ലഹരി, കള്ളപ്പണമൊഴുക്ക്: സിനിമാമേഖലയിലേക്ക് അന്വേഷണം തിരിച്ച് സ്‌പെഷല്‍ ബ്രാഞ്ച്
കൊച്ചി: കള്ളപ്പണ, മയക്കുമരുന്ന് കേസുകളുടെ അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും. ഇതിന്റെ ഭാഗമായി 2019 -20ല്‍ റിലീസ് ചെയ്ത സിനിമകളുടെ വിവരം തേടി സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത് നല്‍കി.
നിര്‍മാതാക്കളുടെ വിവരങ്ങള്‍ വിജയിച്ച ചിത്രങ്ങളുടെ പട്ടിക, നിര്‍മാണ ചെലവ്, താരങ്ങളുടെ പ്രതിഫലം മുതലായവ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
192 സിനിമകളാണ് 2019 ല്‍ റിലീസ് ചെയ്തത്. കൊവിഡിനെ തുടര്‍ന്ന് 2020 ല്‍ സിനിമാ മേഖല നിശ്ചലമായെങ്കിലും തിയറ്ററുകള്‍ അടയ്ക്കുന്നത് വരെ റിലീസുകളുണ്ടായിരുന്നു. സിനിമാ നിര്‍മാണത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടോ എന്നാണിപ്പോള്‍ പരിശോധിക്കുന്നത്.
അതേസമയം ബംഗളൂരുവില്‍ ലഹരിമരുന്നു കേസില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സി.സി.ബി) അറസ്റ്റു ചെയ്ത നടന്‍ നിയാസ് മുഹമ്മദ് കേരളത്തിലെ റാംപ് ഷോകളിലെ സജീവ സാന്നിധ്യമാണ്. കൊച്ചി, ബംഗളൂരു, ഗോവ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം റാംപ് ഷോകളിലെ പതിവു മോഡലുകളിലൊരാളാണ് ഇദ്ദേഹം. മാത്രമല്ല, ഇവിടങ്ങളിലേക്ക് ഷോകള്‍ക്കായി മോഡലുകളെ എത്തിക്കാറുമുണ്ട്. കോറമംഗലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പബ്ബുകളില്‍ ഒന്നില്‍ ബിസിനസ് പങ്കാളിയാണെന്നും പറയുന്നു.
കൊച്ചി കലൂരില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന ഇദ്ദേഹം ഇവിടെ ജിമ്മുകളില്‍ സ്ഥിരമായി എത്തിയിരുന്നു. അരൂര്‍ സ്വദേശിയാണെന്നാണ് സി.സി.ബിയെ അറിയിച്ചിരുന്നത്. എന്നാല്‍ അരൂരില്‍ ഇദ്ദേഹത്തിന്റെ വീട് കണ്ടെത്താനായില്ലെന്നു പൊലിസ് പറഞ്ഞു. നിയാസ് ബംഗളൂരുവില്‍ സ്ഥിരതാമസം ആക്കിയിട്ട് അഞ്ചു വര്‍ഷത്തിലേറെയായിട്ടുണ്ട്. മോഡലിങിലും അഭിനയത്തിലും സജീവമാകുന്നതിനാണ് ബംഗളൂരുവിലേക്കു ചുവടുമാറ്റുന്നതെന്നാണ് സുഹൃത്തുക്കളെ അറിയിച്ചിരുന്നത്. എറണാകുളം കലൂര്‍ സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നെങ്കിലും പിന്നീട് ആ ബന്ധം ഒഴിഞ്ഞിരുന്നു.
അതേ സമയം മയക്കുമരുന്ന് കടത്ത് കേസില്‍ ബംഗളൂരുവില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് കോടതിയില്‍. മയക്കുമരുന്ന് കേസില്‍ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായവരില്‍ ചിലര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടവരെ സഹായിച്ചെന്ന് സംശയിക്കുന്നതായും ഇ.ഡി വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ റിമാന്‍ഡ് നീട്ടണമെന്നാവശ്യപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കിയത്.
മയക്കുമരുന്ന് കേസില്‍ പിടിയിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരില്‍ നിന്ന് ശേഖരിച്ചുവരികയാണ്. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇ.ഡിയുമായി പങ്കുവയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു ഉന്നതവ്യക്തിയെ ചോദ്യംചെയ്തുവരികയാണ്. ഇനി 20പേരെകൂടി ചോദ്യംചെയ്യേണ്ടതുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. സ്വപ്ന സുരേഷിന് ജാമ്യം അനുവദിച്ചാല്‍ കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും തെളിവുനശിപ്പിക്കാന്‍ ഇടയാകുമെന്നും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് വ്യക്തമാക്കി. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സ്വപ്നയെ കോടതി മുന്‍പാകെ ഹാജരാക്കിയത്. കോടതി സ്വപ്നയെ 14 ദിവസംകൂടി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."