ടിക്കാറാം മീണ യു.ഡി.എഫ് പ്രചാരണ തന്ത്രത്തിന്റെ ഭാഗമായെന്ന് കോടിയേരി
കണ്ണൂര്‍: മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ യു.ഡി.എഫ് പ്രചാരണ തന്ത്രത്തിന്റെ ഭാഗമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സി.പി.എം പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ കള്ളവോട്ട് ചെയ്‌തെന്ന് പ്രഖ്യാപിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ആരോപണവിധേയരുടെ ഭാഗം കേട്ടില്ലെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ ബൂത്തില്‍ കള്ളവോട്ട് നടന്നുവെന്ന യു.ഡി.എഫ് പ്രചാരണത്തില്‍ മാധ്യമങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറും വീണു. ആരോപണവിധേയരോട് വിശദീകരണം ചോദിക്കാതെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ വിധി പ്രസ്താവിച്ചത്. മാധ്യമവിചാരണയ്ക്കനുസരിച്ചല്ല ഓഫിസര്‍ തീരുമാനമെടുക്കേണ്ടതെന്നും കോടിയേരി കുറ്റപ്പെടുത്തി.
പഞ്ചായത്തംഗം കുറ്റം ചെയ്‌തെന്ന് എന്ത് അടിസ്ഥാനത്തിലാണ് ഓഫിസര്‍ പറയുന്നത്. അയോഗ്യത കല്‍പ്പിക്കാനുള്ള അധികാരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗമായ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്കില്ല. അതിനു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുണ്ട്. ഇതു നിയമപരമായി ചോദ്യംചെയ്യും. ഏതു പരിശോധനയ്ക്കും സി.പി.എം എതിരല്ല. എന്നാല്‍, പരിശോധന ഏകപക്ഷീയമാവരുത്. കള്ളവോട്ടുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് ഉന്നയിച്ച ആക്ഷേപങ്ങളും പുറത്തുവന്ന വിവരങ്ങളും കമ്മിഷന്‍ പരിശോധിക്കണം. പിലാത്തറയില്‍ കള്ളവോട്ട് നടന്നിട്ടില്ല. ഫോറം എം 18 അനുസരിച്ചുള്ള സഹായി വോട്ട് തന്നെയാണ് പിലാത്തറയില്‍ നടന്നത്. അവശത അനുഭവിക്കുന്ന വോട്ടര്‍മാരെ എടുത്തുകൊണ്ടുപോകാന്‍ സാധിക്കാത്തതിനാലാണ് ബൂത്തിനുള്ളില്‍ വോട്ടര്‍ എത്താതിരുന്നത്. അങ്ങനെയുള്ളവരെ എടുത്തുകൊണ്ടുപോകാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സൗകര്യം ഒരുക്കണമായിരുന്നുവെന്നും കോടിയേരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."