അഗതിരഹിത കേരളം: അനര്‍ഹരെ ഒഴിവാക്കാന്‍ കൗണ്‍സില്‍ തീരുമാനം
ചാലക്കുടി: അഗതിരഹിത കേരളം പദ്ധതിയില്‍ നിലവിലുണ്ടായിരുന്ന പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവരെയും പരിഗണിക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം. എന്നാല്‍ ഇതില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും.
ഈ പദ്ധതി പ്രകാരം നിലവില്‍ സഹായം ലഭിച്ചിരുന്നവരുടെ ലിസ്റ്റ് ഒഴിവാക്കി 33 പേരടങ്ങുന്ന പുതിയ പട്ടികയാണ് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇതിനെതിരെ ഭരണപക്ഷത്തെ വി.ജെ.ജോജി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. നിലവില്‍ ഈ പദ്ധതി പ്രകാരം സഹായം കൈപ്പറ്റുന്നവരേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ജോജി യോഗത്തില്‍ ആവശ്യപ്പെട്ടു.
ഈ ആവശ്യത്തോട് ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും അംഗങ്ങള്‍ യോജിച്ചു. ഈ സാഹചര്യത്തിലാണ് പഴയ പട്ടികയില്‍ ഉണ്ടായിരുന്നവരേയും ഉള്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചത്. എന്നാല്‍ ഇതില്‍ അനര്‍ഹര്‍ ഉണ്ടോയെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കും.
വാട്ടര്‍ അതോറിറ്റിയും കേബിള്‍ കമ്പനികളും കുഴിയെടുത്ത് നാശമാക്കിയ നഗരാതിര്‍ത്തിയിലെ റോഡുകള്‍ ഉടന്‍ അറ്റകുറ്റ പണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കാന്‍ യോഗം തീരുമാനിച്ചു. ചേനത്തുനാട്ടിലെ സെന്റ്. ജെയിംസ് അക്കാദമി റോഡ്, ഗവ. വനിത ഐ.ടി.ഐ റോഡടക്കം നിരവധി റോഡുകള്‍ ഇത്തരത്തില്‍ സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണെന്ന് ഭരണപ്രതിപക്ഷ അംഗങ്ങള്‍ യോഗത്തെ അറിയിച്ചു.
ഈ സാഹചര്യത്തിലാണ് റോഡുകളുടെ അറ്റകുറ്റ പണികള്‍ ഉടന്‍ നടത്താന്‍ നടപടിയായത്. ലൈഫ് പദ്ധതി പ്രകാരം വീട് നിര്‍മിച്ച് അവസാനഘട്ട വിഹിതത്തിനായി കാത്തിരിക്കുന്ന ഗുണഭോക്താക്കളുടെ വീടിന്റെ വിസ്തീര്‍ണം അളന്ന് തിട്ടപ്പെടുത്തുന്ന എന്‍ിജനീയറിങ് വിഭാഗത്തിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു.
സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള വിസ്തീര്‍ണത്തിന് കൂടുതലായി വീടുകള്‍ നിര്‍മിച്ചിട്ടുള്ളവരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയെന്ന് സെക്രട്ടറി അറിയിച്ചു. എന്നാല്‍ ഇതിനെതിരേ ഭരണപ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തിയതോടെ യോഗം ബഹളമയമായി. എന്നാല്‍ അത്തരത്തിലുള്ള നടപടികളൊന്നും ഉണ്ടാകില്ലെന്ന് വൈസ് ചെര്‍മാന്‍ ഉറപ്പ് നല്‍കി. നഗരസഭാ ചെയര്‍പേഴ്‌സന്‍ ജയന്തി പ്രവീണ്‍കുമാര്‍ അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, യു.വി മാര്‍ട്ടിന്‍, പി.എം ശ്രീധരന്‍, വി.ജെ ജോജി, വി.ഒ പൈലപ്പന്‍, കെ.വി പോള്‍, ഷിബു വാലപ്പന്‍, ബിജു എസ്. ചിറയത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."