പിന്തുണ പുനഃപരിശോധിക്കുമെന്ന മായാവതിയുടെ ഭീഷണി: അനുനയ നീക്കവുമായി കമല്‍നാഥ്
ഭോപ്പാല്‍: മധ്യപ്രദേശിലെ ബി.എസ്.പി സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനുള്ള പിന്തുണ പുനഃപരിശോധിക്കുമെന്നുള്ള മായാവതിയുടെ ഭീഷണിക്ക് പിന്നാലെ അനുനയ നീക്കവുമായി മുഖ്യമന്ത്രി കമല്‍നാഥ്.
ബി.എസ്.പിക്ക് എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും ബി.ജെ.പിക്ക് എതിരേ പോരാടുകയെന്നുള്ളതാണ് എല്ലാ പാര്‍ട്ടികളുടെയും പൊതു ലക്ഷ്യമെന്ന് കമല്‍നാഥ് പറഞ്ഞു.
കോണ്‍ഗ്രസിനെ പോലെ മായാവതിയുടെ പാര്‍ട്ടിക്കും ബി.ജെ.പിയെ പുറത്താക്കുകയെന്നുള്ളതാണ് പൊതു ലക്ഷ്യം. കോണ്‍ഗ്രസിന്റെയും ബി.എസ്.പിയുടെയും ആശയങ്ങള്‍ ഒന്നാണ്. ബി.ജെ.പിയെ പുറത്താക്കുകയെന്നുള്ളതിലാണ് ഇപ്പോഴത്തെ മുഖ്യ ശ്രദ്ധ.
ബി.എസ്.പിയുമായി ഭിന്നതയില്ലെന്നും തെറ്റിദ്ധാരണകളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുണ ലോക്സഭാ മണ്ഡലത്തില്‍ ബി.എസ്.പി സ്ഥാനാര്‍ഥി ലോകേന്ദ്ര സിങ് രജപുത്ത് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശ് സര്‍ക്കാരിന് ഭീഷണിയുമായി മായാവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.
മധ്യപ്രദേശില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത കോണ്‍ഗ്രസ്, ബി.ജെ.പിയേക്കാളും പിന്നിലല്ല തങ്ങളെന്ന് തെളിയിച്ചിരിക്കുകയാണെന്ന് മായാവതി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."