കളവ് മേല്‍ക്കോയ്മ നേടിയ കാലം
കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളുടെ ലോകചരിത്രം പ്രത്യേകിച്ചും രാഷ്ട്രീയ ചിത്രം വഞ്ചിക്കപ്പെടലുകളുടേതാണ്. അട്ടഹസിച്ചും ശരീരം ഇളക്കിയും ചിലര്‍ നടത്തിവരുന്ന വാഗ്ദാന പെരുമഴകളുടെ ഉല്‍പന്നമാണ് വലതുപക്ഷ സര്‍ക്കാരുകള്‍. മതം, വംശം, തൊഴില്‍, ദേശീയത ഇങ്ങനെ പല ചേരുവകള്‍ ആവശ്യാനുസരണം അനുവാചകരുടെ അവികസിത മസ്തിഷ്‌കങ്ങളില്‍ സന്നിവേശിപ്പിക്കുന്നത് കലയായി സ്വീകരിച്ച നേതൃത്വം വിജയിച്ചപ്പോള്‍, ലോകം പരാജയപ്പെട്ടു. നരേന്ദ്ര മോദിയും അമിത്ഷായും ഇന്ത്യയില്‍ അങ്ങോളമിങ്ങോളം പാറിപ്പറന്നു നടത്തിയ അട്ടഹാസങ്ങളും മാരത്തോണ്‍ പ്രസംഗങ്ങളും രണ്ടാമത് ഒരവസരം കൂടി ബി.ജെ.പിക്ക് ലഭ്യമാക്കി. എല്ലാവര്‍ക്കും തൊഴില്‍, ഓരോ പൗരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപം ഇങ്ങനെ പോയി പൊള്ളയായ വാഗ്ദാനങ്ങള്‍. മത വൈകാരികത വളര്‍ത്തുന്നതിന് ഇപ്പോഴും ചരിത്രം പൂര്‍ണമായി അംഗീകരിച്ചിട്ടില്ലാത്ത ശ്രീരാമന്‍ എന്ന ഹിന്ദു ആരാധനാ മൂര്‍ത്തിക്ക് സ്വന്തമായി ഒരു അമ്പലം വാഗ്ദാനപ്പട്ടികയില്‍പ്പെടുത്തി. സമര്‍ഥവും ശാസ്ത്രീയവുമായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി വിജയത്തിലെത്തി. 6000 വര്‍ഷത്തിലധികമായി കാത്തുസൂക്ഷിക്കുന്ന ഭാരതീയ സംസ്‌കൃതിയും ഭാരതീയരും താല്‍ക്കാലികമായിട്ടെങ്കിലും പരാജയപ്പെട്ടു. നാവിന്റെ ബലത്തില്‍ നാടു ഭരിക്കുക മാത്രമല്ല, ലോക ക്രമം രൂപപ്പെട്ടുവരുന്നതാണ്, അല്ലെങ്കില്‍ വരുത്തുന്നതാണ് കണ്ടുവരുന്നത്.
1948 മുതല്‍ മക്ക, മദീന പള്ളികള്‍ ഉള്‍പ്പെടെ ലോകത്തിലെ എല്ലാ പള്ളികളില്‍വച്ചും മുസ്‌ലിം ലോകത്തിന്റെ മൂന്നാം ഹറം ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സ സയണിസ്റ്റ് ഭീകരര്‍ കൈയേറിയതിനെതിരേ പ്രാര്‍ഥനകളും പ്രഭാഷണങ്ങളും നടന്നുവന്നു. എന്നാല്‍, 2020 സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച മക്കയിലെ വിശുദ്ധ ഹറം പള്ളിയില്‍ നടന്ന പ്രസംഗങ്ങള്‍ നിരാശപ്പെടുത്തി. സഊദി അറേബ്യയും യു.എ.