയിലെ ക്രൂരത സംസ്ഥാനത്തെ ആദ്യത്തേതും അവസാനത്തേതുമാകണം. അതിനു കുറ്റവാളികളായ ഡ്രൈവര്‍ക്കും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും മാതൃകാപരമായ ശിക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  24 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  44 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago