ബി.എസ്.പി സ്ഥാനാര്‍ഥി രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു; പിന്തുണ പുനഃപരിശോധിക്കുമെന്ന് മായാവതി
ഭോപ്പാല്‍: മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക്.
ഗുണ ലോക്സഭാ മണ്ഡലത്തില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായ ലോകേന്ദ്ര സിങ് രജപുത്ത് ആണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിനുള്ള പിന്തുണ പുനഃപരിശോധിക്കേണ്ടി വരുമെന്ന് മായാവതി വ്യക്തമാക്കിയതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.
ഗുണയിലെ സിറ്റിങ് എം.പിയും കോണ്‍ഗ്രസ് നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മെയ് 12നാണ് ആറാംഘട്ടത്തില്‍ ഗുണയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
മധ്യപ്രദേശില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത കോണ്‍ഗ്രസ്, ബി.ജെ.പിയേക്കാളും പിന്നിലല്ല തങ്ങളെന്ന് തെളിയിച്ചിരിക്കുകയാണെന്ന് മായാവതി ആരോപിച്ചു.
കോണ്‍ഗ്രസ് നേതൃത്വം ഭീഷണിപ്പെടുത്തിയാണ് എസ്.പി-ബി.എസ്.പി സ്ഥാനാര്‍ഥിയായ ലോകേന്ദ്രയെ രാജിവയ്പിച്ചതെന്ന് ആരോപിച്ച മായാവതി, ഇതിന് തക്കതായ മറുപടി നല്‍കുമെന്നും വ്യക്തമാക്കി. കഴിഞ്ഞ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 230 അംഗ സഭയില്‍ 114 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്.
കേവല ഭൂരിപക്ഷത്തിന് രണ്ട് അംഗങ്ങളുടെ കുറവുണ്ടായ സാഹചര്യത്തില്‍ രണ്ട് ബി.എസ്.പി എം.എല്‍.എമാരുടെയും ഒരു എസ്.പി എം.എല്‍.എയുടെയും നാല് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. 15 വര്‍ഷമായി സംസ്ഥാനം ഭരിച്ചിരുന്ന ബി.ജെ.പിക്ക് 109 സീറ്റുകളാണ് ലഭിച്ചിരുന്നത്. ബി.എസ്.പി-എസ്.പി പിന്തുണ പിന്‍വലിച്ചാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."