ഇയും മറ്റും പുതുതായി സ്ഥാപിച്ച ഇസ്‌റാഈല്‍ ചങ്ങാത്തം മതവുമായി ബന്ധിപ്പിക്കാന്‍ വിശുദ്ധ മിംബര്‍ ഉപയോഗപ്പെടുത്തിയ കൊട്ടാരം പണ്ഡിതന്മാര്‍ ഉദര സേവനത്തിന് മതം വില്‍ക്കുന്ന പട്ടികയില്‍പ്പെടും എന്നുറപ്പ്. ഈജിപ്ത് - ജോര്‍ദാന്‍ - ഇസ്‌റാഈല്‍ നയതന്ത്ര ബന്ധവും ഈജിപ്തിലെ അല്‍സിസിയുടെ പട്ടാള വിപ്ലവവും പാടിപ്പുകഴ്ത്തി നാക്ക് കുഴഞ്ഞ ഇത്തരം വാടക പ്രഭാഷകര്‍ അറബ് വസന്തം എന്ന് കുറച്ചു നാളത്തേക്ക് ലോകം വിളിച്ച മുല്ലപ്പൂവിപ്ലവം കണ്ടതുമില്ല. ജോര്‍ജ് ബുഷിന്റെ മുഖത്തേക്ക് ഷൂ ഊരി വലിച്ചെറിഞ്ഞ മുന്‍തദര്‍ അല്‍സൈദി എന്ന വിപ്ലവകാരിയെ കാണാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
വാക് വൈഭവത്താല്‍ ലോകനീതി നിശ്ചയിക്കുന്ന സ്ഥിതി മാറിയിട്ടില്ല. ചരിത്രത്തിന്റെ പുനരാവിഷ്‌കരണം നടക്കുന്നുവെന്ന് മാത്രം. പൗരാണിക റോമന്‍, ഗ്രീക്ക് സാമ്രാജ്യങ്ങളെ പിടിച്ചുകുലുക്കിയ ഡെമോസ്തനിസ്, സിസറോ, മാര്‍ക്ക് ആന്റണി മുതല്‍ എബ്രഹാം ലിങ്കണ്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, ഹിറ്റ്‌ലര്‍, ജോസഫ് സ്റ്റാലിന്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, സദ്ദാം ഹുസൈന്‍ തുടങ്ങിയ വാക്ക് സാമര്‍ഥ്യമുള്ളവര്‍ നിര്‍മിച്ചുണ്ടാക്കിയ അധികാരത്തിലേക്കുള്ള പരവതാനികള്‍ മാറ്റമില്ലാതെ തുടരുന്നു. ജനാധിപത്യത്തിന്റെ ഈറ്റില്ലമായിരുന്ന പൗരാണിക റോമില്‍ ഏകാധിപതിയായി ചമഞ്ഞ ജൂലിയസ് സീസര്‍ ജനാധിപത്യവാദികളുടെ ഗൂഢാലോചനയെ തുടര്‍ന്ന് മരണപ്പെട്ടപ്പോള്‍ അതില്‍ ആഹ്ലാദഭരിതരായി തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തെ ഏതാനും നിമിഷത്തെ കത്തിക്കയറിയ പ്രഭാഷണം കൊണ്ട് മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയ മാര്‍ക്ക് ആന്റണി ചരിത്ര വിദ്യാര്‍ഥികള്‍ക്ക് പാഠമാണ്. തങ്ങള്‍ കഠിനമായി വെറുത്തിരുന്ന സ്വേച്ഛാധിപതി ജൂലിയസ് സീസറെ വകവരുത്തിയ ജനാധിപത്യവാദികള്‍ക്ക് നേതൃത്വം നല്‍കിയ ബ്രൂട്ടസ്, റോമന്‍ ജനതയുടെ ദൃഷ്ടിയില്‍ ആദര്‍ശത്തിന്റെ ആള്‍രൂപങ്ങളായിരുന്നു. വീര പുരുഷന്മാരായി മാറിയവരോടുള്ള സ്‌നേഹവും ഭക്തിയും ആദരവും പ്രകടിപ്പിക്കുന്ന ആള്‍ക്കൂട്ടം സ്വയം മറന്നു സന്തോഷം പ്രകടിപ്പിക്കുന്ന സന്ദര്‍ഭത്തിലാണ് മാര്‍ക്ക് ആന്റണി പ്രസംഗം തുടങ്ങിയത്. ശാന്തമായി തുടങ്ങി വിപ്ലവ നായകരെ തഴുകി തലോടി സംസാരിച്ച് തുടങ്ങിയ മാര്‍ക്ക് ആന്റണി ഇടയ്ക്കിടെ ബ്രൂട്ടസ് ഏതായാലും മാന്യദേഹം തന്നെയെന്ന് വിപരീതോക്തിയില്‍ കത്തിക്കയറിയ പ്രസംഗം അവസാനിപ്പിക്കാനായപ്പോള്‍ ആള്‍ക്കൂട്ടം വിപ്ലവ ജനാധിപത്യവാദികള്‍ക്ക് എതിരായി, അവര്‍ക്കെതിരേ തിരിയുകയും പിന്തുടര്‍ന്ന് വധിക്കുകയുമാണ് ഉണ്ടായത്.
