മസ്ഊദ് അസ്ഹറിനെ ഭീകരവാദിയായി പ്രഖ്യാപിക്കല്‍: പിന്തുണച്ച് ചൈന
ബെയ്ജിങ്: ജെയ്‌ഷെ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹറിന്റെ കാര്യത്തില്‍ മുന്‍ നിലപാട് മയപ്പെടുത്തി ചൈന. മസ്ഊദ് അസ്ഹറിനെ യു.എന്‍ നിയമമനുസരിച്ച് ഭീകരവാദിയായി പ്രഖ്യാപിക്കുന്നതിനെ ചൈന പിന്തുണയ്ക്കുന്നതായി വിദേശകാര്യമന്ത്രാലയം വക്താവ് ജെങ് ഷുവാങ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മസ്ഊദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കുന്നതിനെ നാലു തവണയാണ് ചൈന സാങ്കേതികത്വം ചൂണ്ടിക്കാട്ടി യു.എന്നില്‍ അട്ടിമറിച്ചത്. ചൈന കൂടി പിന്തുണയ്ക്കുമെന്നുറപ്പായതോടെ മസ്ഊദിനെ യു.എന്‍ ഭീകരനായി പ്രഖ്യാപിക്കും. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ചൈനയിലെത്തി ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഭീകര സംഘടനയായ ജെയ്ഷിനുള്ള പങ്ക് സംബന്ധിച്ച തെളിവുകള്‍ കൈമാറിയിരുന്നു. മസ്ഊദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞാന്‍ അത് ഇന്ത്യയുടെ നയതന്ത്ര വിജയമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് ഫ്രാന്‍സ് കൊണ്ടുവന്ന പ്രമേയത്തെ നേരത്തെ ചൈന അനുകൂലിച്ചിരുന്നില്ല. എന്നാല്‍ ചൈന നിലപാടു മാറ്റത്തിനു തയാറാവുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഫെബ്രുവരി 14ന് കശ്മിരിലെ പുല്‍വാമയിലുണ്ടായ ചാവേര്‍ബോംബ് ആക്രമണത്തില്‍ 40 ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ടതിനു പിറകെയാണ് ഫ്രാന്‍സ് രക്ഷാസമിതിയില്‍ പ്രമേയം കൊണ്ടുവന്നത്. ആക്രമണത്തിന്‍െ ഉത്തരവാദിത്തം മസ്ഊദ് അസ്ഹറിന്റെ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ബ്രിട്ടന്‍, യു.എസ്, റഷ്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ ചൈനയുമായി നടത്തിയ ചര്‍ച്ചയാണ് മസ്ഊദ് അസ്ഹര്‍ വിഷയത്തില്‍ പരിഹാരമുണ്ടാക്കിയതെന്നു വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."