ഇന്ത്യന്‍ രൂപ കൂപ്പുകുത്തുന്നു; ആശങ്കകള്‍ക്കിടയിലും പ്രവാസികള്‍ക്ക് ആശ്വാസം
റിയാദ്: ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായതോടെ വിദേശ വിനിമയ നിരക്കില്‍ വന്‍ ഉയര്‍ച്ച. കുത്തനെ മൂല്യമിടിഞ്ഞ രൂപ ഇന്നലെ ഡോളറിനെതിരെ 70.95 എന്ന നിലവാരത്തിലേക്ക് താഴ്ന്നു. വ്യാഴാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 70.45 ആയിരുന്നത് വെള്ളിയാഴ്ച്ച രാവിലെ വര്‍ധിച്ച് 70.95 ആയി. ഇതോടെ ഇന്ത്യന്‍ രൂപയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ സാമ്പത്തിക ദുരവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഇത് തിരിച്ചു പിടിക്കുകയെന്നത് അസാധ്യമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന. രൂപയുടെ വിലയിടിവ് നാട്ടില്‍ പണപ്പെരുപ്പത്തിനും അതുവഴി വിലക്കയറ്റത്തിനും ഇടയാക്കുമെങ്കിലും വിനിമയ നിരക്കിലെ ഇടിവ് പ്രവാസികള്‍ക്ക് ആശ്വാസകരമാണ്.
അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക ക്രയവിക്രയത്തില്‍ ഇന്ത്യന്‍ രൂപ കൂപ്പുകുത്തുന്നതോടെ ഗള്‍ഫ് കറന്‍സിയുമായുള്ള വിനിമയ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. മലയാളികളടക്കം ലക്ഷക്കണക്കിന് പ്രവാസികളുടെ ആശാ കേന്ദ്രങ്ങളായ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ജോലി ആശങ്കക്കിടയിലും ഇത് തെല്ലരാശ്വാസമാണ് നല്‍കുന്നത്. സഊദി, ഖത്തര്‍, ഒമാന്‍ റിയാലുകളും യു.എ.ഇ ദിര്‍ഹം, ബഹ്‌റിന്‍, കുവൈത്ത് ദിനാറുമെല്ലാം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.
പ്രമുഖ എക്‌സ്‌ചേഞ്ച് വെബ്‌സൈറ്റ് പ്രകാരം സഊദി റിയാല്‍ 18.90 രൂപക്ക് മുകളിലാണ് വിപണനം നടക്കുന്നത്. 19.47 രൂപയിലാണ് ഖത്തര്‍ റിയാലിന് ലഭിക്കുന്നത്. 19.30 ദിര്‍ഹത്തിലാണ് യു.എ.ഇയുടെ നില. കുവൈത്ത് ദിനാറിന് 234.25 രൂപയാണ് ലഭിക്കുന്നത്. ബഹ്‌റൈന്‍ ദിനാര്‍ 188.56 രൂപയും ഒമാനി റിയാല്‍
184.39 രൂപക്കുമാണ് വെള്ളിയാഴ്ച്ച വിപണനം നടക്കുന്നത്. പ്രവാസികള്‍ക്ക് ഇത് ആശ്വാസമാകുന്നുണ്ടെങ്കിലും നാട്ടില്‍ അനുഭവിക്കുന്ന ഭാവി ഭവിഷ്യത്ത് ആശങ്കക്കിട നല്‍കുന്നുണ്ട്.
അതേസമയം കയറ്റുമതിക്കാരാണ് മൂല്യത്തകര്‍ച്ചയില്‍ സന്തോഷിക്കുന്ന മറ്റൊരു കൂട്ടര്‍. വിദേശത്തേക്ക് കയറ്റി അയക്കുന്ന ഐ.ടി സേവനങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവക്ക് മികച്ച വില ലഭിക്കാന്‍ ഇത് ഇടയാക്കും. 2017 ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് രൂപ ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. ലോക കറന്‍സികളില്‍ ഏറ്റവും വേഗത്തില്‍ തകര്‍ച്ച നേരിടുന്നത് രൂപയാണെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു. മൂല്യം കൂടുതല്‍ തകരുമ്പോള്‍ കെട്ടുകണക്കിനു പൈസ വേണ്ടിവരും ഓരോ ആവശ്യങ്ങള്‍ക്കും.
ഇറക്കുമതിച്ചെലവു കൂടുന്നതാണ് രൂപയുടെ മൂല്യത്തകര്‍ച്ച വരുത്തുന്ന പ്രധാന ആഘാതം. ഇറക്കുമതിയെ ആശ്രയിക്കുന്ന വ്യവസായവും കച്ചവടവും പ്രതിസന്ധിയിലാകും. ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ കൊണ്ടു നിര്‍മിക്കുന്ന സാധനങ്ങളുടെ വിലയും വലിയ തോതില്‍ കൂടും. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വിടവ് (കറന്റ് അക്കൗണ്ട് കമ്മി) കൂടുന്നത് വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിക്കും. പെട്രോള്‍, ഡീസല്‍ വിലകള്‍ ഇനിയും കുതിക്കാന്‍ ഇതു വഴിയൊരുക്കും. ഉയര്‍ന്ന ഇന്ധന വില ചരക്കുനീക്കത്തിന്റെ ചെലവു കൂട്ടും. പച്ചക്കറികളുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റമാണ് ഇതിന്റെ ഫലം.
വിദേശ രാജ്യങ്ങളിലേക്ക് പഠനാവശ്യത്തിനായും വിനോദത്തിനായുമുള്ള യാത്രകള്‍ക്കും ചെലവേറും. ഈ വര്‍ഷം ഇത് വരെ 9.76 ശതമാനം ഇടിവാണ് ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ നേരിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."