വടകരയില്‍ 60 ബൂത്തുകളില്‍ കള്ളവോട്ട് നടന്നു: കെ.മുരളീധരന്‍
തിരുവനന്തപുരം: വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ 60 ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍.
162 പ്രശ്‌നബാധിത ബൂത്തുകളില്‍ സുരക്ഷാക്രമീകരണം ഒരുക്കുമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍, ഈ ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോ റിട്ടേണിങ് ഓഫിസര്‍മാരോ പൊലിസോ തയാറായില്ല. ഇക്കാര്യത്തില്‍ കോടതിയലക്ഷ്യ ഹരജി നല്‍കും.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും സ്വാതന്ത്ര്യം ലഭിക്കാത്ത ചില പ്രദേശങ്ങള്‍ കേരളത്തില്‍ ഉണ്ടെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ വ്യക്തമായി. വടകരയിലെ പല സ്ഥലങ്ങളിലും ബൂത്ത് ഏജന്റുമാരെ നായ്ക്കുരണപ്പൊടി വിതറി പുറത്താക്കി. പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ സുരക്ഷാക്രമീകരണം ഒരുക്കാതിരുന്ന പോളിങ് ഉദ്യോഗസ്ഥര്‍ ഇടത് സ്ഥാനാര്‍ഥി നിര്‍ദേശിച്ച ബൂത്തുകളിലെല്ലാം കാമറകള്‍ സ്ഥാപിച്ചു.
പി. ജയരാജന്റെ ബൂത്തായ പാട്യം പഞ്ചായത്തിലെ 42-ാം ബൂത്തില്‍ യു.ഡി.എഫ് ഏജന്റിനെ ഇരിക്കാന്‍ അനുവദിച്ചില്ല. റീപോളിങ് ആവശ്യപ്പെടില്ല.
എന്നാല്‍, കള്ളവോട്ട് ചെയ്തവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കും.അസഹിഷ്ണുതയുടെ കാര്യത്തില്‍ ബി.ജെ.പിയെക്കാള്‍ ഒട്ടും പിന്നിലല്ല സി.പി.എമ്മെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ തെളിഞ്ഞു.
സി.പി.എം സംസ്ഥാനത്ത് ചരിത്രത്തില്‍ ഏറ്റവും വലിയ പരാജയമാണ് നേരിടാന്‍ പോകുന്നത്. വടകരയില്‍ 25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."