റോമാ സാമ്രാജ്യത്തിന്റെ ചരിത്രഗതി തന്നെ മാര്‍ക്ക് ആന്റണിയുടെ ഏതാനും മിനിറ്റുകള്‍ നീണ്ട പ്രസംഗം മാറ്റിമറിച്ചു. ആധുനിക കാലത്തും നാവില്‍ പതിയിരിക്കുന്ന, അസത്യവും അര്‍ധ സത്യവും തന്നെയാണ് പാര്‍ട്ടികളെയും ഭരണകൂടങ്ങളെയും നിര്‍മിക്കുന്നതും നിലനിര്‍ത്തുന്നതും. യാതൊരു ധര്‍മ്മബോധവുമില്ലാതെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയ ബന്ധങ്ങളും നടക്കുന്നു. പി.എസ്.സി റാങ്കുകാരന്‍ നിയമനം ലഭിക്കാത്തതില്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന വാര്‍ത്തയ്ക്ക് ഒരു ദിവസത്തിലധികം ആയുസുണ്ടായില്ല. വിഷയം ലഘൂകരിച്ച് പാതിരാ ചാനല്‍ ചര്‍ച്ചകളില്‍ വാശിയോടെ സംബന്ധിച്ച സംഘടനാ പ്രതിനിധികള്‍ സത്യം മറച്ചുവയ്ക്കുന്നതില്‍ വിജയിക്കുന്നതാണ് കണ്ടത്. അധികമൊന്നും കുടുംബസ്വത്ത് ഇല്ലാതെ, സാധാരണക്കാരില്‍ സാധാരണക്കാരായി ജീവിതം തുടങ്ങി രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് കോടിപതിയായി വളര്‍ന്നാലും പിന്തുണയ്ക്കാന്‍ പരിശീലനം ലഭിച്ച നാവുകളെ പാര്‍ട്ടികള്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്. ലഹരി മരുന്ന് വ്യാപാരം നടത്തിയാലും സ്വര്‍ണക്കള്ളക്കടത്തു നടത്തി രാജ്യത്തിന്റെ അടിത്തറ മാന്തിയാലും ഭരണകൂടങ്ങള്‍ക്കും നേതാക്കള്‍ക്കും ഭയക്കാനില്ല. അഥവാ കോടതി കയറിയാലും രക്ഷപ്പെടുത്താന്‍ നിരവധി വഴികള്‍ നിലവിലുണ്ട്.
ഇന്ത്യയുടെ കൊവിഡ് നിയന്ത്രണം ലോകത്തിന് മാതൃകയാണെന്ന് എത്ര കോടി രൂപ മുടക്കിയാണ് പത്രങ്ങളിലും ചാനലുകളിലും പരസ്യം നല്‍കിയിരുന്നത്. ഇപ്പോള്‍ രോഗ ബാധയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കൊറോണയെ പിടിച്ചുകെട്ടുന്നതില്‍ ഭൂലോക മാതൃകയാണ് കേരളമെന്ന് പാടി പറഞ്ഞു നടക്കാന്‍ എത്ര പേരാണ് മത്സരിച്ചത്. ആരോഗ്യവകുപ്പ് മന്ത്രിയെ അന്താരാഷ്ട്ര ചുമതല ഏല്‍പ്പിക്കണമെന്ന് പറഞ്ഞവര്‍ വരെ ഉണ്ടായി. ഇപ്പോള്‍ കൊവിഡ് പിടിച്ചുകെട്ടാന്‍ കഴിയാതെ പോയതിന്റെ പഴി മുഴുവനും ജനങ്ങളുടെ തലയില്‍ വച്ചുകെട്ടി ഗവണ്‍മെന്റ് നല്ലപിള്ള ചമയാനാണ് ശ്രമിക്കുന്നത്. നാലര വര്‍ഷത്തിനുള്ളില്‍ നിത്യോപയോഗ വസ്തുക്കള്‍ക്ക് ഒരു രൂപ പോലും വിലവര്‍ധിച്ചില്ല എന്നു പറഞ്ഞത് ഒരു യുവ എം.എല്‍.എയും പറഞ്ഞ സ്ഥലം നിയമസഭയുമാണ്. ഇതാണ് രാഷ്ട്രീയ അടിമത്തം, കളവിന്റെ വ്യാപാരം, രാഷ്ട്രീയ സദാചാരത്തില്‍ നിന്നുള്ള ഒളിച്ചോട്ടം. തീര്‍ച്ചയായും ഈ എം.എല്‍.എയ്ക്ക് ഇനിയും മത്സരിക്കാന്‍ സീറ്റ് ഉറപ്പ്. രാജാവ് നഗ്‌നനാണെന്ന് പറയാന്‍ ധര്‍മ്മബോധമുള്ളവരുടെ ദാരിദ്ര്യം നമ്മെ ഭയപ്പെടുത്തുന്നു.
