നഗരസഭയിലെ ഫയലുകള്‍ മുക്കുന്നതിനെ ചൊല്ലി കൗണ്‍സിലില്‍ ബഹളം
പാലക്കാട് നഗരസഭയിലെ പ്രധാന ഫയലുകള്‍ കാണാതാവുന്നതിനെ ചൊല്ലി ഇന്നലെ നടന്ന കൗണ്‍സില്‍ യോഗവും ബഹളത്തില്‍ കലാശിച്ചു. നഗരത്തില്‍ 70 ദിവസത്തിലേറെയായി തുടരുന്ന മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ വിളിച്ചു ചേര്‍ത്ത കൗണ്‍സില്‍ യോഗമാണ് ബഹളത്തില്‍ മുങ്ങിയത്. കുന്നത്തൂര്‍മേട്ടിലെ കുളം നികത്തുന്നതുമായി ബന്ധപ്പെട്ട കോടതി ഡയറക്ടറേറ്റ് തുടങ്ങിയവയില്‍ നിന്നുമുള്ള ഓര്‍ഡറുകളുടെയും കത്തിടപാടുകളുടെയും ഫയലുകളാണ് നഗരസഭയില്‍ കാണാതായതെന്നും ഉദ്യോഗസ്ഥര്‍ ഭൂമാഫിയക്ക് കൂട്ടുനിന്നതായും കക്ഷിരാഷ്ട്രീയഭേദമന്യേ കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ ആരോപിച്ചു.
നഗരസഭയിലെ 52 വാര്‍ഡുകളിലെ ഒന്നരലക്ഷത്തോളം വരുന്നജനങ്ങളെയും കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥന്മാരും മുനിസിപ്പല്‍ വക്കീലും ചേര്‍ന്ന് വഞ്ചിക്കുകയാണെന്ന് യോഗത്തില്‍ ഉന്നയിച്ചു. നഗരസഭയിലെ കേസുകളെ സംബന്ധിച്ച് കൗണ്‍സിലര്‍മാര്‍ക്കിടയില്‍ അഴിമതി നടക്കുന്നതായും യോഗത്തില്‍ ആരോപണമുയര്‍ന്നു. ഡയറക്ടറേറ്റില്‍ നിന്നുമുള്ള കത്തുകള്‍ കൗണ്‍സില്‍ യോഗത്തിലും ചെയര്‍പേഴ്‌സനെയും കാണിക്കാതെ പൂഴ്ത്തിവെച്ചതിനെ ചൊല്ലി അമര്‍ഷം പൂണ്ട കൗണ്‍സിലര്‍മാര്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് ഡയസിലെത്തി. എന്നാല്‍, സെക്രട്ടറിയുടെ ആവശ്യപ്രകാരം ഫയല്‍ നല്‍കിയിട്ടുണ്ടെന്നും ക്ലാര്‍ക്ക് പറഞ്ഞെങ്കിലും ഇതൊന്നും വകവെക്കാതെ കൗണ്‍സില്‍ ബഹളമയമാവുകയായിരുന്നു. തുടര്‍ന്ന് 2 മണിക്കുള്ളില്‍ ഫയലുകള്‍ എത്തിക്കാമെന്ന ഉറപ്പിലാണ് കൗണ്‍സിലിലെ ബഹളമവസാനിച്ചത്. കേസുകളുടെയും വിജിലന്‍സ് അന്വേഷണങ്ങളുടെയും ഫയലുകളെല്ലാം കൗണ്‍സില്‍ യോഗത്തില്‍ കാണിച്ച് അനുമതി വാങ്ങാതെ ബന്ധപ്പെട്ടവര്‍ മാറി നടക്കുകയാണെന്ന് ആരോപണമുയര്‍ന്നു. കൗണ്‍സിലിന്റെ അനുമതി വാങ്ങാതെ സെക്രട്ടറി തന്നിഷ്ടപ്രകാരം മറുപടി നല്‍കുന്നത് അഴിമതിയുടെ ഭാഗമാണെന്ന് കൗണ്‍സിലര്‍മാര്‍ ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."