ഇരട്ടപ്പേരില്‍ പരശുറാമിന്റെ ഓട്ടം
കോഴിക്കോട്: വ്യത്യസ്ത ട്രെയിനുകളുടെ കോച്ചുകള്‍ കൂട്ടിക്കെട്ടി റെയില്‍വേ ട്രെയിന്‍ ഓടിക്കാറുണ്ട്. ചിലപ്പോള്‍ ജനശതാബ്ദിയുടെ കോച്ചുമായി ഇന്റര്‍സിറ്റിയും ഇന്റര്‍സിറ്റിയുടെ കോച്ചുകളുമായി ഏറനാടും പരശുവും ഓടാറുണ്ട്. ട്രെയിനിന്റെ ഇരുവശങ്ങളിലുമുള്ള ഡിസ്‌പ്ലേ ബോര്‍ഡിലെ പേരാണ് യാത്രക്കാര്‍ക്ക് ഈ ട്രെയിന്‍ ഏതെന്നു തിരിച്ചറിയാന്‍ തുണയാകുന്നത്.
എന്നാല്‍ ഇന്നലെ മംഗളൂരുവില്‍ നിന്ന് നാഗര്‍കോവിലേക്കുള്ള പരശുറാം എക്‌സ്പ്രസ് ഓടിയത് ഒറ്റകോച്ചില്‍ തന്നെ രണ്ടുപേരുമായിട്ടാണ്. ഡി 3 കോച്ചിന്റെ പ്രവേശന കവാടത്തിന്റെ ഇടതുഭാഗത്തു പരശുറാം എക്‌സ്പ്രസെന്നും വലതുഭാഗത്ത് ഏറനാട് എക്‌സ്പ്രസ് എന്നുമാണ് ഡിസ്‌പ്ലേ ബോര്‍ഡിലുണ്ടായിരുന്നത്.
യാത്രക്കാര്‍ക്കെല്ലാം ഏറെ കൗതുകമായി പരശുറാമിന്റെ ഈ ഇരട്ടപ്പേരിലുള്ള ഓട്ടം. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ സഹിതം പരശുവിന്റെ ഇരട്ടപ്പേര് വൈറലായതോടെ ട്രോളുകളുടെ പ്രവാഹവുമായി.
ഡിസ്‌പ്ലേ ബോര്‍ഡുകള്‍ വച്ചപ്പോഴുള്ള പിഴവാണ് ഇതിനു കാരണമെന്നാണു റെയില്‍വേയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."