ഒരൊറ്റ സീറ്റ്പോലും കേരളത്തിനില്ല
കൊണ്ടോട്ടി: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രന്യൂനപക്ഷ മന്ത്രാലയം എന്നിവര്‍ക്കുളള ഹജ്ജ് ക്വാട്ട വീതം വച്ചപ്പോള്‍ കേരളത്തിന് കടുത്ത അവഗണന. രാഷ്ട്രപതിയുടെ ക്വാട്ടയില്‍ നൂറ് സീറ്റും, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ക്വാട്ടയില്‍ 75 സീറ്റുകള്‍ വീതവും കേന്ദ്രന്യൂനപക്ഷ മന്ത്രാലയത്തിന് 50 സീറ്റുമടക്കം 300 ഹജ്ജ് ക്വാട്ടയാണ് വീതം വച്ചത്. ഇതില്‍ കേരളത്തിന് ആകെ ലഭിച്ചത് അഞ്ച് സീറ്റുകള്‍ മാത്രമാണ്. ശേഷിക്കുന്നവയെല്ലാം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ് ലഭിച്ചത്.
രാഷ്ട്രപതിയുടെ നൂറ് സീറ്റില്‍ കേരളത്തില്‍ നിന്ന് ഒരാള്‍ക്ക് മാത്രമാണ് അനുമതി ലഭിച്ചത്. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ സീറ്റുകളില്‍ ഒരെണ്ണവും കേരളത്തിന് നല്‍കിയില്ല. എന്നാല്‍ ന്യൂനപക്ഷ മന്ത്രാലയത്തിന് ലഭിച്ച ക്വാട്ടയില്‍ നാലു സീറ്റുകള്‍ കേരളത്തിന് ലഭ്യമായി.
രാഷ്ട്രപതി ക്വാട്ടയില്‍ മഹാരാഷ്ട്രക്ക് 25 ഹജ്ജ് സീറ്റുകള്‍ ലഭിച്ചു. ഗുജറാത്തിനും മധ്യപ്രദേശിനും 13 സീറ്റുകളും ലഭിച്ചു. രാജസ്ഥാന്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ജാര്‍ഖണ്ഡ്, ഡല്‍ഹി, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് മറ്റു സീറ്റുകള്‍ നല്‍കിയത്. ഇതില്‍ കേരളത്തിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ഉപരാഷ്ട്രപതി ക്വാട്ടയില്‍ 25 സീറ്റുകള്‍ ലഭിച്ചത് തെലങ്കാനക്കാണ്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവക്കാണ് ബാക്കിയുള്ള സീറ്റുകള്‍. പ്രത്യേകം കത്ത് നല്‍കിയവര്‍ക്കാണ് ഉപരാഷ്ട്രപതി ക്വാട്ട വീതിച്ചത്.
പ്രധാനമന്ത്രി ഹജ്ജ് ക്വാട്ടയില്‍ 18ഉം ലഭിച്ചത് ഡല്‍ഹിക്കാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന് എന്നിവക്കും സീറ്റുകള്‍ നല്കി. ഇതിലും കേരളത്തെ പാടെ തഴഞ്ഞു.
കേന്ദ്ര ന്യൂനപക്ഷ വിഭാഗത്തിന് നല്കുന്ന 50 ഹജ്ജ് സീറ്റില്‍ കേരളത്തിന് നാലു സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഡല്‍ഹിക്ക് 17 സീറ്റുകളാണ് ലഭിച്ചത്. ഇതില്‍ ശേഷിക്കുന്ന സീറ്റുകള്‍ മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കും ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."