മഹാമാരി തൊഴില്‍രഹിതരാക്കിയ ലക്ഷങ്ങള്‍ കഴിഞ്ഞ ഓണം ആഘോഷിച്ചത് 350 രൂപ വിലയുള്ള കിറ്റ് കൊണ്ടാണ്. സഞ്ചി വില അഞ്ചു രൂപ, പാക്കിങ് പത്തു രൂപ, ട്രാന്‍സ്‌പോര്‍ട്ട് 20 രൂപ അങ്ങനെ മുതലാളിമാര്‍ക്ക് വലിയ നേട്ടമുണ്ടായി. വീടുകളില്‍ അരപ്പട്ടിണിയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസവചനം പോലുമുണ്ടായില്ല. അര്‍ബുദ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ മരുന്ന് ലഭിക്കാതെ ശ്വാസം മുട്ടി കഴിയുന്നു. ഭരണ നിര്‍വഹണച്ചെലവ് കുത്തനെ കൂടി. ശമ്പള, പെന്‍ഷന്‍ ക്രമത്തില്‍ വീണ്ടുവിചാരമുണ്ടായില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരികയാണ്. കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കപ്പെടുമെന്നുറപ്പ്. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ഒരു പാര്‍ട്ടിയും മനസ്സുകൊണ്ട് ആഗ്രഹിക്കുന്നില്ല. കാരണം അതൊരു സീസണ്‍ കച്ചവടമാണ്. പാര്‍ട്ടി ഫണ്ട് കനപ്പിക്കാനും താഴേത്തട്ടു മുതല്‍ മേലെ തട്ടു വരെയുള്ള രാഷ്ട്രീയ തൊഴിലാളികള്‍ക്ക് ജോലി (സീറ്റ്, അവസരം) നല്‍കാനുള്ള സന്ദര്‍ഭം എങ്ങനെയാണ് തള്ളിക്കളയുക. എന്തും വഴങ്ങുന്ന നാവുള്ളവര്‍ക്ക് മണിക്കൂര്‍ ഇടപെട്ട് കാര്യങ്ങള്‍ മാറ്റിപ്പറയാം, മുന്നണി മാറാം, മറുകണ്ടം ചാടാം, അപ്പോഴും പറയും ഞങ്ങള്‍ അടിസ്ഥാനവര്‍ഗത്തിന്റെ പക്ഷത്താണെന്ന്. ഏറ്റുപറയാനും ഏറ്റുവിളിക്കാനും ചങ്ങലക്കിട്ടു ബന്ധനസ്ഥരാക്കിയ അടിയുറച്ച അനുയായികള്‍ രാവും പകലും കൂടെക്കാണും. നമ്മുടെ മഹത്തായ രാജ്യം വാനരന്റെ കൈയില്‍ കിട്ടിയ പൂമാല പോലെ ഭരണകൂടങ്ങള്‍ അഭംഗിയാക്കി, ഉപയോഗ ശൂന്യമാക്കി. പൗരന്മാര്‍ മികച്ച ജനാധിപത്യബോധം കാണിക്കണം. തിന്മകളെ പ്രതിരോധിക്കാനും കടമകള്‍ നിര്‍വഹിക്കാനും കരുത്ത് നേടണം. നമ്മുടെ വോട്ടവകാശം രാജ്യ പുരോഗതിക്കുവേണ്ടി മാത്രമാവണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."